അന്ന് യോയോ ടെസ്റ്റ് കൊണ്ടുവന്നു; ഗംഭീറും സേവാഗും യുവരാജും പുറത്തായി; ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത് ശര്‍മയെ പുറത്താക്കാന്‍; ലോകകപ്പ് കളിച്ചേക്കില്ല; ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് പരീക്ഷിക്കുന്നതിനുള്ള യോ യോ ടെസ്റ്റിന് പകരമായി ബിസിസിഐ കൊണ്ടുവരുന്ന ബ്രോങ്കോ ടെസ്റ്റിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം. ഏകദിന ടീം നായകന്‍ രോഹിത് ശര്‍മയെ ഏകദിന ടീമില്‍ നിന്നൊഴിവാക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പാസാവാന്‍ രോഹിത് ശര്‍മയ്ക്ക് കഴിയില്ലെന്നും അങ്ങനെ 2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് ഫിറ്റ്‌നസ് ചൂണ്ടിക്കാട്ടി പുറത്താക്കാനാണ് പദ്ധതിയെന്നുമാണ് വിമര്‍ശനം. 2027ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയെ കളിപ്പിക്കാതിരിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ലക്ഷ്യമെന്നും തിവാരി ആരോപിച്ചു.
മുന്‍താരമായ മനോജ് തിവാരിയാണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. കോലിക്ക് ഫിറ്റ്‌നസ് കടമ്പ കടക്കാനാകുമെന്നതില്‍ തനിക്ക് സംശയമേതുമില്ലെന്നും എന്നാല്‍ രോഹിതിന്റെ കാര്യം അങ്ങനെയല്ലെന്നും തിവാരി ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രോഹിതിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നതെന്നും തിവാരി തുറന്നടിക്കുന്നു.
'2027 ഏകദിന ലോകപ്പിനുള്ള ടീമില്‍ നിന്ന് വിരാട് കോലിയെ ഒഴിവാക്കാമെന്ന് വിചാരിക്കുകയേ വേണ്ട. പക്ഷേ രോഹിതിന്റെ കാര്യം അങ്ങനെ ആകുമെന്ന് തോന്നുന്നില്ല. രോഹിത് ശര്‍മയെ പോലെയുള്ളവരെ, അതായത് ഭാവിയില്‍ ടീമില്‍ വേണ്ടെന്ന് മാനേജ്‌മെന്റിന് തോന്നുന്നവരെ ഒഴിവാക്കാനുള്ള എളുപ്പവഴിയായിട്ടാണ് ബ്രോങ്കോ ടെസ്റ്റിനെ ഞാന്‍ കാണുന്നത്.
''നന്നായി കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഗൗതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, യുവരാജ് സിങ് തുടങ്ങിയ താരങ്ങളെല്ലാം ഇങ്ങനെയാണു പുറത്തായത്. 2011 ല്‍ നമ്മള്‍ ചാംപ്യന്‍മാരായതിനു പിന്നാലെ യോയോ ടെസ്റ്റ് കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു ഇതെല്ലാം സംഭവിച്ചത്. എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം.'' മനോജ് തിവാരി വ്യക്തമാക്കി. അഡ്രിയന്‍ ലെ റൂക്‌സ് കഴിഞ്ഞ ജൂണിലാണ് ഇന്ത്യയുടെ ഫിറ്റ്‌നസ് പരിശീലകനായി നിയമിതനായത്. ചുമതലയേറ്റെടുത്ത ശേഷം ബ്രോങ്കോ ടെസ്റ്റ് നടപ്പാക്കുകയാണ് അഡ്രിയന്‍ ആദ്യം ചെയ്തത്.
''ഇന്ത്യന്‍ ക്രിക്കറ്റില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഫിറ്റ്‌നസ് പരീക്ഷയാണിത്. എന്നാല്‍ എന്തു കൊണ്ടാണ് ഇത് ഇപ്പോള്‍ തന്നെ കൊണ്ടുവന്നത് എന്നാണു ചോദ്യം. പരിശീലകന്‍ ഗംഭീര്‍ ചുമതലയേറ്റെടുത്തിട്ട് മാസം കുറെയായി. ആരുടെ ആശയമായിരുന്നു ഇത്? അതിന്റെ ഉത്തരം എനിക്കും അറിയില്ല. പക്ഷേ രോഹിത് ശര്‍മ ഫിറ്റ്‌നസില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഈ പരീക്ഷണം അദ്ദേഹത്തെയായിരിക്കും കൂടുതല്‍ ബാധിക്കുക. ബ്രോങ്കോ ടെസ്റ്റ് രോഹിതിന് ഒരു തടസ്സമാകുമെന്നാണു ഞാന്‍ കരുതുന്നത്.''
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രകാലം നടപ്പിലാക്കിയതിലേറ്റവും കഠിനമായ ഫിറ്റ്‌നസ് ടെസ്റ്റാണ് ബ്രോങ്കോ. എന്തിനാണിത് ഇപ്പോള്‍ കൊണ്ടുവന്നത്? ഇതാരുടെ തലയില്‍ ഉദിച്ച കാര്യമാണ്? ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം ഈ പ്രഖ്യാപനം വന്നതിന്റെ കാരണമെന്ത്? കൃത്യമായ ഉത്തരമെനിക്കില്ല. പക്ഷേ വിലയിരുത്തലുകള്‍ ശരിയാണെങ്കില്‍ ഏകദിന ലോകകപ്പ് ടീമില്‍ രോഹിത് ശര്‍മയുണ്ടാവില്ല. ഈ ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാന്‍ രോഹിതിന് സാധിക്കുമെന്ന് താന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പിന് മുന്‍പ് രോഹിത് വിരമിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരങ്ങളുടെ എയ്‌റോബിക് ശേഷി, മാനസിക ധൈര്യം, വേഗതയിലെ മികവ് എന്നിവ പരീക്ഷിക്കുന്നതിനായി നടത്തുന്ന ഓട്ടമാണ് ഈ ഫിറ്റ്‌നസ് ടെസ്റ്റിന്റെ അടിസ്ഥാനം. 20 മീറ്റര്‍,40 മീറ്റര്‍,60 മീറ്റര്‍ എന്നിവയുടെ അഞ്ച് ഷട്ടിലാണ് ടെസ്റ്റിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പലര്‍ക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കണ്ടതോടെയാണ് കടുപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.