എന്തൊരു സുന്ദര പെരുമാറ്റം! ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് കൂടുതല്‍ അര്‍ഥം വന്നത് പോലെ; ദുബായിലെ മൈതാനത്ത് വിജയാഹ്ലാദ ലഹരിയില്‍ നില്‍ക്കവേ മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലി

Update: 2025-03-10 11:51 GMT

ദുബായ്: ഗുരുക്കന്മാരെയും, ഗുരുതുല്യരെയും, മുതിര്‍ന്നവരെയുമൊക്കെ കാല്‍ തൊട്ട് വന്ദിക്കുന്ന രീതി വടക്കേന്ത്യയിലും, മധ്യേന്ത്യയിലുമാണ് അധികമായി കാണാറുളളത്. ദക്ഷിണേന്ത്യയില്‍ സാഷ്ടാംഗ നമസ്‌കാരമാണ് പതിവ്. അതുകൊണ്ട് തന്നെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടി മുടിചൂടാമന്നന്മാരായി നില്‍ക്കെ, ദുബായിലെ മൈതാനത്ത് വച്ച് മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലിയുടെ ചിത്രം അദ്ഭുതമുളവാക്കുന്നില്ല. എന്നാല്‍, എന്തുകൊണ്ടോ ആ വിജയാഹ്ലാദ സമയത്ത് അതെല്ലാവര്‍ക്കും വിനയത്തിന്റെയും ആദരവിന്റെയും സത്യസന്ധമായ പ്രണാമമായി തോന്നി.

ഷമിയുടെ കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കുന്നതിന് മുന്‍പാണ് കോലി ഷമിയുടെ അമ്മയുടെ കാല്‍ തൊട്ട് വന്ദിച്ചത്. അതിനുശേഷമാണ് താരം ഷമിയുടെ കുടുംബത്തിനൊപ്പം ചിത്രമെടുത്തത്. ഷമിയുടെ അമ്മയെ നമസ്‌കരിച്ചത് കൂടാതെ ഭാര്യ അനൂഷ്‌കയെ മത്സരശേഷം ചേര്‍ത്ത് നിര്‍ത്തുന്ന കോലിയുടെ ദൃശ്യങ്ങളും ഹിറ്റായി.

എന്തായാലും, സോഷ്യല്‍ മീഡിയയില്‍ കോലിയുടെ സുന്ദര പെരുമാറ്റം വലിയ ചര്‍ച്ചയായി. നിരവധി പേരാണ് കോലിയുടെ പെരുമാറ്റത്തെ അഭിനന്ദിച്ച് കുറിപ്പുകള്‍ ഇടുന്നത്. 'ഇതാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സൗന്ദര്യം' എന്നാണ് ഒരാള്‍ കുറിച്ചത്. കിരീട നേട്ടത്തിന് ഇത്തരം നിമിഷങ്ങള്‍ കൂടുതല്‍ അര്‍ഥം നല്‍കുന്നുവെന്നാണ് മറ്റൊരു കമന്റ്. ഇത്രയും നേട്ടം കൊയ്തിട്ടും വിരാട് കോലി എത്ര വിനയാന്വിതനാണെന്ന് മറ്റുചിലര്‍ കുറിച്ചു.




ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് 36 കാരനായ കോലിയുടെയും, 34 കാരനായ മുഹമ്മദ് ഷമിയുടെ പ്രായത്തെ കുറിച്ച് വലിയ സംവാദങ്ങളാണ്ടായി. എന്നാല്‍, പ്രതിഭയുടെ തിളക്കത്തില്‍ ഇരുവരും തങ്ങളുടേതായ മികച്ച സംഭാവനകള്‍ നല്‍കി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായാണ് കോലിയുടെ മടക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന് എതിരെ തകര്‍പ്പന്‍ സെഞ്ചുറി. സെമിയില്‍, ഓസ്‌ട്രേലിയയ്ക്ക് എതിരെ 84 റണ്‍സിന്റെ മികച്ച പ്രകടനം. മുഹമ്മദ് ഷമിയാകട്ടെ, ആവശ്യം വന്നപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് നേടി പൂര്‍ണ ഫോം കൈവരിച്ച് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.

Tags:    

Similar News