പാലക്കാടിന് പിന്നാലെ ഭരണം പിടിച്ച പന്തളം നഗരസഭ ബിജെപി കൈവിടുമോ? എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെ അദ്ധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു; രാജി വ്യക്തിപരമെന്ന് ബിജെപി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എല്‍ഡിഎഫ്; പിന്തുണച്ച് യുഡിഎഫും

പാലക്കാടിന് പിന്നാലെ ഭരണം പിടിച്ച പന്തളം നഗരസഭ ബിജെപി കൈവിടുമോ?

Update: 2024-12-03 12:24 GMT

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയുമാണ് രാജിവെച്ചത്. എ മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി.

എല്‍ഡിഎഫിന്റെ അവിശ്വാസത്തിന് യുഡിഎഫിന്റെയും പിന്തുണയുണ്ടായിരുന്നു. പാലക്കാടിന് പിന്നാലെ ബിജെപി ഭരണം പിടിച്ച മുനിസിപ്പാലിറ്റിയായിരുന്നു പന്തളം. 18 അംഗങ്ങളാണ് ബിജെപിക്ക് നഗരസഭയിലുള്ളത്. സിപിഎമ്മിന് 10 ഉം യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്.

ബിജെപിയുടെ 18 അംഗങ്ങളില്‍ മൂന്നുപേര്‍ പാര്‍ട്ടിയുമായി ഇടഞ്ഞതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. നാളെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചത്. പരാജയം മുന്‍കൂട്ടി കണ്ടാണ് രാജിയെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബിജെപി വിശദീകരണം.രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എല്‍ഡിഎഫ് പടക്കം പൊടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.

അതേസമയം, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് രാജിയെന്ന് സുശീല സന്തോഷ് പ്രതികരിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് പന്തളത്ത് പരസ്യമായ നിലപാടെടുത്ത് മൂന്ന് ബിജെപി അംഗങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. വ്യക്തിപരായ കാരണം കൊണ്ടാണ് സുശീലയും രമ്യയും രാജിവെച്ചതൊന്നും നഗരസഭ ബിജെപി തന്നെ ഭരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പ്രതികരിച്ചു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ഭരണത്തില്‍ തിരിച്ചെത്തുമെന്നും സൂരജ് പ്രതികരിച്ചു.

Tags:    

Similar News