എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവും; മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ക്കു നേരെ ഉണ്ടായ സിപിഎം ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ്; നടപടി ആവശ്യപ്പെട്ട് കെപിസിസിയും
എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവും
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും പ്രവര്‍ത്തകരെയും ആക്രമിച്ച സി.പി.എമ്മുകാരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും നാട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരേ അക്രമം തുടരാനാണ് തീരുമാനമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സി.പി.എം കേരളത്തിന്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവുമെന്നും അദ്ദേഹം ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണമാണ് സിപിഎം വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. അക്രമണം നടക്കുമ്പോള്‍ പോലീസ് വെറും കാഴ്ചക്കാര്‍ മാത്രമാവുകയാണ്. കള്ളവോട്ടും അക്രമവും നടത്തി ജാനധിപത്യത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഇതിന് പോലീസ് സൗകര്യം ഒരുക്കുകയാണ്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കള്ളവോട്ട് രേഖപ്പെടുത്താനുള്ള സിപിഎം നീക്കം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിന്റെ പകയാണ് ആക്രമണത്തിന് മറ്റൊരു കാരണം. സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരും ചില സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനില്‍ക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിണറായി വിജയന്റെ നിയമസഭ മണ്ഡലമായ ധര്‍മടത്തെ വേങ്ങാട് പഞ്ചായത്ത് പതിനാറാം വര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷീനയെയും പോളിങ് ഏജന്റ് നരേന്ദ്രബാബുവിനെയുമാണ് പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം ആക്രമിച്ചത്. നരേന്ദ്രബാബുവിന്റെ ഓഫീസും വാഹനവും തല്ലിത്തകര്‍ത്തു. വോട്ടെടുപ്പ് ദിനത്തില്‍ സാദിഖ് എന്ന പ്രവര്‍ത്തകനെയും സി.പി.എം ആക്രമിച്ചിരുന്നു. ആ സംഭവത്തിലും പൊലീസ് നടപടി എടുത്തിട്ടില്ലെന്നാണ് ആരോപണം.
