ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയില്ല, മത്സരങ്ങള്‍ പുറത്തേക്കു മാറ്റാനാകില്ല; ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി തള്ളി ഐസിസി; ബംഗ്ലദേശിന്റെ മത്സരങ്ങള്‍ കൊല്‍ക്കത്തയിലും മുംബൈയിലുമായി നടക്കും; പിന്‍മാറല്‍ ഭീഷണി മുഴക്കിയ ബംഗ്ലാദേശിന് തിരിച്ചടി
ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയില്ല, മത്സരങ്ങള്‍ പുറത്തേക്കു മാറ്റാനാകില്ല
ദുബായ്: ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ തന്നെയാകുമെന്ന് നിലപാടാണ് ഐസിസി അധ്യക്ഷന്‍ ജെയ്ഷാ സ്വീകരിച്ചത്. ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.
ചൊവ്വാഴ്ച ഐസിസി ഭാരവാഹികളും ബിസിബി അംഗങ്ങളും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തന്നെ ഐസിസി വിഷയത്തില്‍ നിലപാട് അറിയിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് ബംഗ്ലദേശിന്റെ മത്സരങ്ങള്‍ മാറ്റേണ്ടതില്ലെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ബംഗ്ലദേശ് താരങ്ങള്‍ക്കു ഭീഷണിയുണ്ടെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഐസിസി ചര്‍ച്ചയില്‍ നിലപാടെടുത്തു.
ഈ സാഹചര്യത്തില്‍ ബംഗ്ലദേശിന്റെ മത്സരങ്ങള്‍ കൊല്‍ക്കത്തയിലും മുംബൈയിലുമായി തന്നെ നടത്താമെന്ന നിര്‍ദേശവും ഐസിസി മുന്നോട്ടുവച്ചു. ഇന്ത്യയിലെ ബംഗ്ലദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണു നടക്കുന്നത്. പാക്ക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് പാക്ക് ബോര്‍ഡ് തീരുമാനിച്ചതോടെയാണ് പാക്കിസ്ഥാന്റെ കളികള്‍ ശ്രീലങ്കയില്‍ നടത്താന്‍ ധാരണയായത്. ഇതേ രീതിയാണ് ബംഗ്ലദേശും ആവശ്യപ്പെട്ടതെങ്കിലും ഐസിസി തള്ളിക്കളയുകയായിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളാണ് ബംഗ്ലദേശിന് ഇന്ത്യയില്‍ കളിക്കാനുള്ളത്. അതില്‍ മൂന്നും കൊല്‍ക്കത്തയിലാണ്. ഫെബ്രുവരി ഏഴിന് കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരായാണ് ആദ്യ പോരാട്ടം. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍ ടീമുകള്‍ക്കെതിരെയാണ് ബംഗ്ലദേശിന്റെ മറ്റു മത്സരങ്ങള്‍. മത്സരങ്ങള്‍ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റുമ്പോള്‍ ഭാരിച്ച ചെലവാണ് സംഘാടകര്‍ക്കു വഹിക്കേണ്ടിവരുക.
നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് മറുപടിയുമായി ബിസിസിഐ രംഗത്തുവന്നിരുന്നു. ഓരോ ടീമുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ലോകകപ്പ് മത്സരക്രമം മാറ്റാന്‍ കഴിയില്ലെന്നാണ്് ബിസിസിഐ വ്യക്തമാക്കിയത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തില്‍ വിള്ളല്‍ വീണത്.
താരലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെ കെ ആര്‍ സ്വന്തമാക്കിയത്. എന്നാല്‍ മുസ്തഫിസുറിനെട ടീമിലെടുത്തതിനെതിരെ ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. പിന്നാലെ മുസ്തഫിസുറിനെ ടീമില്‍ നിന്നൊഴിവാക്കാന്‍ ബിസിസിഐ നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
സുരക്ഷാകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ വേദിയാവുന്ന ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഓരോ ടീമിന്റെ താല്‍പര്യത്തിന് അനുസരിച്ച് ലോകകപ്പ് വേദിമാറ്റാന്‍ കഴിയില്ലെന്നാണ് ഇതിന് ബിസിസിഐ മറുപടി നല്‍കിയത്. ലോകകപ്പ് നിരവധി ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റാണ്. എല്ലാ ടീമുകള്‍ക്കുള്ള വിമാന ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്തതാണ്. ഇതെല്ലാം പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഈ നിലപാടിനെ പിന്തുണയ്ക്കുകയാണ് ഐസിസി ചെയ്തതും.
