ഗംഭീറും കൈവിട്ടതോടെ പുറത്താക്കി ടീം ഇന്ത്യ; ബി.സി.സി.ഐ നടപടിയെടുത്ത് മൂന്നാം നാള്‍ അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഐപിഎല്‍ ടീമിന്റെ സുപ്രധാന ചുമതലയിലേക്ക്

അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

Update: 2025-04-20 12:39 GMT

മുംബൈ: ബിസിസിഐ പുറത്താക്കിയ ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഭിഷേക് നായര്‍ ടീമിനൊപ്പം ചേര്‍ന്നതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ ക്ലബ്ബില്‍ അഭിഷേകിന്റെ റോള്‍ എന്താണെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരെ പുറത്താക്കിയത്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയതിനുമാണ് അഭിഷേക് നായരെ പുറത്താക്കിയത്.

പുറത്താക്കി മൂന്നാം നാള്‍ തന്റെ മുന്‍ ഐ.പി.എല്‍ ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊല്‍ക്കത്ത ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു. കൊല്‍ക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാര്‍ജേറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസം മുന്നെയാണ് അഭിഷേക് നായരെയും ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപിനെയും ബി.സി.സി.ഐ പുറത്താക്കിയത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകന്‍ അഭിഷേക് നായര്‍. കഴിഞ്ഞ വര്‍ഷം ടി20ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയപ്പോഴാണ് സഹ പരിശീലകനായി അഭിഷേക് നായര്‍ കൂടെ എത്തിയത്. ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു.കഴിഞ്ഞ വര്‍ഷം ഗംഭീറിന്റെ മെന്റര്‍ഷിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ ട്രോഫി നേടിയപ്പോള്‍ അഭിഷേക് ഗംഭീറിനൊപ്പം സഹപരിശീലകരായിരുന്നു.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ശത്രുതാ മനോഭാവത്തോടെയാണ് അഭിഷേകിനോടു പെരുമാറിയതെന്നും, അദ്ദേഹത്തെ പുറത്തിരിക്കാന്‍ ക്ലബ്ബ് അനുവദിക്കില്ലെന്നുമാണു ഫ്രാഞ്ചൈസിയുടെ നിലപാടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു മുംബൈ സ്വദേശിയായ അഭിഷേക് നായര്‍. മുംബൈ നഗരത്തില്‍ കെകെആര്‍ ക്രിക്കറ്റ് അക്കാദമിയുടെ നടത്തിപ്പും അഭിഷേകിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം പരിശീലകനായതോടെയാണ് അഭിഷേകിനും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഗംഭീറിന്റെ നിര്‍ബന്ധത്തിലാണ് അഭിഷേകിനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തയാറായത്.

എന്നാല്‍ അഭിഷേക് നായരെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചപ്പോള്‍ ഗംഭീറും എതിര്‍ത്തില്ല. അഭിഷേക് നായര്‍ക്കൊപ്പം ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെയും ബിസിസിഐ പറഞ്ഞുവിട്ടിരുന്നു. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കൊല്‍ക്കത്തയിലെത്തിയ അഭിഷേക് നായര്‍ താരങ്ങള്‍ക്കൊപ്പം പരിശീലനങ്ങളില്‍ പങ്കെടുത്തു തുടങ്ങി. 41 വയസ്സുകാരനായ അഭിഷേകിന് കൊല്‍ക്കത്ത താരങ്ങളുമായും മാനേജ്‌മെന്റുമായും വളരെ അടുത്ത ബന്ധമാണുള്ളത്.

Tags:    

Similar News