'താന്‍ ഉച്ചയ്ക്കു ഒന്നും കഴിച്ചില്ല അല്ലേ? എനിക്കു നോമ്പാണ്, നിങ്ങള്‍ക്കല്ലല്ലോ, ഞാനത് ഓര്‍ത്തില്ല; ഇനിയിപ്പൊ പൊറുത്തു കള, എനിക്കൊരു തെറ്റു പറ്റി': മമ്മൂട്ടിക്ക് അസുഖമാണെന്നു കേട്ടപ്പോള്‍ നെഞ്ചിലുണ്ടായ ആളല്‍ വെറുതെയല്ല; ഈ മനുഷ്യന്‍ അത്രയേറെ ചേര്‍ത്താണു പിടിച്ചിരുന്നത്: ഉണ്ണി കെ വാര്യരുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

മമ്മൂട്ടിയെ കുറിച്ച് ഉണ്ണി കെ വാര്യരുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Update: 2025-08-20 07:10 GMT

കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി രോഗചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് സഹൃദയരായ മലയാളികള്‍. രോഗത്തിന്റെ അപകടം ഒഴിഞ്ഞുവെന്ന ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വന്നത്. വൈകാതെ അദ്ദേഹം സിനിമയില്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹം മടങ്ങി വരുന്ന വാര്‍ത്ത കേട്ട് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി കെ വാര്യര്‍. ഒരു നോമ്പുകാലത്ത് ചെന്നൈയിലെ വീട്ടിലെത്തി ഒരുദിവസം മുഴുവന്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നതിന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയാണ് ഉണ്ണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍.

ഉണ്ണി കെ വാര്യരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ചേട്ടന്

എന്തുകൊണ്ടാണ് ഇപ്പോള്‍ ഇതെഴുതുന്നത് എന്നറിയില്ല. സന്തോഷം കൊണ്ടുതന്നെയാകണം.

എല്ലാവരും ഇക്ക എന്നു വിളിക്കുമ്പോഴും പണ്ടു മുതലേ മമ്മൂക്കയെ ചേട്ടന്‍ എന്നാണു വിളിച്ചിട്ടുള്ളത്. എങ്ങനെ അതായി എന്നറിയില്ല. സുഖമില്ലാതിരുന്ന സമയത്തു കൃത്യമായി മെസേജും മറുപടിയും ഉണ്ടായിരുന്നു. ഒരിക്കല്‍ മാത്രം ചോദിച്ചു എനിക്കു വിളിക്കാമോ എന്ന്. അടുത്ത നിമിഷം ഫോണ്‍ ബെല്ലടിച്ചു.

എന്താടോ.

എനിക്കു പെട്ടെന്നു മറുപടി പറയാനായില്ല.

വിളിച്ചോട്ടേ എന്നു ചോദിക്കണോ.

വേണ്ട. പേടിച്ചിട്ടാണ്.

എനിക്കല്ലെ അസുഖം, താനെന്തിനു പേടിക്കുന്നു.

ആദ്യം ചോദിച്ചതു കുട്ടികളെക്കുറിച്ചാണ്. പിന്നെ ജോലിയേക്കുറിച്ച്. കുടുംബത്തേക്കുറിച്ച്, അങ്ങനെ പലതും. വിളിക്കണമെന്നു തോന്നിയാല്‍ മെസേജിട്ടാല്‍ മതി. തിരിച്ചു വിളിക്കാം. പിന്നീടും സംസാരം മെസേജിലൂടെയായി. ചിലപ്പോള്‍ ഒരു ഹൃദയം മാത്രം തിരിച്ചയക്കും.

ഒരിക്കല്‍ നോമ്പുകാലത്തു കോളം എഴുതുന്നതിന്റെ ഭാഗമായി ചെന്നൈയിലെ വീട്ടിലെത്തി. ഉച്ചയ്ക്കു 12 മണിക്കാണ് എത്താന്‍ പറഞ്ഞിരുന്നത്. വീട്ടിലെ എല്ലാവരും വൈകുന്നേരമേ എത്തൂ. ഞാന്‍ വൈകി. ഉമ്മറത്തുതന്നെ കാത്തിരിപ്പുണ്ടായിരുന്നു. ചില കുറിപ്പുകള്‍ നോക്കി വായിച്ചു തന്നു. ഞാന്‍ എഴുതിയെടുത്തു. മൂന്നു മണി കഴിഞ്ഞപ്പോള്‍ ആരുടെയോ ഫോണ്‍ വന്നു. രണ്ടു പേര്‍ക്കു നല്ല ഉറക്കവും വരുന്നുണ്ടായിരുന്നു. ചേട്ടന്‍ അകത്തേക്കു പോയി. അവിടെ കിടന്ന് ഉറങ്ങിപ്പോയി. പുറത്തിരുന്നു ഞാനും. അഞ്ചരയായപ്പോഴാണു ഉണര്‍ന്നത്. എനിക്കു നോമ്പില്ല, ചേട്ടനു നോമ്പുണ്ട്. രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിച്ചിരുന്നില്ല.

