കരിയറിലെ ആറാം സെഞ്ച്വറിയുമായി അശ്വിന്‍; ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി ജഡേജയുമായി തകര്‍പ്പന്‍ കൂട്ടുകെട്ടും; ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ 6 ന് 339
ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ 6 ന് 339
ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ വമ്പന്‍ തിരിച്ചുവരവ്. ആര്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ ആഥിപത്യം നേടിയത്.ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്.102 റണ്‍സുമായി അശ്വിനും 86 റണ്‍സോടെ ജഡേജയും ക്രീസില്‍.പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 195 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
108 പന്തില്‍ നിന്നാണ് അശ്വിന്റെ സെഞ്ച്വറി നേട്ടം.നാലുതവണ അതിര്‍ത്തികടത്തിയ അശ്വിന്‍ രണ്ട് സിക്‌സറുകളും പറത്തി.ഹോം ഗ്രൗണ്ടില്‍ അശ്വിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്.കരിയറിലെ ആറാമത്തേതും.117 പന്തില്‍ 87 റണ്‍സെടുത്ത ജഡേജയും 10 ബൗണ്ടറിയും രണ്ട് സിക്സുകളും പറത്തി.144ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്നിടത്തു നിന്നാണ് ഇരുവരും തുടങ്ങിയത്.ബൗളര്‍മാര്‍ മേധാവിത്വം കാട്ടിയ പിച്ചില്‍ അതിനെ വകവെക്കാതെ ഏകദിന ശൈലിയില്‍ ബാറ്റുവീശിയാണ് ഇരുവരും ഇന്നിങ്ങ്സ് മുന്നോട്ട് നീക്കിയത്.
ഓപ്പണര്‍ യശ്വസി ജയ്സ് വാളും അര്‍ധ സെഞ്ച്വറി നേടി.118 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ യശ്വസി നാഹിദ് റാണയുടെ പന്തില്‍ കൂടാരം കയറി. ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ഋഷഭ് പന്ത് മാത്രമാണ് ഇവരെക്കൂടാതെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.ഋഷഭ് പന്ത് (52 പന്തില്‍ 39) റണ്‍സ് എടുത്ത് പുറത്തായി.കെഎല്‍ രാഹുല്‍ (52 പന്തില്‍ 16), രോഹിത് ശര്‍മ (ആറ്), വിരാട് കോഹ് ലി (ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍.
9.2 ഓവറില്‍ 34 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (19 പന്തില്‍ ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം), വിരാട് കോഹ്ലി (ആറു പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്.
41ാം ഓവറില്‍ ടീം സ്‌കോര്‍ 144-ല്‍ നില്‍ക്കേ ജയ്‌സ്വാളും കെ.എല്‍. രാഹുലും മടങ്ങി. 118 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോര്‍ സഹിതം 56 റണ്‍സ് നേടിയ ജയ്‌സ്വാളിനെ നാഹിദ് റാണ ശദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 56 പന്തില്‍ 16 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ സാകിര്‍ ഹസന് ക്യാച്ച് നല്‍കിയും മടങ്ങി.
തുടര്‍ന്ന് രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീം സ്‌കോര്‍ ഇരുന്നൂറും മുന്നൂറും കടത്തിയത്.പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം ലഞ്ചിനുശേഷം ലഭിക്കാതിരുന്നതോടെ അശ്വിനും ജഡേജക്കും കാര്യങ്ങള്‍ എളുപ്പമായി.10 ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് അശ്വിന്‍ 102 റണ്‍സെടുത്തത്. 87 റണ്‍സെടുത്ത ജഡേജയും 10 ബൗണ്ടറിയും രണ്ട് സിക്സുകളും പറത്തി. ബംഗ്ലാദേശിനായി പേസര്‍ ഹസന്‍ മെഹ്‌മൂദ് 58 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ നാഹിദ് റാണയും മെഹ്ദി ഹസന്‍ മിറാസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്ത ഗൗതം ഗംഭീറിന് പരിശീലകകരിയറിലെ ആദ്യടെസ്റ്റാണിത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റുപട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യക്ക് ലീഡുയര്‍ത്താനുള്ള അവസരവും.
ബംഗ്ലാദേശിനാകട്ടെ, ഈയിടെ പാകിസ്താനെതിരേ നേടിയ വിജയം തുടരാനുള്ള ആവേശവും.ആറുമാസത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഈയിടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് ജയിച്ച ആവേശത്തിലാണ് ബംഗ്ലാദേശ് വരുന്നത്.