സിറാജ് ആ ക്യാച്ചെടുത്തു, പക്ഷെ.. കൈവിട്ടത് ഇന്ത്യയുടെ ജയം; അതിവേഗ സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ച് ബ്രൂക്ക്; റൂട്ട് ശതകത്തോട് അടുക്കുന്നു; ഓവല്‍ ടെസ്റ്റില്‍ വിജയപ്രതീക്ഷയില്‍ ഇംഗ്ലണ്ട്

ഓവല്‍ ടെസ്റ്റില്‍ വിജയപ്രതീക്ഷയില്‍ ഇംഗ്ലണ്ട്

Update: 2025-08-03 14:56 GMT

കെന്നിങ്ടണ്‍: പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കി ഹാരി ബ്രൂക്ക്. 91 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച താരം ജോ റൂട്ടിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിനെ ജയത്തിന് അരികെ എത്തിച്ച ശേഷമാണ് പുറത്തായത്. 195 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജോ റൂട്ട് - ഹാരി ബ്രൂക്ക് സഖ്യം പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ട് നിലവില്‍ നാല് വിക്കറ്റിന് 307 റണ്‍സ് എന്ന നിലയിലാണ്. മൂന്നിന് 106 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഈ സഖ്യം 195 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്തത്.

പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബ്രൂക്കിനെ ബൗണ്ടറി ലൈനിനരികില്‍ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. വ്യക്തിഗത സ്‌കോര്‍ 19-ല്‍ നില്‍ക്കുമ്പോഴായിരുന്നു സിറാജിന്റെ പിഴവ്. പ്രസിദ്ധിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം ബ്രൂക്ക് നടത്തി. പന്ത് ഉയര്‍ന്ന് പൊന്തി ഫൈന്‍ ലെഗിലേക്ക്. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജ് അനായാസം പന്ത് കയ്യിലൊതുക്കി. പ്രസിദ്ധി വിക്കറ്റും ആഘോഷിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് പിന്നോട്ട് ഒരടി കൂടി വെച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ചവിട്ടുകയായിരുന്നു.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. 83 പന്തില്‍ നിന്ന് ആറു ബൗണ്ടറിയടക്കം 54 റണ്‍സെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പില്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഒലി പോപ്പും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തി. പിന്നാലെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഓപ്പണര്‍ സാക് ക്രോളിയെ (14) മൂന്നാം ദിനത്തിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് പുറത്താക്കിയിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്‌സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഗുസ് അറ്റ്കിന്‍സണ് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News