സിപിഎമ്മിന് വലുത് ബിജെപി, എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമെന്ന് പ്രതിപക്ഷ നേതാവ്

സിപിഎമ്മിന് വലുത് ബിജെപി, എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ

Update: 2025-10-24 08:23 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി കേരളം സഹകരിക്കുന്നത് നിരുപാധികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സിപഐയെ പരിഹസിച്ചു കൊണ്ടാണ് സതീശന്‍ സംസാരിച്ചത്.

എല്‍ഡിഎഫിലെ പ്രധാന പാര്‍ട്ടിയായ സിപിഐ പോലും അറിയാതെയാണ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. മന്ത്രിസഭയിലും മുന്നണിയിലും ഒരു ചര്‍ച്ച പോലും നടത്തിയില്ല. സിപിഐയേക്കാള്‍ സിപിഎമ്മിന് വലുത് ബിജെപിയാണെന്ന് തിരൂമാനത്തിലൂടെ വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതിയുടെ ഭാഗമാകാന്‍ സിപിഎമ്മിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിഎം ശ്രീയില്‍ താനുള്‍പ്പെടെ അഭിപ്രായം പറഞ്ഞത് പാര്‍ട്ടിയുടെ ദേശീയ നയത്തിന് അനുസരിച്ചാണ്. പദ്ധതിക്ക് പണം വാങ്ങിക്കുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങള്‍ ഒപ്പുവച്ചപ്പോള്‍ നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. കേരളം ഇപ്പോള്‍ പദ്ധതിയില്‍ ഒപ്പുവച്ചിരിക്കുന്നത് നിബന്ധനകളില്‍ എതിര്‍പ്പ് അറിയിക്കാതെയാണ്. കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്ക് നിരുപാധികം കീഴടങ്ങുന്നതിലാണ് പ്രതിപക്ഷത്തിന് എതിര്‍പ്പുള്ളത്, പണം വാങ്ങിക്കരുതെന്ന് പറയുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

നാണക്കേട് സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ ആണെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. സിപിഐ എല്‍ഡിഎഫ് വിടാനുള്ള തീരുമാനം എടുത്താല്‍ സ്വാഗതം ചെയ്യണമോയെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തി. വല്യേട്ടന്‍ അടിച്ചമര്‍ത്തലില്‍ നില്‍ക്കേണ്ട കാര്യം സിപിഐക്കില്ല. യുഡിഎഫില്‍ എത്തിയാല്‍ സിപിഐക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു.

Tags:    

Similar News