'മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുന്നു; ഇടതുസര്‍ക്കാര്‍ പോലും മുസ്ലിം ലീഗിന് മുന്നില്‍ മുട്ടിലിഴയേണ്ട സ്ഥിതി; നാല് സീറ്റുകള്‍ മധ്യകേരളത്തിലും നേടുകയെന്നതാണ് ലക്ഷ്യം, 25 സീറ്റ് വരെ കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍; വിരുന്നു വന്നവര്‍ വീട്ടുകാരായി; വീട്ടുകാര്‍ പെരുവഴിയിലും'; വിവാദ പ്രസംഗം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി വീണ്ടും
'മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുന്നു
ആലുവ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിവാദ പ്രസംഗങ്ങളുമായി മുന്നോട്ട്. കാന്തപുരത്തെയും മുസ്ലിം രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങളെയും വിമര്‍ശിച്ചു കൊണ്ടുള്ള പ്രസംഗം ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി. വിവാദ പ്രസംഗത്തിനെിതിരെ വിമര്‍ശനം കടുക്കുമ്പോഴും പിന്നോട്ടില്ലാതെയാണ് വിവാദ പ്രസംഗങ്ങള്‍ വെള്ളാപ്പള്ളി അവര്‍ത്തിക്കുന്നത്.
മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വീണ്ടും പറഞ്ഞു. മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്‌റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളം അവര്‍ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില്‍ ആലുവ യൂണിയന്‍ സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലിംലീഗിനെ ഉന്നമിട്ട് വെള്ളാപ്പള്ളി രംഗത്തു വന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ പോലും മുസ്ലിം ലീഗിന് മുന്നില്‍ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലബാറിന് പുറമേ നാല് സീറ്റുകള്‍ മധ്യകേരളത്തിലും വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിരുന്നു വന്നവര്‍ വീട്ടുകാരും വീട്ടുകാര്‍ പുറമ്പോക്കിലുമായെന്നും മുസ്ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാര്‍ട്ടിക്കുമില്ല. മുസ്ലിം സമുദായം എന്തെങ്കിലും പറഞ്ഞാല്‍ ഇവര്‍ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരള കോണ്‍ഗ്രസ് പറഞ്ഞാലും ഇവര്‍ മിണ്ടില്ല. അവര്‍ക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതപണ്ഡിതന്മാര്‍ ആണ് കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സര്‍വ്വേ എടുക്കുമ്പോള്‍ സാമ്പത്തിക സര്‍വ്വേ കൂടി വേണം. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവര്‍ ആയാലും പരമാവധി ഈഴവരെ അധികാരത്തില്‍ എത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്‍ഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തെ പേര് എടുത്ത് പറയാതെ സിപിഎം ഇന്ന് തള്ളിയിരുന്നു. എസ്എന്‍ഡിപി മുന്നോട്ട് പോകേണ്ടത് മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ്. ഏതൊരു ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാക്കരുതെന്നും സിപിഎം വ്യക്തമാക്കുന്നു. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെല്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ജാഗ്രത പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കാന്തപുരം കുന്തവുമായി വന്നാലും പറയാനുളളത് താന്‍ പറയുമെന്നാണ് രാവിലെ വെള്ളാപ്പളളി നടേശന്‍ പറഞ്ഞത്. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. വര്‍ഗീയ പരാമര്‍ശങ്ങള്‍ വെള്ളാപ്പള്ളി ആവര്‍ത്തിക്കുമ്പോഴും ചരിത്രം സൃഷ്ടിച്ച ദീര്‍ഘദര്‍ശിയാണ് വെള്ളാപ്പള്ളിയെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്റെ വിശേഷണം.
അതേസമയം വെള്ളാപ്പള്ളി നടേശന്‍ ഇടക്കിടെ ഓരോന്ന് പറയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചിരുന്നു. അതൊന്നും ജനങ്ങള്‍ ഏറ്റെടുക്കില്ല. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണ്. സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു.
പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പലയിടത്തും പലതും പറയേണ്ടി വരുന്നത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്തുന്നതാണ് നല്ലത്. അല്ലാതെ വിദ്വേഷം പരത്താന്‍ ശ്രമിക്കുകയല്ലല്ലോ വേണ്ടത്. മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ കാര്യത്തില്‍ അര്‍ത്ഥവത്താണെന്നും സാദിഖലി വ്യക്തമാക്കി.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്തുവന്നിരുന്നു. രണ്ടു ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറും എന്നും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പിഎംഎ സലാം. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് അത് കേള്‍ക്കുന്നവര്‍ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സില്‍ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാല്‍ സുഖമാകും എന്നും സലാം പറഞ്ഞു.