പുതുചരിത്രം കുറിച്ച് ഇന്ത്യ! ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവും സംഘവും; ഫൈനലില്‍ ന്യൂസലന്‍ഡിനെ കീഴടക്കിയത് 96 റണ്‍സിന്; പൊരുതിയത് ടിം സിഫര്‍ട്ടും സാന്റനറും മാത്രം; 'ഹോം ഗ്രൗണ്ടില്‍' നാല് വിക്കറ്റുമായി ബുമ്രയും മൂന്ന് വിക്കറ്റുമായി അക്‌സര്‍ പട്ടേലും; പരമ്പരയിലെ താരമായി സഞ്ജു സാംസണ്‍
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവും സംഘവും. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 159 റണ്‍സിന് പുറത്തായി. 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലുമാണ് ന്യൂസിലന്‍ഡിനെ വീഴ്ത്തിയത്. ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്.
ഐസിസി ലോകകപ്പ് ഫൈനലുകളിലെ ഇന്ത്യയുടെ 'ഞായറാഴ്ച ശാപം' ആണ് മറികടന്നത്. ഞായറാഴ്ച നടന്ന ഒരു ഫൈനല്‍ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. 2003 ഏകദിന ലോകകപ്പ് ഫൈനല്‍, 2014 ട്വന്റി20 ലോകകപ്പ് ഫൈനല്‍, 2023 ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവ ഞായറാഴ്ചയായിരുന്നു. 1983, 2011 ഏകദിന ലോകകപ്പ് ഫൈനല്‍, 2024 ട്വന്റി20 ലോകകപ്പ് ഫൈനല്‍ എന്നിവ ശനിയാഴ്ചയായിരുന്നു; 2007 ട്വന്റി20 ലോകകപ്പ് ഫൈനല്‍ തിങ്കളാഴ്ചയും. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ആ 'ഞായറാഴ്ച ശാപം' കൂടി അവസാനിപ്പിച്ചു. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടാണ് ശാപത്തിന്റെ കഥ പഴങ്കഥയാക്കിയത്.
മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്, കന്നിക്കിരീടം തേടിയെത്തിയ കിവീസ് രണ്ടാം ഫൈനല്‍ തോല്‍വിയാണ്. 2021 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടായിരുന്നു ന്യൂസീലന്‍ഡിന്റെ തോല്‍വി.
സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പറപറത്തിയ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ അലന്റെ വിക്കറ്റ് തുടക്കത്തിലെ വീഴ്ത്തിയാണ് ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചത്. 7 പന്തില്‍ 9 റണ്‍ എടുത്ത് നില്‍ക്കെ അക്‌സര്‍പട്ടേലാണ് അലനെ വീഴ്ത്തിയത്. മൂന്നാം ഓവറില്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് അക്ഷര്‍ പട്ടേലാണ് അലനെ പുറത്താക്കിയത്. രചിന്‍ രവീന്ദ്രയും തുടക്കത്തില്‍ പുറത്തായി. 2 പന്തില്‍ 1 റണ്‍സ് മാത്രമായിരുന്നു രചിന്റെ സമ്പാദ്യം. ജസ്പ്രീത് ബുമ്രയുടെ ബോളില്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ക്യാച്ചിലാണ് രചിന്‍ പുറത്തായത്. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ബൗള്‍ണ്ടാക്കി അക്ഷര്‍ അടുത്ത പ്രഹരവരും നല്‍കി. ആഭ്യന്തര മത്സരത്തില്‍ ഗുജറാത്ത് താരങ്ങളായ അക്‌സറിന്റെയും ബുമ്രയുടെയും ഹോ ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്‌സിനെ വിളിച്ച ക്യാപ്റ്റന്റെ തന്ത്രം ഫലം കണ്ടു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന് 52 എന്ന നിലയിലായിരുന്നു ന്യൂസീലന്‍ഡ്. എട്ടാം ഓവറില്‍ ചാപ്മാനെ ബൗള്‍ഡാക്കി ഹാര്‍ദിക് കിവീസിന്റെ അടുത്ത വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ മിന്നുംഫോമില്‍ കളിച്ച സെയ്ഫര്‍ട്ടിനെ ബൗണ്ടറി ലൈനിനു സമീപം ഇഷാന്‍ കിഷന്‍ കിടിലന്‍ ക്യാച്ചിലൂടെ കയ്യിലൊതുക്കി. ഇതോടെ 8.1 ഓവറില്‍ 5ന് 72 എന്ന നിലയിലേക്ക് കിവീസ് തകര്‍ന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ സഖ്യമാണ് കിവീസിനെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വിജയത്തിലേക്ക് ആ ബാറ്റിങ് മതിയാകുമായിരുന്നില്ല. അടുത്തടുത്ത പന്തുകളില്‍ ജെയിംസ് നീഷാമിനെയും മാറ്റ് ഹെന്റിയെയും വീഴ്ത്തിയ ബുമ്ര പൊരുതിനിന്ന സാന്റനറിയെും എറിഞ്ഞിട്ട് ഇന്ത്യ ജയം ഉറപ്പിച്ചു.
കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ചറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26*) ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20-ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്.
ഓപ്പണര്‍മാര്‍ ചേര്‍ന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നതും. ട്വന്റി20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളില്‍ സ്‌കോര്‍ നേടുന്നത്. 2009 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ അക്മലും ഷഹസൈബ് ഹസനും ചേര്‍ന്ന് നേടിയ 48 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട്. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ അഭിഷേക് ശര്‍മ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ചു.
മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണര്‍മാരും കത്തിക്കയറി. മൂന്നാം ഓവറില്‍ 15 റണ്ഡസ് നേടിയപ്പോള്‍, ലോക്കി ഫെര്‍ഗൂണ്‍ എറിഞ്ഞ നാലാ ഓവറില്‍ 24 റണ്‍സാണ് അഭിഷേകും സഞ്ജുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറില്‍ 21 റണ്‍സും ആറാം ഓവറില്‍ 20 റണ്‍സും പിറന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജുവും അഭിഷേകും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരിക്കല്‍ കൂടി സ്പിന്‍ കെണിയില്‍ അഭിഷേക് വീണു.
രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഇഷാനും ഒന്നിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അക്ഷരാര്‍ഥത്തില്‍ കത്തിക്കയറി. 7.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്. 11-ാം ഓവറില്‍ 33 പന്തില്‍ മൂന്നു സിക്‌സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അര്‍ധസെഞ്ചറി തികച്ചത്. ലോകകപ്പില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയാണിത്. ഇതിനുശേഷവും സഞ്ജു കത്തിക്കയറി. 14-ാം ഓവറില്‍ രചിന്‍ രവീന്ദ്രയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ സഞ്ജു സിക്‌സര്‍ നേടി. ഈ ഇന്നിങ്‌സിലാകെ 8 സിക്‌സര്‍ നേടിയ സഞ്ജുവിന്റെ ടൂര്‍മെന്റുകള്‍ സിക്‌സുകളുടെ എണ്ണം 24 ആയി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് സിക്‌സര്‍ വേട്ടക്കാരന്‍.
എന്നാല്‍ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റണ്‍സകലെ സഞ്ജുവിന് നഷ്ടമായി. 16-ാം ഓവറില്‍ ജിമ്മി നീഷമാണ് സഞ്ജുവിനെ കോള്‍ മകോന്‍കീയുടെ കൈകളില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 203ല്‍ എത്തിയിരുന്നു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഇഷാനും ചേര്‍ന്ന് 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതേ ഓവറില്‍ ഇഷാനും ഗോള്‍ഡന്‍ ഡക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ (13 പന്തില്‍ 18) 19-ാം ഓവറില്‍ മാറ്റ് ഹെന്റിയും പുറത്താക്കി. തിലക് വര്‍മയെ (6 പന്തില്‍ 8) കാഴ്ചക്കാരനായി അവസാന ഓവറില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് സ്‌കോര്‍ 250 കടത്തിയത്.
