ഇന്ത്യൻ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിൻ്റെ ബൗളിംഗ് പരിശീലകനായി പരാസ് മാംബ്രെയെ നിയമിച്ചു

Update: 2024-10-16 10:27 GMT

മുംബൈ: പരാസ് മാംബ്രെയെ മുംബൈ ഇന്ത്യൻസിൻ്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചു. മുമ്പ് എംഐയുടെ അസിസ്റ്റൻ്റ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുള്ള മാംബ്രെ, നിലവിലെ ബൗളിംഗ് കോച്ച് ലസിത് മലിംഗയ്‌ക്കൊപ്പം പ്രവർത്തിക്കും. 2025 ഐപിൽ സീസണ് മുന്നോടിയായി വലിയ അഴിച്ചുപണികളാണ് മുംബൈ മാനേജ്മെന്റിൽ നടക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് മാർക്ക് ബൗച്ചർക്ക് പകരം മഹേള ജയവർധനയെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.

2021 മുതൽ 2024 ഓഗസ്റ്റ് വരെ രാഹുൽ ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ ബൗളിംഗ് കോച്ചായി സേവനമനുഷ്ഠിച്ച മാംബ്രെ, കരീബിയൻ ദ്വീപുകളിൽ ടി20 ലോകകപ്പ് നേടിയ ടീമിൻ്റെയും ഭാഗമായിരുന്നു. 2013ൽ ടീം ഐപിഎല്ലും 2011ലും 2013ലും ചാമ്പ്യൻസ് ലീഗ് ടി20യും നേടിയപ്പോൾ അദ്ദേഹം മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ പരിശീലിപ്പിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. രഞ്ജി ട്രോഫിയിൽ 2005-06, 2006-07 സീസണുകളിൽ ബംഗാൾ തുടർച്ചയായി ഫൈനലുകളിൽ എത്തുമ്പോൾ മാംബ്രെയായിരുന്നു പരിശീലകൻ. 1996 നും 1998 നും ഇടയിൽ അദ്ദേഹം ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിച്ച മാംബ്രെ 91 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 284 വിക്കറ്റും 83 ലിസ്റ്റ് എ ഗെയിമുകളിൽ നിന്ന് 111 വിക്കറ്റും വീഴ്ത്തി.

ഹാർദിക് പാണ്ഡ്യയുടെ കീഴിൽ 14 മത്സരങ്ങളിൽ നിന്ന് വെറും നാല് വിജയങ്ങളുമായി ഐപിഎൽ 2024 ലെ പട്ടികയുടെ അവസാന സ്ഥാനത്താണ് എംഐ ഫിനിഷ് ചെയ്തത്.

Tags:    

Similar News