ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനത്ത്; ഹർമൻപ്രീത് കൗറിനും സംഘത്തിനും ഊഷ്മള സ്വീകരണമൊരുക്കി കെസിഎ; ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾ 26 മുതൽ ഗ്രീൻഫീൽഡിൽ

Update: 2025-12-24 15:44 GMT

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾക്കായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനത്ത് എത്തി. ഡിസംബർ 26, 28, 30 തീയതികളിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ബുധനാഴ്ച വൈകുന്നേരം വിശാഖപട്ടണത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് താരങ്ങൾ കേരളത്തിലെത്തിയത്.

മലയാളി താരം സജന സജീവൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ടീമിന് ഊഷ്മളമായ സ്വീകരണം നൽകി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് വെച്ചാണ് നടന്നത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് വിജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ എല്ലാ മത്സരങ്ങളും രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുക.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗ്സ്, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ഷഫാലി വർമ്മ തുടങ്ങിയ പ്രമുഖർ ടീമിന്റെ ഭാഗമാണ്. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പരയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വനിതകൾക്കും വിദ്യാർത്ഥികൾക്കും 125 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഹോസ്പിറ്റാലിറ്റി ബോക്സിൽ ടിക്കറ്റിന് 3000 രൂപ നൽകണം. അവധിക്കാലമായതിനാൽ വലിയ തോതിൽ കാണികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള പുരുഷ ടി20 മത്സരത്തിനും തിരുവനന്തപുരം വേദിയാകും.

Tags:    

Similar News