'ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു; എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍
ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്?
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം കോടികള്‍ക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടതി അടിവരയിട്ടുവെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
'ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികള്‍ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്?', വി.ഡി. സതീശന്‍ ചോദിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ മാത്രം കേസെടുക്കാനാകില്ല. അതിന് കൂട്ടുനിന്ന ദേവസ്വം ബോര്‍ഡിലേയും സര്‍ക്കാരിലേയും വമ്പന്മാര്‍കൂടി കേസില്‍ അകപ്പെടും. അതുകൊണ്ട് വിഷയമറിഞ്ഞിട്ടും മൂടിവെച്ചു. ഇതെല്ലാം അറിയുന്ന സര്‍ക്കാര്‍ 2025-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത കളവിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്, വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'സ്വര്‍ണം ബാക്കിയായിട്ടുണ്ട്. അത് വിറ്റ് കല്യാണം നടത്തിക്കൊടുക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്‍. വാസുവിന് മെയില്‍ അയച്ചത്. സിപിഎമ്മിന്റെ അടുത്ത ആളാണ് എന്‍. വാസു. ആ ആള്‍ക്ക് ഇതെല്ലാം അറിയാം. എല്ലാം മറച്ചുവെക്കുകയാണ്. കോടികള്‍ക്കാണ് ദ്വാരപാലക ശില്പം വിറ്റത്. അത് എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണം', വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.