കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിക്കാനാവില്ല; പരിക്കേല്‍ക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല; ഇനി കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലത്; ഷാഫിക്ക് മര്‍ദ്ദനമേറ്റതില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ

കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിക്കാനാവില്ല;

Update: 2025-10-12 13:47 GMT

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.പിയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു മന്ത്രി വി ശിവന്‍കുട്ടി. സമരം ചെയ്യുമ്പോള്‍ പരിക്കേല്‍ക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇനി കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലതെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. സമരം ഉണ്ടാകുമ്പോള്‍ സംഘര്‍ഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമൊക്കെ പണ്ട് മുതലേയുള്ള കാര്യമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പൊലീസ് കൈകാര്യം ചെയ്യും. അത് ഞാന്‍ സമരം ചെയ്ത കാലത്തും അങ്ങനെയാണ്. ചില ചാനലുകള്‍ ഷാഫിക്ക് പരുക്കേറ്റു എന്ന് വാര്‍ത്ത കൊടുക്കുന്നത് കണ്ടാല്‍ തോന്നും ഇതൊക്കെ കേരളത്തില്‍ ആദ്യമായി നടക്കുന്നതാണെന്ന്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ല. വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് വന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എത്രയോ ആരോപണങ്ങള്‍ ഇതുപോലെ വന്നിരിക്കുന്നു, മകള്‍ക്കെതിരായ ആരോപണവുമായി കോടതിയില്‍ പോയിട്ട് സുപ്രീംകോടതി അത് വലിച്ച് കീറിയില്ലേ പ്രതിപക്ഷം എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്. പ്രതിപക്ഷത്തിന് ഇപ്പോള്‍ ആകെ സമനില തെറ്റിയിരിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിനെ പ്രതിചേര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം വിഷയത്തില്‍ പാര്‍ട്ടിക്കാരന്‍ എന്ന പരിഗണന ഉണ്ടാകില്ല. അന്വേഷണം എന്തായാലും നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News