കട്ടക്ക് ഏകദിനം: ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം; ബെൻ ഡക്കറ്റിന് അർദ്ധ സെഞ്ചുറി; ഏകദിന അരങ്ങേറ്റത്തിൽ ഇംഗ്ലണ്ട് ഓപ്പണറെ പവലിയനിലെത്തിച്ച് വരുൺ ചക്രവർത്തി; വിരാട് കോലി ടീമിൽ തിരിച്ചെത്തി

Update: 2025-02-09 09:05 GMT

കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ ഡക്കറ്റ്, ഫിലിപ് സോൾട്ട് എന്നവരാണ് ഇംഗ്ലണ്ടിനായി ഓപ്പൺ ചെയ്തത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 10.5 ഓവറുകളിൽ നിന്നും 81/1 എന്ന നിലയിലാണ്. ബെൻ ഡക്കറ്റിന്റെ അതിവേഗ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയത്. 34 പന്തുകളിൽ നിന്നും 48 റൺസ് നേടിയ ബെൻ ഡക്കറ്റ് ക്രീസിൽ തുടരുകയാണ്. ജോ റൂട്ടാണ് ഡക്കറ്റിനൊപ്പം ക്രീസിലുള്ളത്. സോൾട്ട് ( 29 പന്തിൽ 26 ) ന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വരുൺ ചക്രവർത്തിക്കായിരുന്നു വിക്കറ്റ്.

അതേസമയം, പരിക്ക് മാറി വിരാട് കോലി ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ ഏകദിന അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാൾ കോഹ്ലി എത്തിയതോടെ പ്ലെയിങ് ഇലവനിൽ ഇടം നഷ്ടമായി. കുൽദീപ് യാദവിനു പകരം വരുൺ ചക്രവർത്തിക്ക് ഏകദിന അരങ്ങേറ്റത്തിനും അവസരമൊരുങ്ങി. ഇംഗ്ലണ്ട് നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. ജോഫ്ര ആർച്ചർ, ജേക്കബ് ബെത്തൽ, ബ്രൈഡൻ കാഴ്സ് എന്നിവർക്കു പകരം മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൻ, ജെയ്മി ഓവർട്ടൻ എന്നിവർ ടീമിലെത്തി.


നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ അനായാസ വിജയമാണ് സ്വന്തമാക്കിയത്. 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകൂടി സ്വന്തമാക്കി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് ആത്മവിശ്വാസത്തോടെ ഒരുങ്ങുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ‍ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി

ഇംഗ്ലണ്ട് ടീം: ഫിലിപ് സോൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൺ, ജെയ്മി ഓവർട്ടൻ, ഗസ് അറ്റ്കിൻസൻ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്

Tags:    

Similar News