രോഹിതും ജയ്‌സ്വാളും മടങ്ങിയെത്തി; രഞ്ജി ട്രോഫിയില്‍ മിനി ഇന്ത്യന്‍ ടീമുമായി ഇറങ്ങിയിട്ടും മുംബൈയ്ക്ക് കനത്ത തിരിച്ചടി; നിലവിലെ ചാമ്പ്യന്മാരെ അവരുടെ മടയിലെത്തി മുട്ടുകുത്തിച്ച് ജമ്മു കശ്മീര്‍; അഞ്ച് വിക്കറ്റിന്റെ ചരിത്രവിജയം
മുംബൈയ്ക്ക് കനത്ത തിരിച്ചടി; രഞ്ജി ട്രോഫിയില്‍ അഞ്ച് വിക്കറ്റ് വിജയവുമായി ജമ്മു കശ്മീര്‍
മുംബൈ: നായകന്‍ രോഹിത് ശര്‍മയടക്കം 'മിനി ഇന്ത്യന്‍ ടീമു'മായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയ മുംബൈയെ സ്വന്തം മടയില്‍ മുട്ടുകുത്തിച്ച് ജമ്മു കശ്മീര്‍. പത്ത് വര്‍ഷത്തിനുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ഓപ്പണറായ യശസ്വി ജയ്‌സ്വാളും ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യാ രഹാനെയും ശ്രേയസ് അയ്യരും ശിവം ദുബെയും എല്ലാം അടങ്ങിയ മിനി ഇന്ത്യന്‍ ടീമായ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ അഞ്ച് വിക്കറ്റിനാണ് ജമ്മു കശ്മീര്‍ തകര്‍ത്തെറിഞ്ഞത്. സ്‌കോര്‍ മുംബൈ 120, 290, ജമ്മു കശ്മീര്‍ 206, 207-5.
രണ്ടാം ഇന്നിംഗ്‌സില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ പൊരുതി നേടിയ സെഞ്ചുറിയുടെയും തനുഷ് കൊടിയാന്‍ നേടിയ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മുംബൈ മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യം മൂന്നാം ദിനം ജമ്മു കശ്മീര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 45 റണ്‍സെടുത്ത ശുഭം ഖജൂരിയായാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍. യാവര്‍ ഹസന്‍(24), വിവ്രാന്ത് ശര്‍മ(38), അബ്ദുള്‍ സമദ്(24), ആബിജ് മുഷ്താഖ്(32*), കനയ്യ വധ്വാന്‍(19*) എന്നിവരുടെ മികച്ച പ്രകടനമാണ് ജമ്മു കശ്‌നമിരിന്റെ വിജയം സാധ്യമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സില്‍നിന്ന് അഞ്ചിന് 159 എന്ന നിലയിലേക്കു കശ്മീര്‍ വീണിരുന്നു. പക്ഷേ ആബിദ് മുഷ്താഖും കനയ്യ വധാവനും ചേര്‍ന്ന് കശ്മീരിനായി വിജയ റണ്‍സ് കുറിക്കുകയായിരുന്നു. മുംബൈയ്ക്കായി ഷംസ് മുലാനി നാലു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും കശ്മീരിന്റെ കുതിപ്പിനു തടയിടാനായില്ല.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ മുംബൈയുടെ പ്രതീക്ഷ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിലും തനുഷ് കൊടിയാനിലുമായിരുന്നു. എന്നാല്‍ രണ്ടാം ദിനത്തിലെ സ്‌കോറിനോട് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഷാര്‍ദ്ദുലിനെ അക്വിബ് നബിയും തനുഷ് കൊടിയാനെ(62) യുദ്ധ്വീര്‍ സിംഗും പുറത്താക്കിയതോടെ മുംബൈയുടെ പോരാട്ടം കഴിഞ്ഞു.
290 റണ്‍സിന് ഓള്‍ ഔട്ടായ മുംബൈ മുന്നോട്ടുവെച്ച 207 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കശ്മീരിനായി ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കി. രണ്ടാം വിക്കറ്റില്‍ ശുഭം ഖജൂരിയയും വിവ്രാന്ത് ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ജമ്മു കശ്മീരിനെ 112 റണ്‍സിലെത്തിച്ചതോടെ മുംബൈയുടെ പിടി അയഞ്ഞു. ജയത്തോടെ ജമ്മു കശ്മീര്‍ ആറ് പോയന്റുമായി എലൈറ്റ് ഗ്രൂപ്പ് എയില്‍ 29 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 22 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. 27 പോയന്റുമായി ബറോഡയാണ് രണ്ടാം സ്ഥാനത്ത്.