തിളങ്ങാനാവാതെ ഓപ്പണർമാർ; മൂന്നാം വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുകെട്ട്; കിവീസിനായി പൊരുതി ഡാരിൽ മിച്ചൽ; ഇൻഡോറിൽ ഇന്ത്യൻ പേസർമാർക്ക് മികച്ച തുടക്കം
ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനവുമായി ബൗളർമാർ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ കിവീസിനെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് 17.1 ഓവറിൽ 85/3 എന്ന നിലയിലാണ്. ഡാരിൽ മിച്ചൽ (38*), ഗ്ലെൻ ഫിലിപ്സ് (8*) എന്നിവരാണ് ക്രീസിൽ.
ആദ്യ ഓവറിൽ തന്നെ ഇന്ത്യ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. പ്രസീദ് കൃഷ്ണയ്ക്ക് പകരം ടീമിലെത്തിയ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഹെൻറി നിക്കോൾസിനെ പൂജ്യത്തിന് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഡെവോൺ കോൺവേയെ (5) പുറത്താക്കി ഹർഷിത് റാണ ന്യൂസിലൻഡിനെ വീണ്ടും ഞെട്ടിച്ചു.
പിന്നീട് വിൽ യങ്ങും ഡാരിൽ മിച്ചലും ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും ഹർഷിത് റാണ വീണ്ടും ഇന്ത്യയുടെ രക്ഷകനായി എത്തി. വിൽ യങ്ങിനെ (30) രവീന്ദ്ര ജഡേജയുടെ ഉജ്ജ്വലമായ ക്യാച്ചിലൂടെ റാണ പുറത്താക്കി. നിലവിൽ ഫോമിലുള്ള ഡാരിൽ മിച്ചലാണ് കിവീസിന്റെ പ്രതീക്ഷ.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ടീമിൽ ഒരു മാറ്റവുമായാണ് കളിക്കുന്നത്. പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. ശുഭ്മാൻ ഗിൽ ആണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര കൈവിടാത്ത ചരിത്രം നിലനിർത്താനാണ് ഇന്ത്യയുടെ ശ്രമം. നാട്ടിൽ ഇതുവരെ കളിച്ച 16 ഏകദിന പരമ്പരകളിലും ഇന്ത്യക്കായിരുന്നു ജയം. ശുഭ്മാൻ ഗില്ലിന് കീഴിൽ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര നേട്ടം കൂടിയാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. നിതീഷ് കുമാർ റെഡ്ഡിയും രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ബദോനിക്ക് ഈ മത്സരത്തിൽ അരങ്ങേറ്റം ലഭിച്ചില്ല.
രണ്ടാം മത്സരം ജയിച്ച ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് ഇറങ്ങുന്നത്. 2024-ൽ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലൻഡ് ചരിത്രം തിരുത്തിയിരുന്നു. മൈക്കിൾ ബ്രേസ്‌വെൽ ആണ് ന്യൂസിലൻഡ് ടീമിനെ നയിക്കുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ഹേ, മൈക്കിൾ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), സക്കറി ഫൗൾക്സ്, കൈൽ ജാമിസൺ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജെയ്ഡൻ ലെനോക്സ്.
