വീണ്ടുമൊരു തീപാറും മത്സരം; ടി20 ലോകകപ്പിൽ ഇന്ത്യയും-പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ; ചിര വൈരികളുടെ പോരാട്ടത്തിന് കൊളംബോ വേദിയാകും

Update: 2025-11-25 13:42 GMT

മുംബൈ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. 2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഫെബ്രുവരി 15-നാണ് ക്രിക്കറ്റിലെ ഈ ഹൈ വോൾട്ടേജ് പോരാട്ടം നടക്കുക. ഇന്ത്യ-പാക്ക് പോരാട്ടത്തിനായി ശ്രീലങ്കയിലെ കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാവുക.

രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യൻ മണ്ണിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് പാക് ടീമിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ഐ.സി.സി. തീരുമാനിച്ചത്. ഇരു ടീമുകളും ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ ടീമുകൾക്കൊപ്പം നെതർലാൻഡ്‌സ്, നമീബിയ, യുഎസ്എ എന്നീ രാജ്യങ്ങളും ഈ ഗ്രൂപ്പിൽ മാറ്റുരയ്ക്കും. 2026 ഫെബ്രുവരി 7-ന് ടൂർണമെന്റിന് തിരിതെളിയും.

ന്യൂഡൽഹിയിൽ ഫെബ്രുവരി 12ന് ഇന്ത്യ നമീബിയയുമായി ഏറ്റുമുട്ടും. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫെബ്രുവരി 19ന് ഇന്ത്യ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ നെതർലൻഡ്സുമായി മത്സരിക്കും. ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയാൽ അഹ്മദാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാകും മത്സരങ്ങൾ. സെമി ഫൈനൽ മുംബൈയിലും നടക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് രണ്ടാമത്തെ സെമി ഫൈനൽ. പാക്കിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടിയാൽ, മത്സരം കൊളംബോയിലേക്കോ, കാൻഡിയിലേക്കോ മാറ്റും.

മാർച്ച് എട്ടിന് അഹ്മദാബാദിലാണ് ഫൈനൽ. പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ മത്സരം കൊളംബോയിലാണ് നടക്കുക. ഇന്ത്യയിലേക്ക് വരാൻ വിസ്സമതിച്ചതിനാൽ പാക്കിസ്താന്‍റെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയിലാണ് നടക്കുന്നത്. സമീപകാലത്തെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ ഏഷ്യാ കപ്പിൽ ഫൈനൽ ഉൾപ്പെടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ ലോകകപ്പിൽ സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര തകർപ്പൻ ഫോമിലാണ്. 

Tags:    

Similar News