യുഡിഎഫിന്റെ ഭാഗമാകുമെന്ന വാര്‍ത്ത അറിയുന്നത് മാധ്യമങ്ങള്‍ വഴി; കാമരാജ് കോണ്‍ഗ്രസും വിഎസ്ഡിപിയും രണ്ടാണ്, അപേക്ഷ ഉണ്ടെങ്കില്‍ വി ഡി സതീശന്‍ പുറത്ത് വിടണമെന്ന് ചന്ദ്രശേഖറിന്റെ വെല്ലുവിളി; 'വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഇങ്ങോട്ട് സമീപിച്ചത്, ആഗ്രഹമില്ലെങ്കില്‍ അദ്ദേഹത്തിന് പോകാം' എന്ന് സതീശന്റെ മറുപടിയും; നാണക്കേടായി മുന്നണി വിപുലീകരണം
യുഡിഎഫിന്റെ ഭാഗമാകുമെന്ന വാര്‍ത്ത അറിയുന്നത് മാധ്യമങ്ങള്‍ വഴി
തിരുവനന്തപുരം: മുന്നണി വിപുലീകരണം ലക്ഷ്യമിട്ട യുഡിഎഫിനും പ്രതിപക്ഷ നേതാവിനും തിരിച്ചടിയായി കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനം. താന്‍ യുഡിഎഫിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് വിഷ്ണുപുരം തുറന്നടിച്ചത് മുന്നണിക്ക് നാണക്കേടായി മാറി. താന്‍ യുഡിഎഫിലെത്തുമെന്ന വാര്‍ത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാന്‍ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനാണ്, ഞാന്‍ യുഡിഎഫിലേക്ക് എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു വ്യക്തമാക്കി.
കാമരാജ് കോണ്‍ഗ്രസും വിഎസ്ഡിപിയും രണ്ടാണ് അപേക്ഷ ഉണ്ടെങ്കില്‍ വി ഡി സതീശന്‍ പുറത്ത് വിടണം. അപേക്ഷ ഞാന്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലേക്ക് എടുക്കണം എന്ന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വെല്ലുവിളിച്ചു. എന്‍ഡിഎയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാന്‍ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എന്‍ഡിഎ മുന്നണിയുമായി പല അതൃപിതികളുമുണ്ടെങ്കിലും അതില്‍ നിന്ന് ചാടിപ്പോകാന്‍ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയും എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നു. സി. കെ ജാനു നിലവില്‍ യുഡിഎഫിന്റെ അസ്സോസിയേറ്റ് അംഗത്വം സ്വാഗതം ചെയ്തിട്ടുണ്ട്.
എന്‍ഡിഎ ഘടക കക്ഷികളോട് കാണിക്കുന്ന സമീപനം ഒരാള്‍ക്കും ഉള്‍ക്കൊളളാന്‍ കഴിയാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നൂറോളം സീറ്റുകള്‍ ബിസിജെഎസിന് കൊടുത്തതില്‍ അവര്‍ വിജയിച്ചില്ല. ഞങ്ങള്‍ക്ക് നാല് സീറ്റ് മാത്രമേ നല്കിയുള്ളു അതിലൊന്ന് ജയിച്ചു. ഘടക കക്ഷികള്‍ക്ക് വോട്ടിടാനുള്ള വൈമനസ്യം ബിജെപിക്കുണ്ട്. ആ സമീപനം ബിജെപി തിരുത്തണമെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. വിഎസ്ഡിപിയുടെ നിലപാട് ബിജെിപയുുമായി അകലം പാലിക്കും. അത് മാറ്റാം വന്നിട്ടില്ല കാമരാജ് കോണ്‍ഗ്രസ് ആണ് ഘടക കക്ഷി. ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും. യുഡിഎഫില്‍ പോകുന്നില്ല, വാഗ്ദാനം തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 'വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഇങ്ങോട്ട് സമീപിച്ചത്, ആഗ്രഹമില്ലെങ്കില്‍ അദ്ദേഹത്തിന് പോകാം' എന്നാണ് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്. നിലവില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും കേരള കാമരാജ് കോണ്‍ഗ്രസും എന്‍ഡിഎയുടെ ഘടകകക്ഷികളാണ്. ഇവര്‍ എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരാന്‍ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി ഈ തീരുമാനത്തില്‍ എത്തിയതെന്ന് വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി വിപുലീകരിക്കാന്‍ നീക്കവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി പി വി അന്‍വറും സി കെ ജാനുവും യുഡിഎഫിലെത്തും. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കമരാജ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് അസോസിയേറ്റഡ് അംഗത്വം നല്‍കുക എന്നായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് പാളിയിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത് എന്നായിരുന്നു വി ഡി സതീശന്റെ വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍, രാഷ്ട്രീയമായി അത് അന്‍വറിന് നേട്ടമായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം.
ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പര്‍ഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചര്‍ച്ചചെയ്‌തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവര്‍ ആ അജണ്ടയെ തന്നെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു. അതേസമയം, ബിജെപി ഭരണം ഇല്ലാതാക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തെ യുഡിഎഫ് യോഗം പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നല്‍ നല്‍കുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.
