പിഴ കിട്ടിയിട്ടും, നെഗറ്റീവ് പോയിന്റ് നേടിയിട്ടും ആഘോഷ രീതി മാറ്റാന്‍ തയ്യാറാകാതെ ലക്‌നൗ താരം ദിഗ്‌വേഷ്; ഇത്തവണ ഇരയായത് മുംബൈ താരം

Update: 2025-04-04 17:33 GMT

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ആനിമേറ്റഡ് 'നോട്ട്ബുക്ക് ആഘോഷം' നടത്തിയ പണി കിട്ടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ ദിഗ്വേഷ് രതി വീണ്ടും സമാന കുറ്റം ആവര്‍ത്തിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീസിന്റെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ആയിരുന്നു ഐപിഎല്‍ പിഴയായി വിധിച്ചത്.

എന്തായാലും പിഴ കിട്ടിയിട്ടും ട്രോളുകള്‍ക്ക് ഇരയായിട്ടും തന്റെ ആഘോഷ രീതി മാറ്റാന്‍ താരം ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഉയര്‍ത്തിയ 204 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ തകര്‍ന്ന അവസരത്തില്‍ ആയിരുന്നു നമാന്‍ ദിര്‍ എന്ന മിടുക്കനായ യുവതാരം സൂര്യകുമാറിനൊപ്പം ചേര്‍ന്നത്. താരം യദേഷ്ടം റണ്‍ നേടി മുന്നേറുമ്പോള്‍ ആണ് 24 പന്തില്‍ 46 റണ്‍ എടുത്ത താരത്തെ ദിഗ്വേഷ് മടക്കിയത്. താരത്തെ ക്ലീന്‍ ബൗള്‍ഡ് ആക്കിയതിന് ശേഷമാണ് ദിഗ്വേഷ് വീണ്ടും നോട്ടുബുക്ക് ആഘോഷം പുറത്ത് എടുത്തത്.

ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ പഞ്ചാബിന്റെ റണ്‍-ചേസിനിടെയാണ് ആദ്യ സംഭവം നടന്നത്. ഡല്‍ഹിയിലെ ആഭ്യന്തര സഹതാരം പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയ ശേഷം, രതി ബാറ്റ്‌സ്മാന്റെ അടുത്തേക്ക് നടന്ന് 'നോട്ട്ബുക്ക് ആഘോഷം' അനുകരിച്ചു. 2019 ല്‍ കെസ്രിക് വില്യംസും പിന്നീട് വിരാട് കോഹ്ലിയും പ്രശസ്തമാക്കിയ ഒരു ആംഗ്യമാണിത്.

രണ്ട് കൂട്ടുകാര്‍ക്കിടയില്‍ ഉള്ള തമാശയായി ഇതിനെ കാണാം എങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിയമം അതിനൊന്നും അനുവദിച്ചില്ല. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ലെവല്‍ 1 കുറ്റം രതി സമ്മതിച്ചു, ഇത് ''ഒരു ബാറ്റ്സ്മാനെ പുറത്താക്കുമ്പോള്‍ അധിക്ഷേപിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.'' ഐപിഎല്‍ നിയമങ്ങള്‍ അനുസരിച്ച്, ലെവല്‍ 1 കുറ്റങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.

സോഷ്യല്‍ മീഡിയയില്‍ എന്തായാലും ഈ ആഘോഷം പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. അന്നത്തെ മത്സരശേഷം പഞ്ചാബ് വിജയത്തിന് പിന്നാലെ പഞ്ചാബ് ഉടമകള്‍ ഒന്നടകം ദിഗ്വേഷ് രതിയുടെ ആഘോഷം അനുകരിച്ചുകൊണ്ട് മറുപടി കൊടുക്കുകയും ചെയ്തു.

Tags:    

Similar News