ഭൂമിയുടെ ഭ്രമണം മുന്‍പ് എന്നത്തേക്കാളും വേഗത്തിലായിരിക്കും ഇന്ന്; ഭൂമിയില്‍ ഇന്നത്തെ ദിവസത്തിന് ദൈര്‍ഘ്യം കുറവായിരിക്കുമെന്ന അറിയിപ്പുമായി ഗവേഷകര്‍

Update: 2025-07-09 05:49 GMT

ഭൂമിയില്‍ ഇന്നത്തെ ദിവസത്തിന് ദൈര്‍ഘ്യം കുറവായിരിക്കുമെന്ന അറിയിപ്പുമായി ഗവേഷകര്‍. ഭൂമിയുടെ ഭ്രമണം മുന്‍പ് എന്നത്തേക്കാളും വേഗത്തിലായിരിക്കും എന്നതാണ് ഇതിന് കാരണമെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ജൂലൈ 9, ജൂലൈ 22, ഓഗസ്റ്റ് 5 എന്നീ മൂന്ന് ദിവസങ്ങള്‍ക്ക് സാധാരണ ദിവസത്തേക്കാള്‍ 1.3 മുതല്‍ 1.51 മില്ലിസെക്കന്‍ഡ് വരെ ദൈര്‍ഘ്യം കുറവായിരിക്കുമെന്ന് അവര്‍ കണ്ടെത്തി.

ഇതിന് കാരണം സമീപ വര്‍ഷങ്ങളില്‍ ഭൂമിയുടെ ഭ്രമണം വേഗത്തിലായതാണ്. 2020 ലും 2022 ലും ശാസ്ത്രജ്ഞര്‍ ആറ്റോമിക് ക്ലോക്കുകളില്‍ ഈ പ്രതിഭാസം നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ആറ്റങ്ങളുടെ കമ്പനങ്ങള്‍ പോലും കൃത്യമായി അളന്ന് നിരീക്ഷിക്കാന്‍ കഴിയുന്ന ക്ലോക്കുകളാണ് ഇവ. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കൂടാനുള്ള കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍, ഹിമാനികള്‍ ഉരുകി മാറുന്നത്, ദുര്‍ബലമാകുന്ന കാന്തികക്ഷേത്രം എന്നിവയുള്‍പ്പെടെ ഭൂമിയുടെ ഭ്രമണത്തെ വേഗത്തിലാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഭൂമി സാധാരണയായി ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ അല്ലെങ്കില്‍ കൃത്യമായി 86,400 സെക്കന്‍ഡ് എടുക്കും.

ഇതിനെ സൗരദിനം എന്നാണ് വിളിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ ദിവസം കഴിഞ്ഞ ദിവസം ജൂലൈ 5 ന് ആയിരുന്നു. ഭൂമി സാധാരണ 24 മണിക്കൂറിനേക്കാള്‍ 1.66 മില്ലിസെക്കന്‍ഡ് വേഗത്തിലാണ് കറങ്ങിയത്. ഇന്നത്തെ ദിവസത്തിന് ദൈര്‍ഘ്യം കുറവാണെന്നത് നിസ്സാരമെന്ന് കരുതാമെങ്കിലും ഇത് ഉപഗ്രഹ സംവിധാനങ്ങളേയും ജിപിഎസിന്റെ കൃത്യതയേയും എല്ലാം ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിരിക്കുന്നത്. ഭൂമിയുടെ ഭ്രമണം ഒരിക്കലും കൃത്യതയോടെ ആയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1970 കള്‍ വരെ ശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ കുറിച്ചുള്ള രേഖകളും പരിശോധിച്ചിരുന്നില്ല.

സമയ ദൈര്‍ഘ്യത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ജിപിഎസ്, ഫോണ്‍ നെറ്റ്വര്‍ക്കുകള്‍, സാമ്പത്തിക സംവിധാനങ്ങള്‍ എന്നിവയെ ദോഷകരമായി ബാധിക്കും. ഏതാനും മില്ലിസെക്കന്‍ഡുകളുടെ മാറ്റം പോലും സാങ്കേതിക തകരാറുകള്‍ക്ക് കാരണമാകും. വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ സ്റ്റീഫന്‍ മെയേഴ്‌സ് കണ്ടെത്തിയത്, ചന്ദ്രന്‍ കൂടുതല്‍ അകന്നുപോകുമ്പോള്‍, ഭൂമിയില്‍ അതിന്റെ ഗുരുത്വാകര്‍ഷണ സ്വാധീനം മന്ദഗതിയിലാകുന്നത് ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്നാണ്.

ഭൂമിയിലെ ദിവസങ്ങള്‍ ഒടുവില്‍ 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായി മാറുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. പക്ഷേ അതിന് ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. 2020 മുതല്‍ ഭൂമിയുടെ ഭ്രമണത്തിന് വേഗത കൂട്ടിയതിന് കാരണം, കാലാവസ്ഥാ വ്യതിയാനം പോലുള്ളയുള്ളവയാണ്. എല്‍ നിനോ പോലുള്ള പ്രതിഭാസങ്ങളും ഇതിന് ആക്കം കൂട്ടും.

Tags:    

Similar News