പലരും കോര്‍പ്പെറേറ്റ് ശമ്പളം പാക്കേജില്‍ പെട്ട് ടോക്‌സിക് വര്‍ക്ക് കള്‍ച്ചറില്‍ കുഴഞ്ഞു കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും നല്ല കാലത്തെ അഞ്ചു വര്‍ഷം പോയി കിട്ടും; അന്ന സെബാസ്റ്റ്യന് സംഭവിച്ചത് ഇനി ഉണ്ടാകരുത്; സോഷ്യല്‍ മീഡിയയില്‍ ടോക്‌സിക്ക് വര്‍ക്ക് കള്‍ച്ചര്‍ ചര്‍ച്ച
ടോക്‌സിക്ക് വര്‍ക്ക് കള്‍ച്ചര്‍ ടോക്‌സിക് ബന്ധങ്ങള്‍ ഒക്കെ പലപ്പോഴും മാനസിക ആരോഗ്യത്തെയും ശരീരരോഗ്യത്തയും നെഗറ്റീവായി ബാധിക്കും
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ടോക്‌സിക്ക് വര്‍ക്ക് കള്‍ച്ചര്‍. കഠിനമായ ജോലിഭാരം മൂലം കുഴഞ്ഞു വീണു മരിച്ച ഇ.വൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഇരമ്പുകയാണ്. വിഷയത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ടോക്‌സിക്ക് വര്‍ക്ക് കള്‍ച്ചര്‍ ചര്‍ച്ചകളില്‍ എത്തുന്നത്.
ടോക്‌സിക്ക് വര്‍ക്ക് കള്‍ച്ചര്‍ ടോക്‌സിക് ബന്ധങ്ങള്‍ ഒക്കെ പലപ്പോഴും മാനസിക ആരോഗ്യത്തെയും ശരീരരോഗ്യത്തയും നെഗറ്റീവായി ബാധിക്കും. അവിടെ എത്രയൊക്കെ പണം കിട്ടിയാലും സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അതു ജീവിതം ദുസ്സഹമാക്കും. ടോക്‌സിക് വര്‍ക് കള്‍ച്ചര്‍ ബന്ധങ്ങള്‍ ഒക്കെ തീരിച്ചറിഞ്ഞു അതില്‍ നിന്ന് വഴിമാറി നടക്കുവാനുള്ള പ്രാപ്തി വളരെ പ്രാധാനമാണെന്ന് ജെ എസ് അടൂര്‍ പറയുന്നു. ജെ എസ് അടൂര്‍ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
ജെ എസ് അടൂരിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ടോക്‌സിക് വര്‍ക് കള്‍ച്ചര്‍ ഒഴിവാക്കുക
എന്റെ കൂടെ വരുന്ന പല ചെറുപ്പക്കാരും കോര്‍പ്പറേറ്റ് ജോലികള്‍ നല്‍കിയ വന്‍ ശമ്പളം ( 1.5 to 2 ) വിട്ടിട്ട് വന്നവരാണ്.. വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ പ്രതീക്ഷയിന്നു ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന നല്ല കോര്‍പ്പറേറ്റ് കമ്പിനിയില്‍ കയറുക എന്നതാണ്. പലതും കാമ്പസ് പ്‌ളേസ്മെന്റ്..പക്ഷേ അവിടെപലയിടത്തും പലരും എടുക്കാന്‍ പോക്കാത്ത പെര്‍ഫോമന്‍സ് ടാര്‍ഗറ്റ് കൊടുക്കും.ആഴ്ചയില്‍ 60--65 മണിക്കൂര്‍ ജോലി..ഓരോ വ്യാഴാഴ്ചയും പെര്‍ഫോമന്‍സ് ടാര്‍ഗറ്റ് അസ്സസ്സമെന്റ് എന്നത് വലിയ സ്ട്രെസ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. വീക് എന്‍ഡില്‍ സ്ട്രസ്സ് ബസ്റ്റര്‍ എന്ന് പറഞ്ഞാല്‍ പബ്ബില്‍ അല്ലെങ്കില്‍ ബാറില്‍.
ഇന്ന് കല്യാണമാര്‍കെറ്റില്‍ പൊലും എന്ത് പാക്കേജ് എന്നു നോക്കി കല്യാണമൊക്കെ കഴിഞ്ഞു രണ്ടു പേരും ഏറ്റവും കൂടുതല്‍ പാക്കേജ് ഒക്കെ നോക്കി പിന്നെ വലിയ കാര്‍ വീട്. എടുക്കാന്‍ ഭാരമുള്ള EMI. അതിനിടക്ക് രതി പോലും വീക് ഏന്‍ഡ് സ്ട്രെസ് ബസ്റ്റര്‍ മാത്രമാകും.പിന്നെ നേടിയതില്‍ പകുതി ഫെര്‍ട്ടിലിട്ടി ട്ക്ലിനിക്കില്‍. പലപ്പോഴും ഡൈവേഴ്സ് റേറ്റ് കൂട്ടുന്നതിന്റ ഒരു കാരണം കരിയര്‍ സ്ട്രെസ്സില്‍ പരസ്പര ടോളറന്‍സ് കുറയുന്നതും. പ്രണയിക്കാനോ അടുത്ത് ഇരിക്കാനോ സമയം കാണില്ല. ഡെഡ് ലൈന്‍ മാനേജ് ചെയ്തു റിലേഷന്‍ പതിയെ ഡെഡ് ആകും.
