ഏഷ്യകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാം! മത്സരത്തിന് മാറ്റമില്ലാതെ ക്രമം പുറത്തുവിട്ട് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യ- പാകിസ്ഥാന്‍ ആവേശപ്പോര് സെപ്റ്റംബര്‍ 14 ന് ദുബായില്‍; ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 9 മുതല്‍

ഏഷ്യകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാം!

Update: 2025-08-02 18:21 GMT

ദുബായ്:അനിശ്ചിതത്വത്തിന് ഒടുവില്‍ ക്രിക്കറ്റില്‍ വീണ്ടും ഒരു ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു.ഏഷ്യ കപ്പിലെ ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തിന് മാറ്റമില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. മത്സരങ്ങളുടെ സമയക്രമവും എസിസി പുറത്തുവിട്ടു.സെപ്റ്റംബര്‍ 14ന് ദുബായിലാണ് ഇന്ത്യ - പാക് മത്സരം.എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്വി എക്‌സിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന കോണ്ടിനെന്റല്‍ ടൂര്‍ണമെന്റ് പൂര്‍ണ്ണമായും യുഎഇയിലാണ് നടക്കുന്നത്. ആകെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 28 ന് ദുബായിലാണ് ഫൈനല്‍.ടീമുകളെ നാല് വീതം വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ് എന്നിവരുമാണ്.

ഏഷ്യാ കപ്പ് 2025 പൂര്‍ണ്ണ ഷെഡ്യൂള്‍

ഗ്രൂപ്പ് ഘട്ടം

സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ -ഹോങ്കോങ്, അബുദാബി

സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ- യുഎഇ, ദുബായ്

സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് - ഹോങ്കോങ്, അബുദാബി

സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ - ഒമാന്‍, ദുബായ്

സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് ശ്രീലങ്ക, അബുദാബി

സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ -പാകിസ്ഥാന്‍, ദുബായ്

സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക - ഹോങ്കോങ്, അബുദാബി

സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാന്‍, ദുബായ്

സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ - യുഎഇ, അബുദാബി

സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍, ദുബായ്

സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ - ഒമാന്‍, അബുദാബി

സൂപ്പര്‍ 4

സെപ്റ്റംബര്‍ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 - ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2, ദുബായ്

സെപ്റ്റംബര്‍ 21 (ഞായര്‍): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 - ഗ്രൂപ്പ് എ ക്വാളിഫയര്‍ 2, ദുബായ്

സെപ്റ്റംബര്‍ 22 (തിങ്കള്‍): വിശ്രമ ദിനം

സെപ്റ്റംബര്‍ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1- ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2, അബുദാബി

സെപ്റ്റംബര്‍ 24 (ബുധന്‍): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 - ഗ്രൂപ്പ് എ ക്വാളിഫയര്‍ 2, ദുബായ്

സെപ്റ്റംബര്‍ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയര്‍ 2 - ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2, ദുബായ്

സെപ്റ്റംബര്‍ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 - ഗ്രൂപ്പ് ബി ക്വാളിഫയര്‍, ദുബായ്

സെപ്റ്റംബര്‍ 27 (ശനി): അവധി ദിനം

ഫൈനല്‍

സെപ്റ്റംബര്‍ 28 (ഞായര്‍): ഫൈനല്‍, ദുബായ്


പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഏഷ്യാ കപ്പ് പ്രതിസന്ധിയിലായത്. പാകിസ്ഥാനുമായി മത്സരിക്കരുതെന്ന് ആവശ്യമുയരുകയും ഇന്ത്യയില്‍ കളിക്കാനില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുകയും ചെയ്തതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു.ഈ പശ്ചാത്തലത്തില്‍ ലെജന്‍ഡ്സ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യ -പാക് സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ അടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്നോട്ട് പോവാന്‍ എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം.

അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാലാണ് ഇത്തവണ ടി20 ഫോര്‍മാറ്റില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്.ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് ശേഷം സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും യോഗ്യത നേടിയാല്‍ അവിടെയും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒരു ഇന്ത്യ-പാക് ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. അന്ന് ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് 2023ല്‍ ഇന്ത്യ കിരീടം നേടിയത്.

Tags:    

Similar News