ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇൻഡോനേഷ്യയെ തകർത്ത് ബ്രസീൽ; ജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്; കാനറികളുടേത് തുടർച്ചയായ രണ്ടാം ജയം; ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്ത്
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് തുടർച്ചയായ രണ്ടാം ജയം. ഇൻഡോനേഷ്യയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്. ആദ്യ മത്സരത്തിൽ ഹോണ്ടുറാസിനെ ഏഴ് ഗോളിന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ ഇൻഡോനേഷ്യക്കെതിരെ കളത്തിലിറങ്ങിയത്. രണ്ട് മല്സരങ്ങളും ജയിച്ച് ബ്രസീൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ്.
കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ലൂയിസ് എഡ്വേർഡോ ബ്രസീലിനായി ഗോൾ നേടി. ഫെലിപ്പ് മൊറൈസ് (39-ാം മിനിറ്റ്), റുവാൻ പാബ്ലോ (75-ാം മിനിറ്റ്) എന്നിവരും ബ്രസീലിനായി വല കുലുക്കി വിജയമുറപ്പിച്ചു. ഈ വിജയത്തോടെ ബ്രസീലും സാംബിയയും ഗ്രൂപ്പ് എച്ചിൽ നിന്ന് അടുത്ത റൗണ്ട് ഉറപ്പാക്കി.
ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ സാംബിയ 5-2 എന്ന സ്കോറിന് ഹോണ്ടുറാസിനെ തകർത്തു. മെക്സിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി. 74-ാം മിനിറ്റിൽ ഗെയിൽ ഗാർസിയയുടെ ക്രോസിൽ നിന്ന് ഇയാൻ ഒൽവേരയാണ് മെക്സിക്കോക്കായി വിജയഗോൾ നേടിയത്. ഇയാൻ ഒൽവേര കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, സ്വിറ്റ്സർലൻഡും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡ് ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനായില്ല. 78-ാം മിനിറ്റിൽ ദക്ഷിണ കൊറിയൻ താരം കിം ജി വൂവിന്റെ ശ്രമം സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ തിയോഡോർ പിസാരോ തടയുകയായിരുന്നു.