'കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിക്കും നന്ദി'; എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ പിങ്ക് ഷര്‍ട്ടിലാണ് പിറന്നത്, എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി; വൈകാരികമായ പോസ്റ്റുമായി ജോസ് ബട്‌ലര്‍
ഐ.പി.എല്‍ 2025ന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്ലറിനെ നിലനിര്‍ത്താതിരുന്നത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയത്. ടീമിനൊപ്പം ജയത്തിലും പരാജയത്തിലും ഒപ്പം നിന്ന ബട്ലറിനെ ആരാധകര്‍ അത്രകണ്ട് സ്നേഹിച്ചിരുന്നു. 2022ല്‍ രാജസ്ഥാന്‍ റോയല്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ അതില്‍ ബട്ലര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ബട്ലറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലിന് വിടില്ലെന്ന കാരണത്തിന്റെ പുറത്താണ് രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നതും.
താരത്തെ കൈവിട്ടതിന് പിന്നാലെ ആദ്യ പ്രതികരിക്കുകയാണ് ബട്ലര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി. 2018ലാണ് ഞാന്‍ രാജസ്ഥാനൊപ്പം എത്തുന്നത്. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് അത്. 7 അവിശ്വസനീയമായ സീസണുകള്‍ പൂര്‍ത്തിയാക്കി. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ പിങ്ക് ഷര്‍ട്ടിലാണ് പിറന്നത്. എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി. പിന്നീട് ഒരുപാട് എഴുതാം.'' ബട്ലര്‍ കുറിച്ചിട്ടു.
രാജസ്ഥാന്‍ ജേഴ്സി ധരിച്ചതില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് നിങ്ങളെന്നും റോയല്‍ കുടുംബത്തില്‍ എന്നും നിങ്ങളുണ്ടാവുമെന്നും രാജസ്ഥാന്‍ മറുപടി നല്‍കി. യൂസ്വേന്ദ്ര ചാഹലും മറുപടിയുമായി എത്തിയിട്ടുണ്ട്. ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍, ധ്രൂവ് ജുറേല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും. ജോസ് ബട്‌ലര്‍, യൂസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തിയില്ല എന്നതാണ് ശ്രദ്ധേയം.
രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ സഞ്ജുവിനും മുന്‍ നായകന്‍ അജിന്‍ക്യ രഹാനെക്കും കീഴില്‍ മൂന്നാമനാണ് ബട്ലര്‍. ടീമിനായി 3,000 റണ്‍സ് മാര്‍ക് പിന്നിട്ടതും ഇവര്‍ മാത്രമാണ്. 2018ല്‍ രാജസ്ഥാനൊപ്പം പുതിയ കരിയര്‍ ആരംഭിച്ച താരം 82 ഇന്നിങ്സില്‍ ടീമിനായി ബാറ്റെടുത്തിട്ടുണ്ട്. 41.84 ശരാശരിയിലും 150.60 സ്ട്രൈക്ക് റേറ്റിലും 3,055 റണ്‍സാണ് ബട്ലര്‍ നേടിയത്. രാജസ്ഥാനായി കുറഞ്ഞത് 100 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച റണ്‍ ശരാശരിയാണ് ജോസേട്ടന്റേത്. രാജസ്ഥാനായി ഏഴ് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും ബട്ലര്‍ തന്നെയാണ്.