അടിവാങ്ങികൂട്ടി ശ്രീലങ്കന്‍ ഓൾ റൗണ്ടർ ദാസുൻ ഷനക; നോ ബോളിനും ഒരു പഞ്ഞവുമില്ല; ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ വഴങ്ങിയത് 30 റണ്‍സ്; ഒത്തുകളിയെന്ന് ആരോപണം
ദുബായ്: അബുദാബി ടി10 ലീഗില്‍ അടിവാങ്ങികൂട്ടി ശ്രീലങ്കന്‍ ഓൾ റൗണ്ടർ ദാസുൻ ഷനക. ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ തന്നെ 30 റണ്‍സ് വഴങ്ങിയ താരത്തിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. അബുദാബി ടി10 ലീഗില്‍ ബംഗ്ലാ ടൈഗേഴ്സിന്റെ താരമാണ് ദാസുൻ ഷനക. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ബുള്‍സിനെതിരായ മത്സരത്തിലാണ് ശനകയുടെ മോശം പ്രകടനം.
മത്സരത്തിൽ ഒൻപതാം ഓവർ എറിയാനെത്തിയ ഷനകയുടെ ആദ്യ പന്ത് ഡല്‍ഹി ബുള്‍സ് താരം നിഖില്‍ ചൗധരി ബൗണ്ടറി കടത്തി. ശേഷം എറിഞ്ഞ രണ്ട് പന്തുകളും നോ ബോളായിരുന്നു. ഈ രണ്ട് പന്തുകളും നിഖില്‍ ചൗധരി ബൗണ്ടറി കടത്തിയതോടെ എറിഞ്ഞ ഒരു പന്തില്‍ തന്നെ ഷനക 14 റണ്‍സ് വഴങ്ങി. നിയമപരമായി രണ്ടാം പന്തും നിഖില്‍ ചൗധരി ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ നിഖില്‍ ചൗധരി സിക്സും നേടി. ഇതോട ആദ്യ മൂന്ന് പന്തില്‍ 24 റണ്‍സ് ഷനക വഴങ്ങി.
എന്നാൽ കിട്ടിയ തല്ലിലൊന്നും ഷനക പാഠം പഠിച്ചില്ല. നാലാം പന്ത് വീണ്ടും നോ ബോളായി. വീണ്ടുമെറിഞ്ഞ പന്തും നോ ബോളാവുകയും ആ പന്തും നിഖില്‍ ചൗധരി ബൗണ്ടറി കടത്തുകയും ചെയ്തതോടെ നിയമപ്രകാരം എറിഞ്ഞ ആദ്യ മൂന്ന് പന്തില്‍ ഷനക വഴങ്ങിയത് 30 റണ്‍സായി. എന്നാല്‍ ആ ഓവറിൽ തന്നെ ഗംഭീര തിരിച്ച് വരവാണ് താരം നടത്തിയത്.
അടുത്ത മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഷനക വിട്ടുകൊടുത്തത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ ടൈഗേഴ്സിനായുള്ള ദാസുന്‍ ഷനകയുടെ പ്രകടനം മോശമായില്ല. ഷനകയുടെ ഇന്നിംഗ്സ് ടീമിന്റെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു.
ബംഗ്ലാ ടൈഗേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ബുള്‍സ് 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ 50 റണ്‍സടിച്ച ലിയാം ലിവിംഗ്സ്റ്റണിന്‍റെയും 14 പന്തല്‍ 33 റണ്‍സടിച്ച ദാസുന്‍ ഷനകയുടെയും ബാറ്റിംഗ് മികവില്‍ ബംഗ്ലാ ടൈഗേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 9.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.