അര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145

രണ്ടാം ദിനം ഇന്ത്യ 3 ന് 145

Update: 2025-07-11 18:12 GMT

ലോര്‍ഡ്സ്:ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 242 റണ്‍സ് പിന്നിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറിയുമായി കെ.എല്‍ രാഹുലും (53*), ഋഷഭ് പന്തുമാണ് (19*) ക്രീസില്‍.പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുല്‍-പന്ത് സഖ്യം ഇതുവരെ 38 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 242 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ലഞ്ചിന് ശേഷം ഇംഗ്ലണ്ടിനെ 387 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ക്രിസ് വോക്സ് എറിഞ്ഞ ആദ്യ പന്ത് തന്ന ബൗണ്ടറി കടത്തിയ ജയ്സ്വാള്‍ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടക്കം13 റണ്‍സടിച്ചു.

എന്നാല്‍ നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ആദ്യ ടെസ്റ്റിനിറങ്ങിയ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളില്‍ പതറിയ ജയ്സ്വാള്‍ ബീറ്റണായതിന് പിന്നാലെ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങി.തിരിച്ചുവരവിലെ തന്റെ മൂന്നാം പന്തിലാണ് ആര്‍ച്ചര്‍ വിക്കറ്റെടുത്തത്.തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുല്‍ - കരുണ്‍ നായര്‍ സഖ്യം ശ്രദ്ധയോടെ സ്‌കോര്‍ ചെയ്തു. മികച്ച സ്‌കോറിലേക്ക് പോകുമെന്ന് കരുതിയ കരുണിന് പക്ഷേ ബെന്‍ സ്റ്റോക്ക്‌സിന്റെ പന്തില്‍ പിഴച്ചു. ബാറ്റിലുരസി സ്ലിപ്പിലേക്ക് പോയ പന്ത് ജോ റൂട്ട് അവിശ്വസനീയമായി കൈപ്പിടിയിലൊതുക്കി. ടെസ്റ്റില്‍ 211-ാം ക്യാച്ചോടെ റൂട്ട് റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.

പുറത്താകുമ്പോള്‍ 62 പന്തില്‍ നിന്ന് 40 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം.നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കരുതലോടെയാണ് തുടങ്ങിയത്. ഗില്ലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയതിന് പിന്നാല ക്രിസ് വോക്സ് മിന്നും ഫോമിലുള്ള ഗില്ലിനെ മടക്കി ഇന്ത്യയെ ഞെട്ടിച്ചു.ക്രിസ് വോക്സിന്റെ പന്തില്‍ ഗില്ലിനെ ജാമി സ്മിത്ത് കൈയിലൊതുക്കുകയായിരുന്നു. വിക്കറ്റിന് തൊട്ടടുത്ത് കീപ്പ് ചെയ്തായിരുന്നു സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്. പിന്നീടെത്തിയ റിഷഭ് പന്തിനെ കൈവിരലിലെ പരിക്ക് അലട്ടിയെങ്കിലും രാഹുലിനൊപ്പം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ രണ്ടാം ദിനം145 റണ്‍സിലെത്തിച്ചു.വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങിയത് ഇന്ത്യയ്ക്ക് ആശ്വാസമായി.

നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും അര്‍ധ സെഞ്ചുറി നേടിയ ജാമി സ്മിത്ത്, ബ്രൈഡന്‍ കാര്‍സ് എന്നിവരുടെയും ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഒലി പോപ്പ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രണ്ടാം ദിനം നാലിന് 251 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 136 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 74 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടു വിക്കറ്റ് വീതം നേടി.രണ്ടാം ദിനം നാലിന് 251 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറി നേടി. 192-ാം പന്തിലാണ് താരം സെഞ്ചുറി തികച്ചത്. രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് റൂട്ട് മൂന്നക്കം തികച്ചത്. താരത്തിന്റെ 37-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇന്ത്യയ്‌ക്കെതിരേ ഏഴാമത്തെ സെഞ്ചുറിയും ലോര്‍ഡ്‌സിലെ താരത്തിന്റെ എട്ടാം സെഞ്ചുറിയുമാണിത്.

പിന്നാലെ സ്‌കോര്‍ 260 എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ മടക്കി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 110 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സ്റ്റോക്ക്സ് മടങ്ങിയത്. അഞ്ചാം വിക്കറ്റില്‍ റൂട്ട് - സ്റ്റോക്ക്‌സ് സഖ്യം 88 റണ്‍സ് ചേര്‍ത്തു.പിന്നാലെ ജോ റൂട്ടിന്റെ വിക്കറ്റ് തെറിപ്പിച്ച് ബുംറ അടുത്ത തിരിച്ചടി നല്‍കി. 199 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 104 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്സിനെയും (0) ബുംറ മടക്കി. തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ പക്ഷേ സ്മിത്ത് - കാര്‍സ് സഖ്യം കരകയറ്റുന്നതാണ് പിന്നീട് കണ്ടത്.

ഇന്നിങ്സിന്റെ തുടക്കത്തില്‍ സിറാജിന്റെ പന്തില്‍ സ്മിത്ത് നല്‍കിയ ക്യാച്ച് രാഹുല്‍ നഷ്ടപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് വലിയ വിലനല്‍കേണ്ടിവന്നു.ഒടുവില്‍ 56 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സ്മിത്തിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. എട്ടാം വിക്കറ്റില്‍ ബ്രൈഡന്‍ കാര്‍സിനൊപ്പം 84 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്മിത്ത് മടങ്ങിയത്. തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറെ (4) പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് തികച്ചു. 83 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്ത കാര്‍സിനെ പുറത്താക്കി സിറാജാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ബെന്‍ ഡക്കറ്റ് (23), സാക്ക് ക്രോളി (18), ഒലി പോപ്പ് (44), ഹാരി ബ്രൂക്ക് (11) എന്നിവരുടെ വിക്കറ്റുകള്‍ ഒന്നാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

Tags:    

Similar News