ഐപിഎല്ലില്‍ കരുണ്‍ നായരുടെ വെടിക്കെട്ട്; ജസ്പ്രീത് ബുംറയെയും അനായാസം പറത്തി 89 റണ്‍സെടുത്തു; ക്രിക്കറ്റിനെ ഹൃദയത്തില്‍ സ്‌നേഹിച്ച ഉജ്ജ്വല മടങ്ങിവരവ്; പിന്നാലെ എത്തിയവര്‍ കലമുടച്ചപ്പോള്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് തോല്‍വി; മുംബൈയുടെ വിജയം 12 റണ്‍സിന്

ഐപിഎല്ലില്‍ കരുണ്‍ നായരുടെ വെടിക്കെട്ട്

Update: 2025-04-13 18:03 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നുവര്‍ഷത്തെ ഇടവേള കഴിഞ്ഞെത്തിയ മത്സരത്തില്‍ ഗംഭീര മികവ് പുറത്തെടുത്ത് മലയാളി താരം കരുണ്‍ നായര്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇംപാക്ട് പ്ലെയറായെത്തിയ താരം 40 പന്തുകള്‍ നേരിട്ട് 89 റണ്‍സ് നേടി. വെടിക്കെട്ട് ഇന്നിംഗ്‌സായരുന്നു കരുണ്‍ നായരുടേത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം ഐപിഎല്ലിലും തുടരുകയായിരുന്നു കരുണ്‍നായര്‍. അതേസമയം കരുണ്‍ നായരുടെ ഇന്നിംഗ്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് ഡല്‍ഹി ബാറ്റര്‍മാരെല്ലാം പരാജയമായി. ഇതോടെ 12 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്.

അഞ്ച് സിക്സും 12 ബൗണ്ടറിയും അടങ്ങുന്നതാണ് കരുണിന്റെ ഇന്നിങ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 206 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 193 റണ്‍സിന് ഓള്‍ ഔട്ടായി. കരുണ്‍ നായരുടെ ഐപിഎലിലെ ഒരു മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2016-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ നേടിയ 83 എന്ന ടോട്ടലും കടന്നാണ് മുന്നേറിയത്. ദീപക് ചാഹറെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ജേക്ക് ഫ്രേസര്‍ മഗുര്‍ക്ക് പുറത്തായി. തുടര്‍ന്ന് കരുണ്‍ നായരെ ഇംപാക്ട് താരമായി ഇറക്കുകയായിരുന്നു.

ബുംറയെറിഞ്ഞ ആറാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് കരുണ്‍ നേടിയത്. ഐപിഎലില്‍ ബുംറയ്ക്കെതിരേ ഒരു ഒവറില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. നേരത്തേ പാറ്റ് കമിന്‍സ് 26 റണ്‍സും (2022) ബ്രാവോ 20 റണ്‍സും (2018) നേടിയിരുന്നു. ഒരു ഐപിഎലില്‍ ബുംറയ്ക്കെതിരേ ഒരിന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്‌കോറും കരുണിന്റെ പേരിലായി. ഒന്‍പത് പന്തില്‍ 26 റണ്‍സാണ് കരുണ്‍ നേടിയത്. 16 പന്തില്‍ 27 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഒന്നാമത്.

ബുംറയുടെ ഓവറില്‍ത്തന്നെ കരുണ്‍ അര്‍ധ സെഞ്ചുറിയും തികച്ചു. 22 പന്തില്‍നിന്നാണ് ഫിഫ്റ്റി. മഗുര്‍ക്ക് കഴിഞ്ഞാല്‍ ഡല്‍ഹിക്കുവേണ്ടി പവര്‍പ്ലേയ്ക്കുള്ളില്‍ ഫിഫ്റ്റി നേടുന്ന ഒരേയൊരു താരം കരുണ്‍ നായരാണ്. 12-ാം ഓവറില്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ബൗള്‍ഡായാണ് കരുണ്‍ മടങ്ങിയത്.

മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ് കരുണ്‍ നായര്‍ ഒരു ഐപിഎല്‍ മത്സരത്തിനിറങ്ങുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ 1077 ദിവസം. 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന കരുണ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇറങ്ങിയതാണ് അവസാനത്തെ ഐപില്‍ മത്സരം. ഐപിഎലില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയിട്ട് ഏഴ് വര്‍ഷമായി. 2018-ല്‍ പഞ്ചാബ് കിങ്സിന്റെ ഭാഗമായിരുന്നപ്പോള്‍ അന്നത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ 22 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് അവസാനത്തേത്. അന്ന് ബുംറയ്ക്കെതിരേ ഒരോവറില്‍ 16 റണ്‍സ് നേടിയിരുന്നു.

ഇക്കഴിഞ്ഞ രഞ്ജി ട്രോഫി ജേതാക്കളായ വിദര്‍ഭയുടെ കരുത്തുറ്റ ബാറ്ററായിരുന്നു കരുണ്‍. സീസണില്‍ 16 രഞ്ജി ഇന്നിങ്സുകളില്‍നിന്നായി 863 റണ്‍സ് നേടി താരം വിദര്‍ഭയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 542 റണ്‍സും നേടി. ഒറ്റ മത്സരത്തില്‍പ്പോലും പുറത്താവാതെയായിരുന്നു ഇത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആറ് ഇന്നിങ്സുകളില്‍നിന്നായി 255 റണ്‍സും നേടി. ഈ പ്രകടനങ്ങളെല്ലാമാണ് താരത്തെ ഡല്‍ഹിയിലെത്തിച്ചത്. സൗദി അറേബ്യയില്‍ നടന്ന മെഗാ താരലേലത്തില്‍ 50 ലക്ഷത്തിനാണ് ഡല്‍ഹി കരുണിനെ വിളിച്ചെടുത്തത്.

Tags:    

Similar News