കാണ്‍പൂര്‍ ടെസ്റ്റ് ക്രിക്കറ്റ്; രണ്ട് ദിവസം കൊണ്ട് ബംഗ്ളാദേശിനെ ചുരുട്ടി കെട്ടി ഇന്ത്യ; അവിശ്വസനീയ വിജയം 7 വിക്കറ്റിന്

Update: 2024-10-01 09:16 GMT

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ. മഴ കാരണം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ട് 7 വിക്കറ്റ് ജയം സ്വന്തമാക്കാനായി. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് മത്സരം സമനിലയാക്കാൻ ശ്രമിക്കാതെ ഇന്ത്യ ആക്രമിച്ച് കളിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ റെക്കോർഡ് വേഗത്തിലായിരുന്നു ഇന്ത്യ സ്കോർ ചെയ്തത്.

നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായി 95 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം രോഹിതും സംഘവും ലക്ഷ്യത്തിലെത്തി. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.

26-2 എന്ന സ്കോറില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 146 റൺസിന് എല്ലാവരും പുറത്തായിരുന്നു. 3 വിക്കറ്റുകൾ വീതം നേടിയ ബുമ്രയും, ജഡേജയും, അശ്വിനും ചേർന്നാണ് ബംഗ്ളാദേശ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കിയത്. മുഷ്ഫിഖുർ റഹീമിനു മാത്രമാണ് അൽപ്പമെങ്കിലും ചെറുത്ത് നിൽക്കാനായത്. പത്താം വിക്കറ്റായി 63 പന്തിൽ 37 റൺസ് നേടിയ മുഷ്ഫിഖുർ പുറത്തായി. ഇതോടെ ഇന്ത്യ മത്സരം ജയിക്കുമെന്നുറപ്പായിരുന്നു. 95 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.

കുറഞ്ഞ സ്കോർ പിന്തുർന്നെത്തിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ(8), ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു ടീമിനെ വിജയിത്തിലെത്തിച്ചു.

Tags:    

Similar News