ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ; പടിയിറങ്ങുന്നത് 221 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളും 833 റൺസും നേടിയ താരം; ഇനി വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരും
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അടുത്ത സീസണിൽ ടീം മാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി കളി മതിയാക്കാനുള്ള തീരുമാനം താരം അറിയിച്ചത്. ഐപിഎല്ലിൽ അവസരം നൽകിയ ടീമുകൾക്കും ബിസിസിഐക്കും നന്ദി അറിയിച്ച അശ്വിൻ, മറ്റ് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുള്ള സാധ്യതകൾ പരിഗണിക്കുമെന്നും സൂചന നൽകി.
2009-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ച അശ്വിൻ, അതേ ടീമിനൊപ്പം തന്നെ കരിയർ അവസാനിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 15 വർഷം നീണ്ട ഐപിഎൽ കരിയറിൽ 221 മത്സരങ്ങൾ കളിച്ച താരം 187 വിക്കറ്റുകളും 833 റൺസും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് (നായകനായി), ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. 2021 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന അശ്വിൻ, കഴിഞ്ഞ മെഗാ താരലേലത്തിലാണ് തന്റെ ആദ്യ ടീമായ ചെന്നൈയിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി ഒൻപത് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളാണ് അശ്വിൻ നേടിയത്. രാജസ്ഥാൻ റോയൽസിനെതിരെ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അശ്വിനെ കൈമാറാൻ ചെന്നൈ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ, ടീമിലെ തന്റെ പങ്കിനെക്കുറിച്ച് വ്യക്തത വേണമെന്ന് അശ്വിൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടിയായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. 2024 ഡിസംബറിൽ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ വിദേശ ടി20 ലീഗുകളിൽ കളിക്കാൻ ബിസിസിഐയുടെ നിയമപ്രകാരം അനുമതിയുള്ളൂ. ഈ തീരുമാനത്തോടെ ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ കളിക്കാനുള്ള അവസരമാണ് അശ്വിന് മുന്നിൽ തുറന്നിരിക്കുന്നത്.