അഭിമാന പോരാട്ടത്തിന് ഇന്ത്യ; പരിക്കും ഫോമും വെല്ലുവിളി; ലോ​ക​ക​പ്പി​ന് മുൻപുള്ള അ​വ​സാ​ന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ട്വ​ന്റി20 നാഗ്പൂരിൽ

Update: 2026-01-21 11:03 GMT

നാഗ്പുർ: ഇന്ത്യ-ന്യൂസിലൻഡ് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച നാഗ്പൂരിൽ നടക്കും. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പെന്നോണമാണ് ഇരു ടീമികളും പരമ്പരയെ കാണുന്നത്. ലോകകിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് ആതിഥേയരെന്ന നിലയിൽ അധിക സമ്മർദ്ദമുണ്ട്. കിവീസിനെതിരായ ഏകദിന പരമ്പര നഷ്ടമായ ക്ഷീണത്തിലാണ് സൂര്യകുമാർ യാദവും സംഘവും ഈ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

ബാറ്റർ തിലക് വർമയും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും പരിക്കുമൂലം ലോകകപ്പ് ടീമിൽ നിന്ന് പുറത്താണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇവർക്ക് പകരം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയുമാണ് ടീമിലെത്തിയിരിക്കുന്നത്. ശുഭ്മൻ ഗിൽ പുറത്തായ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി അഭിഷേക് ശർമക്കൊപ്പം ഇറങ്ങാനാണ് സാധ്യത.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ഇഷാൻ കിഷൻ ടീമിലിടം നേടി. തിലക് വർമയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ഇഷാൻ കളിക്കാനാണ് സാധ്യതയെന്ന് ക്യാപ്റ്റൻ സൂചന നൽകി. നാലാം നമ്പറിൽ സൂര്യകുമാർ യാദവ് തുടരുമ്പോൾ, അഞ്ചാം നമ്പറിലേക്ക് ശ്രേയസ് അയ്യർ പ്രധാന പരിഗണനയിലുണ്ട്. ഓൾറൗണ്ടർ സ്ലോട്ടിൽ ഹാർദിക് പാണ്ഡ്യയുടെ സ്ഥാനം ഉറപ്പാണ്. അക്ഷർ പട്ടേലും ശിവം ദുബെയും കൂടെയുണ്ടായേക്കും.

ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിംഗ് ഉണ്ടാകും. ട്വന്റി20 സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ വരുൺ ചക്രവർത്തി സ്പിന്നറായും എത്തിയേക്കാം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദന. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീമിലും പരിക്കിന്റെ ആശങ്കകളുണ്ട്. ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെല്ലിനും പേസർ ആഡം മിൽനെക്കും പരിക്കേറ്റിട്ടുണ്ട്. 

Tags:    

Similar News