'ഷാഫിയുടെ ഷോയാണ് നമ്മള്‍ ഇന്നലെ അവിടെ കണ്ടത്'; വഴിയില്‍ കൂടി നടക്കുന്ന ഷാഫിക്കാണോ മര്‍ദനമേറ്റത്? നൂറുകണക്കിന് ക്രിമിനല്‍ സംഘത്തെ ഇറക്കിയിട്ട് അവിടെ അക്രമത്തിന് പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ് മര്‍ദനമേറ്റത്; പോലീസിന് നേരെ ബോധപൂര്‍വ്വം കയ്യേറ്റം നടത്തി: ആരോപണവുായി വി കെ സനോജ്

'ഷാഫിയുടെ ഷോയാണ് നമ്മള്‍ ഇന്നലെ അവിടെ കണ്ടത്';

Update: 2025-10-11 07:23 GMT

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് മര്‍ദിച്ചതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയില്‍ കണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'അവിടെ വഴിയില്‍ കൂടി നടന്നു പോകുമ്പോഴാണോ ഷാഫി പറമ്പിലിന് മര്‍ദനമേറ്റത്? അല്ല. പരിപാടിയില്‍ പങ്കെടുക്കുന്ന സമയത്താണ്. നൂറുകണക്കിന് ക്രിമിനല്‍ സംഘത്തെ ഇറക്കിയിട്ട് അവിടെ അക്രമത്തിന് പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ് മര്‍ദനമേറ്റത്. പോലീസിന് നേരെ ബോധപൂര്‍വ്വം ഈ സംഘം കയ്യേറ്റം നടത്തി. ഈ സംഘത്തിനിടയിലാണ് ഷാഫി ഉണ്ടായിരുന്നത്' -സനോജ് പറഞ്ഞു.

'ഷാഫിയും സംഘവും കൂടി പൊലീസിന് നേരെ കയ്യേറ്റം നടത്തുന്ന നിരവധി വിഡിയോ ദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അത്തരം സാഹചര്യത്തില്‍ പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കണോ? സ്വാഭാവികമായിട്ടും പൊലീസ് പ്രതിരോധിക്കില്ലേ? കോണ്‍ഗ്രസുകാര്‍ ഷാഫിയെ കാത്തിട്ട് ഒന്നര മണിക്കൂര്‍ ഗതാഗത തടസ്സം ഉണ്ടാക്കി പേരാമ്പ്ര ഉപരോധിച്ചു. സ്വാഭാവികമായിട്ടും പൊലീസ് അവിടെ ഇടപെടണമായിരുന്നു. ഗുണ്ടാസംഘവുമായി നടക്കുന്ന ഒരു നേതാവാണ് ഷാഫി പറമ്പില്‍' -സനോജ് പറയുന്നു.

അതിനിടെ, പേരാമ്പ്രയില്‍ കണ്ണീര്‍വാതക പ്രയോഗത്തിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റതെന്ന പൊലീസ് വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പ്രവര്‍ത്തകര്‍ അടക്കമുള്ള ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഷാഫിയെ പൊലീസ് ലാത്തി ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പേരാമ്പ്രയില്‍ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ അനുനയിപ്പിക്കാനെത്തിയതാണ് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍. ഇതിനിടെ, മുഖാമുഖം നിന്ന പൊലീസുകാര്‍ ഷാഫിയുടെ തലയ്ക്കും മുഖത്തും ലാത്തികൊണ്ട് ആവര്‍ത്തിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ഇതിലുണ്ട്.

എന്നാല്‍, മര്‍ദിച്ചി?ട്ടില്ലെന്നും ടിയര്‍ ഗ്യാസ് പൊട്ടിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാകാം എന്നുമാണ് പൊലീസ് പറഞ്ഞത്. ഈ വാദം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിഡിയോ ദൃശ്യം. ഷാഫി പറമ്പിലിന്റെ തലയ്ക്കും മുഖത്തും പൊലീസ് ലാത്തി ഉപയോഗിച്ച് മനഃപൂര്‍വം മര്‍ദിച്ചെന്ന് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

തല്ലുന്ന പൊലീസുകാരന്റെയും എംപിയുടേയും മുഖവും ലാത്തിയടിയും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പൊലീസ് അതിക്രമത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് ഷാഫി പറമ്പിലിനെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങള്‍.

പുതിയ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

Tags:    

Similar News