റൂട്ടും പ്രസിദ്ധും തമ്മിൽ വാക്കേറ്റം; ബാറ്റ് കൊണ്ട് മറുപടി; തർക്കം രൂക്ഷമായതോടെ ഇടപെട്ട് അമ്പയർമാർ; വീഡിയോ കാണാം

Update: 2025-08-01 17:14 GMT

കെന്നിങ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഓവലിൽ നടക്കുകയാണ്. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ജയത്തിൽ കുറഞ്ഞൊന്നും അവസാന മത്സരത്തിൽ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. അതിനാൽ വാശിയേറിയ പോരാട്ടമാണ് ഓവലിൽ അരങ്ങേറുന്നത്. രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടും ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും തമ്മിലുണ്ടായ വാക്‌പോരിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലാണ് സംഭവം. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരടക്കം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തില്‍ റൂട്ടിന് റണ്ണെടുക്കാന്‍ സാധിച്ചില്ല. ഔട്ട് സ്വിങ് ചെയ്ത പന്ത് റൂട്ടിന്റെ ബാറ്റിൽ തട്ടാതെ കീപ്പറിന്റെ കൈകളിൽ എത്തി. കൂടി പിന്നാലെ ബൗളര്‍ റൂട്ടിനെ നോക്കി എന്തൊക്കെയോ പറഞ്ഞു. റൂട്ടും താരത്തിന് മറുപടി നല്‍കി. അടുത്ത പന്തില്‍ റൂട്ട് ഫോറടിക്കുകയും ചെയ്തു. ശേഷം താരങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരടക്കം ഇടപെട്ടു.

ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. താരത്തെ സിറാജ് എള്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. അതേസമയം, ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചു. വിക്കറ്റുകൾ നഷ്ടമാകാതെ 12 റൺസ് ടീം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 224 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് 247ൽ അവസാനിച്ചിരുന്നു. 

Tags:    

Similar News