'സൂപ്പര്‍സ്റ്റാര്‍ കപ്പിളിന് ടണ്‍കണക്കിന് ആശംസകള്‍'; സഞ്ജുവിനും ചാരുലതക്കും വിവാഹവാര്‍ഷിക ആശംസ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്
സഞ്ജുവിനും ചാരുലതക്കും വിവാഹവാര്‍ഷിക ആശംസ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന് ഏഴാം വിവാഹവാര്‍ഷികമാണ് ഇന്ന്. 2018 ഡിസംബര്‍ 22നാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സും താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
'സൂപ്പര്‍സ്റ്റാര്‍ കപ്പിളിന് ടണ്‍കണക്കിന് ആശംസകള്‍' എന്നാണ് സി.എസ്.കെ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സഞ്ജുവും ചാരുവും ഒരുമിച്ചുള്ള ചിത്രങ്ങളും സൂപ്പര്‍ കിങ്‌സ് പങ്കുവെച്ചു. മാര്‍ ഇവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
അതേസമയം ഐ.പി.എല്ലില്‍ ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. സഞ്ജുവിന് പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജദേജയേയും സാം കറനെയും ചെന്നൈ രാജസ്ഥാന് കൈമാറി. രോഹന്‍ കുന്നുമ്മല്‍ നയിക്കുന്ന കേരളത്തിന്റെ വിജ് ഹസാരെ ടീമിലും ഫെബ്രുവരിയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും സഞ്ജുവുണ്ട്. ഉപനായകനായിരുന്ന ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കി ടീം പ്രഖ്യാപനം നടത്തിയതോടെ, ഓപണിങ് പൊസിഷനിലാകും ലോകകപ്പില്‍ സഞ്ജു കളിക്കുക.