പലരും കോര്‍പ്പെറേറ്റ് ശമ്പളം പാക്കേജില്‍ പെട്ട് ടോക്‌സിക് വര്‍ക്ക് കള്‍ച്ചറില്‍ കുഴഞ്ഞു കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും നല്ല കാലത്തെ അഞ്ചു വര്‍ഷംപോയി കിട്ടും.
അവസാനം സഹികെട്ടാണ് പലരും കരിയര്‍ ഗൈഡന്‍സിനു കാണാന്‍ വരുന്നത്.. അവരോട് ആദ്യം നിങ്ങള്‍ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുക. ഇഷ്ട്ടമുള്ള കാര്യങ്ങള്‍ ഇഷ്ടം പോലെ ചെയ്തു ജീവിതം സന്തോഷത്തോടെ ജീവിക്കുമ്പോള്‍ നിങ്ങള്‍ സര്‍ഗ്ഗത്മകവും ക്രിയാത്മവുമാകും.
ചെയ്യുന്നു കാര്യങ്ങള്‍ സര്‍ഗ്ഗത്മകവും ക്രിയാത്മവുമായി ചെയ്ത് സന്തോഷത്തോടെ ജീവിച്ചാല്‍ അവിടെ വിജയിക്കാനുള്ള സാധ്യത കൂടും.. ചെയ്യുന്ന കാര്യങ്ങള്‍ എന്‍ജോയി ചെയ്താല്‍ അവിടെ ഒരു സെന്‍സ് ഓഫ് മിഷ്‌നും പാഷനും നമ്മള്‍ സ്വയം കണ്ടു പിടിക്കും
ജീവിതത്തില്‍ ഏറ്റവും പ്രധാനം സന്തോഷവും സമാധാനവും സര്‍ഗ്ഗത്മകവും ക്രിയാത്മകവുമായി നന്മ ചെയ്തു മറ്റുള്ളവര്‍ക്ക് കഴിയുന്ന സഹായം ചെയ്തു ജീവിക്കുക എന്നതാണ്.
അതു കൊണ്ടു മക്കളെ ഏറ്റവും നല്ല ശമ്പളം കിട്ടുന്ന ജോലി മാത്രം നോക്കി വിടുമ്പോള്‍ രണ്ടു പ്രാവശ്യം ചിന്തിക്കുക എന്നതാണ് എന്റെ നിലപാട്.. അവര്‍ക്ക് അതു സ്ട്രസ്സ് കൂട്ടുന്നെങ്കില്‍ ആ ജോലി ഗുണത്തെക്കാള്‍ ദോഷമാണ്. It is not worth it.
വിനീതിന്റെ പ്രായമുള്ള പലരും മാസം 2-3 ലക്ഷമൊ അതില്‍ അധികമൊ മാസമുണ്ടാക്കുംവിദേശത്ത് മാസം 5000 ഡോളര്‍ മുതല്‍ 10000 വരെ.. അതില്‍ അധികവും.. പക്ഷേ വലിയ ശമ്പളമുള്ള ജോലി ചെറുപ്പത്തില്‍ കിട്ടിയാല്‍ അതിനു ഗോള്‍ഡന്‍ ഹാന്‍ഡ് കഫ് എന്നാണ് പറയുന്നത്
ജീവിതത്തില്‍ ഏറ്റവും നല്ല സമയം ഇരുപതിനും മുപ്പത്തി മൂന്നിനും ഇടക്കുള്ള 12 വര്‍ഷങ്ങളാണ്. ആ സമയം എങ്ങനെ ജീവിക്കുന്നു എന്നത് ജീവിതത്തെയാകേ ബാധിക്കും. ആ സമയത്ത് ചെയ്യുന്നത് പലതും ജീവിതത്തില്‍ പിന്നെ ചെയ്യാന്‍ സാധിക്കില്ല
അതു ഞാന്‍ മക്കളോട് പറയും പൈസ വേണം പക്ഷേ അതായിരിക്കരുത് ലക്ഷ്യം ഇഷ്ട്ടമുള്ള കാര്യങ്ങള്‍ ഇഷ്ടം പോലെ ചെയ്തു സന്തോഷ്മായി ജീവിക്കുക . വിനീത് യൂറോപ്പില്‍ പല രാജ്യങ്ങളില്‍ കൂടെ മൂവായിരം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഗ്രാമങ്ങളെയും പ്രകൃതിയേയും തൊട്ടറിഞ്ഞു. അതു സ്വന്തമായി ആവശ്യത്തിന് റിസേര്‍ച്ച് ഫെലോഷിപ് ഉള്ളത് കൊണ്ടാണ്. ആവശ്യത്തിന് പൈസ വേണം പക്ഷേ ഇഷ്ട്ടമുള്ളത് ഇഷ്ടം പോലെ ചെയ്താല്‍ അതില്‍ ഉള്ള സന്തോഷം എത്ര രൂപ ചിലവാക്കിയാലും കിട്ടില്ല.അതു പത്തു വര്‍ഷം കഴിഞ്ഞു നടക്കില്ല.
