മുന്‍ നിര തകര്‍ന്നു; വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും ഫലം കണ്ടില്ല; ഉദ്ഘാടന മത്സരം ഗംഭീരമാക്കി ന്യൂസിലന്‍ഡ്; പാകിസ്ഥാനെ 60 റണ്‍സിന് തോല്‍പ്പിച്ച് കിവീസ്; ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വരവറിയിച്ച് ടീം

Update: 2025-02-19 17:20 GMT

കറാച്ചി; ഐസിസി ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ ഗംഭീര തുടക്കം കുറിച്ച് ന്യൂസിലന്‍ഡ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആതിഥേയരെ 60 റണ്‍സിന് തോല്‍പ്പിച്ച് കിവീസ് തങ്ങളുടെ വരവ് അറിയിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് പടയ്ക്ക് 47.2 ഓവറലഫില്‍ 260 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ന്യൂസിലാന്‍ഡിനായി ഓപണര്‍മാരായ വില്‍ യങ്ങും ഡേവോണ്‍ കോണ്‍വേയും ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ 40 റണ്‍സിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താന്‍ തിരിച്ചുവന്നു. 10 റണ്‍സോടെ ഡെവോണ്‍ കോണ്‍വേയും ഒരു റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്തായി. പിന്നാലെ ഡാരല്‍ മിച്ചല്‍ 10 റണ്‍സുമായി മടങ്ങിയപ്പോള്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ മൂന്നിന് 73 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ യങ്ങിനൊപ്പം ടോം ലേഥം എത്തിയതോടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നീങ്ങി.

113 പന്തില്‍ 12 ഫോറും ഒരു സിക്‌സറും സഹിതം 107 റണ്‍സെടുത്ത വില്‍ യങ് ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. ടോം ലേഥവും വില്‍ യങ്ങും ചേര്‍ന്ന നാലാം വിക്കറ്റില്‍ 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറും സഹിതം ലേഥം 118 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സ് - ടോം ലേഥം സഖ്യം 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറും സഹിതം 61 റണ്‍സെടുത്താണ് ഫിലിപ്‌സ് പുറത്തായത്.

മറുപടി പറഞ്ഞ പാകിസ്താന്‍ ആദ്യ ഓവറുകളില്‍ പതിഞ്ഞ താളത്തിലാണ് ബാറ്റ് ചെയ്തത്. ആദ്യ 10 ഓവറില്‍ സ്‌കോര്‍ ചെയ്യാനായത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് മാത്രം. 90 പന്തുകള്‍ നേരിട്ട ബാബര്‍ അസം ആറ് ഫോറിന്റെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 64 റണ്‍സ് നേടി. ഫഖര്‍ സമാന്‍ 41 പന്തില്‍ 24 റണ്‍സിനും വേഗത കുറവായിരുന്നു.

28 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും സഹിതം 42 റണ്‍സെടുത്ത സല്‍മാന്‍ അലി ആഗയുടെയും 49 പന്തില്‍ 10 ഫോറിന്റെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 69 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായുടെയും പ്രകടനം പാകിസ്താനെ വിജയത്തിലേക്ക് നയിക്കാന്‍ പോരുന്നതല്ലായിരുന്നു. ന്യൂസിലാന്‍ഡിനായി വില്‍ ഒ റൂക്കും മിച്ചല്‍ സാന്റനറും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    

Similar News