അഴിമതിക്കെതിരെ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് പോര്‍ട്ടല്‍ വേണ്ടെന്ന് സിപിഎം; പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടാനുള്ള അന്‍വറിന്റെ വാട്‌സാപ്പ് നമ്പറിനെയും എം വി ഗോവിന്ദന്‍ തള്ളിപ്പറയുമോ?
സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് അന്‍വര്‍
മലപ്പുറം: കേരള പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എ വാട്‌സാപ് നമ്പര്‍ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു. പൊലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നല്‍കി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
പോലീസിലെ ക്രിമിനല്‍സുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവര്‍, കുറ്റവാളികളാക്കപ്പെട്ടവര്‍, കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി സുജിത് ദാസും സംഘവും ജയിലിലടക്കപ്പെട്ടവര്‍, കണ്ടെടുത്ത മുതല്‍ കട്ടെടുത്തവര്‍, എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് കോള്‍ വരുന്നുണ്ട്. അതുകൊണ്ട് വാട്‌സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വാട്‌സാപ്പ് നമ്പറും അദ്ദേഹം പുറത്തുവിട്ടു.
മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകള്‍ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കള്‍ ഇത്തരത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മൊഴിയെടുക്കാന്‍ വരുന്ന ഐ.ജിയുടെ മുമ്പില്‍ എല്ലാം തെളിവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പി ശശിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത് ഒരേ പരാതിയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞതാണ് വാസ്തവമെന്നും പിവി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെ സംബന്ധിച്ച് പരസ്യമായി പരാതി ഉന്നയിച്ചത് പാര്‍ട്ടി സിസ്റ്റത്തിനെതിരാണ്. അത് ഗോവിന്ദന്‍ മാഷ് പറഞ്ഞത് ശരിയാണെന്നും എന്നാല്‍ താന്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ആരോപണം ഉന്നയിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചതാണ്. നാളെ തൃശൂര്‍ ഡിഐജി മൊഴിയെടുക്കും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പൊലീസില്‍ പുഴുക്കുത്തുകളുണ്ട്. തൃശൂര്‍ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷ. ഐജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, അന്‍വറിനെ പിന്തുണച്ച് അഴിമതി വിരുദ്ധ പോര്‍ട്ടലുണ്ടാക്കുമെന്ന് അറിയിച്ച കെടി ജലീല്‍ എം.എല്‍എയ്ക്ക് നേരെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന്‌രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു, അഴിമതി കൈകാര്യം ചെയ്യാന്‍ കെ ടി ജലീലിന്റെ സ്റ്റാര്‍ട്ട് അപ് വേണ്ടെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എ വാട്‌സാപ് നമ്പര്‍ പുറത്തുവിട്ടതിനോട് സിപിഎം സംസ്ഥാന സെക്രട്ടറി ഏതുരീതിയില്‍ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്.
പിവി അന്‍വര്‍ നല്‍കിയ പരാതിയില്‍ സിപിഎം അന്വേഷണമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പരാതിയില്‍ സര്‍ക്കാര്‍തല അന്വേഷണം തുടരട്ടെ എന്നാണ് പാര്‍ട്ടി നിലപാട്. പിവി അന്‍വറിന്റെ പരസ്യ വിമര്‍ശനത്തെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി, പി ശശിയ്ക്ക് പൂര്‍ണ പിന്തുണയും നല്‍കി.
അന്‍വര്‍ പി ശശിയ്ക്ക് എതിരെ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത് ഗുരുതര ആക്ഷേപങ്ങളാണ്. എന്നാല്‍ അന്‍വറിന്റെ പരാതിയില്‍ പി ശശിയുടെ പേരില്ലെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ആരോപണമുണ്ടെങ്കില്‍ ഇങ്ങനെയല്ല പരാതി നല്‍കേണ്ടതെന്നും കൃത്യമായി പരാതി നല്‍കണമെന്നുമായിരുന്നു നിലപാട്. പരാതി പരസ്യമാക്കി ഉന്നയിച്ചതിന് അന്‍വറിനെയും വിമര്‍ശിച്ചു. അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ക്കിടയില്‍ അതിന് വിശ്വാസ്യത കിട്ടിയെന്നുമാണ് സെക്രട്ടറിയേറ്റിന്റെ പൊതു അഭിപ്രായം