സെഞ്വറി കൂട്ടുകെട്ടുമായി പ്രഭ്സിമ്രാനും പ്രിയാന്‍ഷും; കൊല്‍ക്കത്തയ്ക്കെതിരെ 202 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത് പഞ്ചാബ്; ജയത്തോടെ ആദ്യ നാലിലേക്ക് തിരിച്ചെത്താന്‍ കിങ്‌സ് ഇലവന്‍

കൊല്‍ക്കത്തയ്ക്കെതിരെ 202 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത് പഞ്ചാബ്

Update: 2025-04-26 16:30 GMT

കൊല്‍ക്കത്ത: പ്രഭ്സിമ്രാന്‍ സിങ് പ്രിയാംശ് ആര്യ ഓപ്പണിങ് കൂട്ടുകെട്ടിന്റെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്‌കോര്‍. പഞ്ചാബ് കിങ്സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

തകര്‍പ്പന്‍ തുടക്കമാണ് പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും പഞ്ചാബിന് നല്‍കിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ പ്രഭ്സിമ്രാന്‍ ആക്രമണമാണ് ലക്ഷ്യം എന്ന സൂചന നല്‍കി. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. പതിയെ തുടങ്ങിയ പ്രഭ്സിമ്രാന്‍ പിന്നീട് കത്തിക്കയറുന്ന കാഴ്ചയാണ് കാണാനായത്. കൃത്യമായ സമയങ്ങളില്‍ ഇരുവരും ബൗണ്ടറി കണ്ടെത്തിയതോടെ പഞ്ചാബിന്റെ സ്‌കോറിംഗ് വേഗത്തിലായി. 27 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രിയാന്‍ഷ് ആര്യയായിരുന്നു കൂടുതല്‍ അപകടകാരി.

ഇന്നിംഗിസിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സ് എന്ന നിലയിലായിരുന്നു. 10.3 ഓവറില്‍ മനോഹരമായ സ്വിച്ച് ഹിറ്റിലൂടെ സിക്സര്‍ നേടിയ പ്രഭ്സിമ്രാന്‍ പഞ്ചാബിന്റെ സ്‌കോര്‍ മൂന്നക്കം കടത്തി. 12-ാം ഓവറിന്റെ നാലാം പന്തില്‍ ആന്ദ്രെ റസലിനെതിരെ പ്രിയാന്‍ഷ് മനോഹരമായ സിക്സര്‍ നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച പ്രിയാന്‍ഷിന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റില്‍ കാത്തുനിന്ന വൈഭവ് അറോറയുടെ ക്യാച്ചില്‍ പ്രിയാന്‍ഷ് പുറത്ത്. 35 പന്തില്‍ 8 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 69 റണ്‍സ് നേടിയാണ് പ്രിയാന്‍ഷ് മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

പ്രിയാന്‍ഷ് പുറത്തായതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രഭ്സിമ്രാന്‍ സിംഗ് ഏറ്റെടുത്തു. ചേതന്‍ സക്കറിയയെ ബൗണ്ടറി കടത്തി 38 പന്തില്‍ പ്രഭ്സിമ്രാന്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. അടുത്ത രണ്ട് പന്തുകളില്‍ ബൗണ്ടറിയും സിക്സറും പറത്തി പ്രഭ്സിമ്രാന്‍ സ്‌കോര്‍ ഉയര്‍ത്തി. തൊട്ടടുത്ത ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് എതിരെ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും നേടി പ്രഭ്സിമ്രാന്‍ പഞ്ചാബ് ആരാധകരെ ആവേശത്തിലാക്കി. 15-ാം ഓവറില്‍ പ്രഭ്സിമ്രാന്‍ പുറത്തായി. 49 പന്തുകള്‍ നേരിട്ട പ്രഭ്സിമ്രാന്‍ 6 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 83 റണ്‍സാണ് നേടിയത്.

ടീമില്‍ തിരിച്ചെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ ഇന്നും നിരാശപ്പെടുത്തി. 8 പന്തുകള്‍ നേരിട്ട മാക്സ്വെല്ലിന് വെറും 7 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ പഞ്ചാബ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. 7 പന്തുകള്‍ നേരിട്ട മാര്‍ക്കോ യാന്‍സനെ വൈഭവ് അറോറ പുറത്താക്കി. 16 പന്തില്‍ 25 റണ്‍സുമായി നായകന്‍ ശ്രേയസ് അയ്യരും 6 പന്തില്‍ 11 റണ്‍സുമായി ജോഷ് ഇംഗ്ലിസും പുറത്താകാതെ നിന്നു.

Tags:    

Similar News