അവരെല്ലാവരും ഇപ്പൊ വരും. നോമ്പു തുറന്നിട്ടു പോകാം. പിന്നേയും സംസാരിച്ചിരുന്നു. വൈകാതെ അവരു വന്നു. നോമ്പു തുറന്ന ശേഷം ഭക്ഷണം കഴിച്ചു. അന്നാണ് ആദ്യമായി സുറുമിയുടെ പെയ്ന്റിംങ്ങുകള്‍ കാണുന്നത്. പിന്നീടു സുറുമിയേക്കുറിച്ചെഴുതി. അവരെക്കുറിച്ചു വരുന്ന ആദ്യ കുറിപ്പായിരുന്നു അത്.

ഇറങ്ങാന്‍ നേരത്തു ചേച്ചി വന്നു വീട്ടിലെ കാര്യം ചോദിച്ചു. പതിവിനു വിപരീതമായി ചേട്ടന്‍ കൂടെ വന്നു. ഗെയ്റ്റു തുറന്നു തരുമ്പോള്‍ ചോദിച്ചു,

താന്‍ ഉച്ചയ്ക്കു ഒന്നും കഴിച്ചില്ല അല്ലേ. മിണ്ടിയില്ല. എനിക്കു നോമ്പാണ്. നിങ്ങള്‍ക്കല്ലല്ലോ. ഞാനത് ഓര്‍ത്തില്ല. ഉറങ്ങിപ്പോയി. ഇനിയിപ്പൊ പൊറുത്തു കള. എനിക്കൊരു തെറ്റു പറ്റി.

അപ്പോഴും തോളില്‍ കൈ വച്ചിട്ടുണ്ടായിരുന്നു. എനിക്കു ശബ്ദം തൊണ്ടയില്‍ വിങ്ങുന്നതുപോലെ തോന്നി. ടാക്‌സിക്കു വേണ്ടി പുറത്തേക്കു നടക്കുമ്പോള്‍ തിരിഞ്ഞു നോക്കി. മരത്തണലില്‍ ചിതറി വീണ വാകപ്പൂക്കള്‍ നടുവില്‍ അയാള്‍ കൈ ഉയര്‍ത്തി വീണ്ടും യാത്ര പറഞ്ഞു. അസുഖമാണെന്നു കേട്ടപ്പോള്‍ നെഞ്ചിലുണ്ടായ ആളല്‍ വെറുതെയല്ല. ഈ മനുഷ്യന്‍ അത്രയേറെ ചേര്‍ത്താണു പിടിച്ചിരുന്നത്.

ഈ മോശം കാലത്തു ആരോടും ഒന്നും മിണ്ടാതെ പ്രാര്‍ഥനയുമായി മാത്രം നിന്ന രണ്ടു പേരുണ്ട്. രണ്ടു പേരും നിരന്തരം ഞാനുമായി സംസാരിച്ചിരുന്നവര്‍. ജോര്‍ജ്ജും ആന്റോ ജോസഫും. അവര്‍ പ്രാര്‍ഥനയുടെ ലോകത്തു മാത്രമായിരുന്നു. മുന്‍പൊരിക്കല്‍ ഗള്‍ഫിലെ ഒരാള്‍ നിരന്തരം വിളിച്ച് ആന്റോയോട് ഒരു കാര്യം പറയാന്‍ പറഞ്ഞു. ഒഴിവാക്കാനാകാതെ വന്നപ്പോള്‍ പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം ആന്റോ വിളിച്ചു, അയാള്‍ ചോദിച്ചതു മമ്മൂക്കയുടെ ഡേറ്റ് വാങ്ങി മറിച്ചു വില്‍ക്കാമോ എന്നാണ്. വലിയ ഓഫറാണ്. അതു ചെയ്തു ജീവിക്കുന്നതിലും നല്ലതു ജീവിതം അവസാനിപ്പിക്കുന്നതല്ലേ.

നല്ല കഷ്ടകാലത്താണ് ആന്റോ ഇതു പറഞ്ഞത്. ജോര്‍ജ്ജും മമ്മൂട്ടിയും ഒരേ ഗര്‍ഭ പാത്രത്തില്‍ ജനിച്ചില്ല എന്നേയുള്ളു. അതു ദൈവ നിശ്ചയമെന്നു മാത്രം. നല്ല കാലത്തും അത്ര നല്ലതല്ലാത്ത കാലത്തും ഇങ്ങനെ കൂടെ നില്‍ക്കുന്നവരുണ്ടാകുക എന്നതിലും വലിയ ഭാഗ്യമെന്തുണ്ട്. ചേട്ടന്‍ പലതുകൊണ്ടും അനുഗ്രഹീതനാണ്. കണ്ടിട്ടുപോലുമില്ലാത്ത എത്രയോ പേരുടെ പ്രാര്‍ഥനയുടെ പ്രസാദമാണ്.


Tags:    

Similar News