ഇരുപതുകളില്‍ ഞാന്‍ ഇന്ത്യയാകെ സഞ്ചരിച്ചു. ട്രെയിനില്‍ ബസില്‍ ലോറിയില്‍ ബൈക്കില്‍.പലപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി. നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ സഞ്ചരിച്ചു. പ്രണയിച്ചു. കഥകളും കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചു. ഗ്രാമങ്ങളില്‍പോയി രാ പാര്‍ത്തു .എല്ലാ ദിവസവും പ്രണയ കത്തുകള്‍ എഴുതി. അതൊക്കെ പത്തു വര്‍ഷം കഴിഞ്ഞു നടക്കില്ല. ഇരുപതുകളില്‍ ഇഷ്ട്ടമുള്ളത് പോലെ ജീവിച്ചു. ഇപ്പോഴും അങ്ങനെ തന്നെ.
.ഇഷ്ട്ടമുള്ള ആളിന്റെ കൂടെ ഇഷ്ട്ടം കൂടി ജീവിക്കാന്‍ തുടങ്ങിയിട്ട് മുപ്പത്തി രണ്ടു വര്‍ഷമാകുന്നു. ആ ഇഷ്ടം കൂടിയിട്ടേ ഉളളൂ.
ജീവിക്കാന്‍ പൈസ വേണം. പക്ഷേ പൈസ അല്ല ജീവിതം.. പൈസക്ക് വേണ്ടി മാത്രം ചത്തു പണി എടുത്തിട്ട് കാര്യം ഇല്ല.
നമ്മള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് അവരുടെ വഴി അവര്‍ പതിയെ കണ്ടത്താനാണു. അവരുടെ സന്തോഷം അവര്‍ കണ്ടത്തട്ടെ.ജീവിതത്തില്‍ പൈസ കൊണ്ടു വാങ്ങാന്‍ സാധിക്കാത്തത് ആണ് സന്തോഷവും സമാധാനവുമാണ് .. ഇഷ്ടമുള്ളത് ചെയ്തു ഇഷ്ട്ടം പോലെ ജീവിക്കുക എന്നത് ഒരു ലൈഫ് ചോയ്‌സ് ആണ്.
കരിയര്‍ അല്ല ജീവിതം. ജീവിതത്തില്‍ പൈസയും അതു ന്യായമായി ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ വേണം. ജോലി / കരിയര്‍ / ബിസിനസ് ഒക്കെ ഓരോ ഉപാധിയും / മാര്‍ഗങ്ങളുമാണ്. Means.അല്ലാതെ അതു മാത്രം അല്ല ജീവിതം.
ഇങ്ങനെയൊക്കെ ലൈഫ് ചോയ്‌സ് എടുത്തത് കൊണ്ടു അവശ്യത്തിനു എല്ലാമുണ്ട്. ആവശ്യത്തില്‍ അധികമുള്ളത് പങ്ക് വയ്ക്കുക എന്നതും ചോയ്‌സാണ്. ജനിച്ച ഗ്രാമത്തില്‍ തിരികെ വന്നു ജീവിക്കുക എന്നതും ലൈഫ് ചോയ്‌സ് തന്നെ
ഓരോ മനുഷ്യരും എങ്ങനെ എവിടെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എങ്ങനെ എവിടെ ജോലി ചെയ്യണമെന്നും എത്ര ശമ്പളമുള്ള ജോലി വേണമെന്നും സ്വയം തീരുമാനിക്കുവാനുള്ള പ്രാപ്തി യുണ്ടാകുക എന്നതാണ് പ്രധാനം. എന്റെ ചോയ്‌സാകണം എന്നില്ല വേറെ ഒരാളുടെ ചോയ്സ്.
പക്ഷേ ആ ചോയ്‌സ് ഇല്ലാതെ ദിവസത്തില്‍ 14-16 മണിക്കൂര്‍ പണം നോക്കി മാത്രം ജോലി ചെയ്താല്‍, അല്ലേങ്കില്‍ കമ്പല്‍ഷനില്‍ ജീവിച്ചാല്‍ ഗുണത്തെക്കാള്‍ അതു ശരീരത്തിനും മനുഷ്യനും കുടുംബത്തിനും ദോഷമാണ്.
What matters is what you are, rather than how much you have.
ജെ എസ് അടൂര്‍