'രക്തസാക്ഷി സ്തൂപം തകര്‍ത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്, ഈ ക്രിമിനലുകളുടെ നേതാക്കളാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്'; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകര്‍ത്തതില്‍ സിപിഎമ്മിനെതിരെ വി ടി ബല്‍റാം

രക്തസാക്ഷി സ്തൂപം തകര്‍ത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്

Update: 2025-05-08 07:44 GMT

പാലക്കാട്: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകര്‍ത്ത സംഭവത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. കണ്ണൂരിലെ മലപ്പട്ടത്ത് വിമുക്തഭടന്‍ കൂടിയായ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ട് മാസം മുമ്പ് സ്വന്തം സ്ഥലത്ത് സ്ഥാപിച്ച രക്തസാക്ഷി സ്തൂപം സി.പി.എമ്മുകാര്‍ ഒരു കല്ല് പോലും ബാക്കിവെക്കാതെ തകര്‍ത്തെന്നും ഇവരാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നതെന്നും വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

'സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലുള്‍പ്പെടുന്നതാണ് മലപ്പട്ടം പഞ്ചായത്ത്. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് സി.പി.എം ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചത്. ഉദ്ഘാടന പ്രസംഗം നടക്കുമ്പോള്‍ത്തന്നെ തൊട്ടപ്പുറത്ത് സി.പി.എം അതിനേക്കാളുച്ചത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ്, കൂവല്‍. പിന്നീട് കല്ലേറ്, കുപ്പിയേറ്. പുറത്തുനിന്ന് കൂടുതല്‍ പൊലീസെത്തിയതിന് ശേഷമാണ് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരടക്കമുള്ളവരെ പൊലീസ് ജീപ്പില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ഇതാണ് തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ സി.പി.എം.'-വി.ടി ബല്‍റാം പറഞ്ഞു.

വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'ഫോട്ടോയില്‍ ഇടതുവശത്ത് കാണുന്നത് കണ്ണൂരിലെ മലപ്പട്ടത്ത് രണ്ട് മാസം മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം. വലത് വശത്ത് മുകളില്‍ കാണുന്നത് ഇന്നലെ രാത്രി സിപിഎമ്മുകാര്‍ അത് പൂര്‍ണ്ണമായി തല്ലിത്തകര്‍ത്തതിന് ശേഷമുള്ള അവസ്ഥ. വലത് വശത്ത് താഴെയുള്ളത് സ്തൂപം സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വിമുക്തഭടന്‍ കൂടിയായ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സനീഷിന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തതിന് ശേഷം.

ഓര്‍ക്കുക, പൊതുസ്ഥലത്തോ റോഡ് കയ്യേറിയോ അല്ല സ്വന്തം സ്ഥലത്തായിരുന്നു സനീഷും കൂട്ടരും സ്തൂപം നിര്‍മ്മിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നവരുടെ സ്മരണാര്‍ത്ഥമുള്ള സ്തൂപമായിരുന്നു അവിടെ ഉയര്‍ന്നത്. അതാണ് പ്രകടനമായി വന്ന് സിപിഎം ക്രിമിനലുകള്‍ ഒരു കല്ല് പോലും അവശേഷിക്കാതെ പൊളിച്ചുനീക്കിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലുള്‍പ്പെടുന്നതാണ് മലപ്പട്ടം പഞ്ചായത്ത്. ചരിത്രത്തിലിന്നേവരെ മറ്റാരെയും തെരഞ്ഞെടുപ്പുകളില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോലും അനുവദിക്കാതെ പൂര്‍ണ്ണമായും 'എതിരില്ലാതെ'യാണ് സിപിഎം അവിടെ പഞ്ചായത്ത് ഭരിക്കാറുള്ളത്. ആദ്യമായി കോണ്‍ഗ്രസിന് നോമിനേഷന്‍ കൊടുക്കാനും അല്‍പ്പസമയമെങ്കിലും ബൂത്തിലിരിക്കാനും അവസരമുണ്ടായത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രമാണ്, അതുകൊണ്ട് മാത്രം ഒരു സീറ്റ് ജയിക്കാനും കഴിഞ്ഞു.

ഇന്നലെത്തെ സിപിഎം അക്രമത്തിനെതിരെ ഇന്നവിടെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തേയും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചു. ഉദ്ഘാടന പ്രസംഗം നടക്കുമ്പോള്‍ത്തന്നെ തൊട്ടപ്പുറത്ത് സിപിഎം വക അതിനേക്കാളുച്ചത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ്, കൂവല്‍. പിന്നീട് കല്ലേറ്, ?കുപ്പിയേറ്. പുറത്തുനിന്ന് കൂടുതല്‍ പോലീസെത്തിയതിന് ശേഷമാണ് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരടക്കമുള്ളവരെ പോലീസ് ജീപ്പില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്.

ഇതാണ് തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ സിപിഎം. ഈ ക്രിമിനലുകളുടെ നേതാക്കളാണ് മാഷും ടീച്ചറുമൊക്കെയായി നന്മമരം കളിക്കുന്നത്. ഇവരാണ് ലോക സമാധാനത്തിന് വേണ്ടി ബജറ്റില്‍ പണം നീക്കിവക്കുന്നത്. ഇവരാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്.'

Tags:    

Similar News