ശബരിമല സ്വര്‍ണാപഹരണം: സുപ്രധാനമായ ചില അറസ്റ്റുകള്‍ ഒഴിവാക്കാന്‍ എസ്ഐടിക്ക് മേല്‍ സമ്മര്‍ദമെന്ന് വി.ഡി. സതീശന്‍; കടകംപള്ളിയുടെ മാനം രണ്ടു കോടിയില്‍ നിന്ന് 10 ലക്ഷമായി ഇടിഞ്ഞു; സ്വപ്ന സുരേഷിനെതിരേ എന്തു കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം
ശബരിമല സ്വര്‍ണാപഹരണം: സുപ്രധാനമായ ചില അറസ്റ്റുകള്‍ ഒഴിവാക്കാന്‍ എസ്ഐടിക്ക് മേല്‍ സമ്മര്‍ദമെന്ന് വി.ഡി. സതീശന്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണാപഹരണ കേസില്‍ തെരഞ്ഞെടുപ്പ് കാലത്ത് സുപ്രധാനമായ ചില അറസ്റ്റുകള്‍ ഒഴിവാക്കാന്‍ എസ്ഐടിക്ക് മുകളില്‍ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സമ്മര്‍ദമില്ലെങ്കില്‍ ഇപ്പോള്‍ ഒരു വലിയ അറസ്റ്റ് ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു: പത്തനംതിട്ട പ്രസ് ക്ലബ്ല് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന എസ് ഐ ടി യുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വളരെ ഗൗരവത്തോടെ ചര്‍ച്ചയാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാരാണ് ജയിലില്‍ കഴിയുന്നത്. പക്ഷെ സിപിഎം അവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല. നടപടി എടുത്താല്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ പറയുമോ എന്ന ഭയമാണ് സിപിഎമ്മിന് ഉള്ളത്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികള്‍ ഒരു കോടീശ്വരന് വിറ്റു എന്ന ആരോപണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് അജണ്ടയില്‍ നിന്നും മാറ്റാനുള്ള സിപിഎമ്മിന്റെ വൃഥാ ശ്രമങ്ങളുടെ ഭാഗമായാണ് രാഹുല്‍ വിഷയം വീണ്ടും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. രാഹുല്‍ വിഷയത്തില്‍ അതിശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ഒരാളെ ശിക്ഷിക്കാനാവില്ല. നിയമനടപടി എടുക്കേണ്ടത് പോലീസാണ്. ബലാല്‍സംഗ കേസില്‍ പ്രതിയായ ആളിനെതിരെ പോലും സിപിഎം നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളെ സംരക്ഷക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭയപ്പെടുത്താനാണ് ഇപ്പോള്‍ ഇ.ഡി നോട്ടീസ് അയച്ചതെന്ന് സതീശന്‍ പറഞ്ഞു. കേരളത്തിന്റെ കാര്യത്തില്‍ ഇഡി ഒരു നടപടിയും സ്വീകരിക്കില്ല. മസാല ബോണ്ട് ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട്. 2150 കോടി രൂപക്ക് 5 കൊല്ലം കൊണ്ട് പകുതിയോളം വരുന്ന തുകയായ 1045 കോടി രൂപയാണ് പലിശ അടച്ചത്. 9 72 % പലിശക്കെടുത്ത തുക 6% പലിശ കിട്ടുന്ന ബാങ്കില്‍ കൊണ്ടുവന്നിട്ടും കോടികള്‍ നഷ്ടപ്പെടുത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1% മുതല്‍ 1.5 % വരെ പലിശക്ക് വായ്പ ലഭിക്കുമെന്നിരിക്കെയാണ് 9. 72 % പലിശക്ക് എസ് എന്‍ സി ലാവ്ലിന്‍ ബന്ധമുള്ള കമ്പനിയില്‍ നിന്നും വായ്പയെടുത്തത്. ഭരണഘടനാ ലംഘനമാണ് മസാല ബോണ്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.
കടകംപള്ളി സുരേന്ദ്രന്‍ തനിക്കെതിരെ മാനനഷ്ടത്തിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് വക്കില്‍ നോട്ടീസ് അയച്ചു. പിന്നീട് കോടതിയിലെത്തിയപ്പോള്‍ മാനത്തിന് 10 ലക്ഷം രൂപ മാത്രമാണ് ആവശ്യപ്പെട്ടത്. സ്വപ്നാ സുരേഷ് ഏറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കടകം പള്ളി സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ് വന്നാല്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്നും ബദല്‍ എന്താണ് എന്നും വ്യക്തമാക്കുന്ന മാനിഫെസ്റ്റോ മുന്‍നിര്‍ത്തിയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സംസ്ഥാനത്ത് യുഡിഎഫ് വന്‍ തിരിച്ചു വരവ് നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ സ്വാഗതവും സെക്രട്ടറി ജി. വിശാഖന്‍ നന്ദിയും പറഞ്ഞു.
