'നിങ്ങള്‍ അവരുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു; പക്ഷേ അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല; പ്രശസ്തരുടെ തനിസ്വഭാവമാണ് ഇത്'; മുംബൈ വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിയുള്ള കുട്ടിയെ അവഗണിച്ച കോലിക്കും അനുഷ്‌കയ്ക്കും വിമര്‍ശനം

Update: 2025-12-18 05:34 GMT

മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ താരം വിരാട് കോലി, സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ (മുഖം മറച്ചിരിക്കുന്നു) അവഗണിച്ച് മുന്നോട്ടു നീങ്ങുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ തള്ളിമാറ്റിയപ്പോള്‍ കുട്ടിയുടെ കൈ താരത്തിന്റെ ശരീരത്തില്‍ കൊള്ളുകയും ചെയ്തു. (വിഡിയോ ദൃശ്യങ്ങളില്‍നിന്ന്)

മുംബൈ: മുംബൈ വിമാനത്താവളത്തില്‍വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബറാക്രമണം. മുംബൈ വിമാനത്താവളത്തിലെത്തിയ കോലിയും അനുഷ്‌കയും പുറത്തേയ്ക്കു നടന്നു വരുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനം കടുത്തത്.

കോലി പുറത്തേയ്ക്കു നടക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ ഒരു ആണ്‍കുട്ടി സെല്‍ഫിയെടുക്കാന്‍ താരത്തിന്റെ മുന്നിലേക്കു വരുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെട്ട് തള്ളിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കോലി ഇതൊന്നും ശ്രദ്ധിക്കാതെ കാറില്‍ കയറി. പിന്നാലെ അനുഷ്‌ക ശര്‍മയും എത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ കുറച്ചുകൂടി സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമായിരുന്നെന്നു പലരും കമന്റിട്ടു. സുരക്ഷാ ഉദ്യോഗസ്ഥന്‍, ഭിന്നശേഷിക്കാരനായ കുട്ടിയെ തള്ളിമാറ്റുകയും കുട്ടിയുടെ കൈ താരത്തിന്റെ ശരീരത്തില്‍ തട്ടുകയും ചെയ്തിട്ടു പോലും താരം ഒന്നു നോക്കാന്‍ പോലും തയാറാകാത്തതിനെയാണ് പലരും വിമര്‍ശിക്കുന്നത്.

കുറച്ച് കൂടി സഹാനുഭൂതിയോടെ പെരുമാറേണ്ടിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കുട്ടിയെ തള്ളി മാറ്റിയപ്പോള്‍ കോലി മൗനം പാലിച്ചത് ശരിയായില്ലെന്നും ചിലര്‍ കുറിച്ചു. പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ച് മടങ്ങി വരും വഴിയാണ് സംഭവമുണ്ടായത്.

''സെല്‍ഫി എടുത്തും ഓട്ടോഗ്രഫ് ഒപ്പിട്ടും അവര്‍ മടുത്തെന്ന് എനിക്ക് മനസ്സിലാകും. എന്നാല്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയോട് ഇത്ര അവഗണന കാണിക്കുന്നത് തെറ്റാണെന്ന് തോന്നുന്നു. കുട്ടിയുടെ അഭ്യര്‍ഥന മാന്യമായി നിരസിക്കാമായിരുന്നു. എന്നാല്‍ ഒരു കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിമാറ്റുന്നതു തടയാനും ഇടപെടാനും പോലും മെനക്കെടാതിരിക്കുകയും ചെയ്യുന്നത് കാണുന്നത് വെറും ക്രൂരതയാണ്.'' ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്ന് റെഡ്ഡിറ്റില്‍ ഒരാള്‍ എഴുതി.

'പ്രശസ്തരുടെ കാര്യം ഇങ്ങനെയൊക്കെയാണ്. അവരുടെ ഉയര്‍ച്ചയ്ക്കായി നിങ്ങള്‍ ഇരുന്ന് പ്രാര്‍ഥിക്കും, ഓണ്‍ലൈനില്‍ മറ്റുള്ളവരോട് തര്‍ക്കിക്കും. പക്ഷേ അവര്‍ക്ക് ആരോടും മമതയില്ലെന്നതാണ് വാസ്തവം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്വാമിയുടെ അടുത്തുപോയി അനുഗ്രഹം വാങ്ങി വരുന്ന വഴിയാണ്. ഇങ്ങനെ െപരുമാറാനാണോ അപ്പോള്‍ പഠിക്കുക? ഇത് അപമാനമാണ് എന്ന് മറ്റൊരാളും കുറിച്ചു. വൃന്ദാവനിലെ ആശ്രമത്തിലെത്തിയാണ് വിരുഷ്‌ക ദമ്പതിമാര്‍ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം പ്രാവശ്യമാണ് ഇരുവരും ആശ്രമത്തിലെത്തിയത്.

രാജസ്ഥാനിലെ വരാ ഘട്ടിലുള്ള വൃന്ദാവന്‍ ആശ്രമത്തില്‍ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു കോലിയും അനുഷ്‌കയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ലണ്ടനിലേക്കു മടങ്ങിയ വിരാട് കോലി, കഴിഞ്ഞയാഴ്ചയാണ് അനുഷ്‌കയുമൊത്ത് വീണ്ടും ഇന്ത്യയിലെത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനു വേണ്ടിയാണ് താരമെത്തിയതെന്നാണ് വിവരം.

Tags:    

Similar News