തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് ഇന്ത്യ; ശുഭ്മാന്‍ ഗില്ലിനും കെ എല്‍ രാഹുലിനും അര്‍ദ്ധസെഞ്ച്വറി; സമനിലയ്ക്കായി അതിജീവിക്കേണ്ടത് ഒരു ദിനം; ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനിയും 137 റണ്‍സ്

ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനിയും 137 റണ്‍സ്

Update: 2025-07-26 18:23 GMT

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 311 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പൊരുതുന്നു.നാലാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 63 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്.ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 137 റണ്‍സ് കൂടി വേണം.അര്‍ധസെഞ്ചുറിയോടെ ശുഭ്മാന്‍ ഗില്ലും (78) കെ.എല്‍. രാഹുലും (87) ക്രീസില്‍ തുടരുന്നു.62 ഓവര്‍ ക്രീസില്‍ തുടര്‍ന്ന് ഇരുവരും ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു.

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സില്‍ 157.1 ഓവറില്‍ 669 റണ്‍സിനാണ് ഓള്‍ഔട്ടായത്.311 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ആതിഥേയര്‍ ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്.മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ജയ്സ്വാളിനെയും (0) സായ് സുദര്‍ശനെയും (0) നഷ്ടമായി.ജയ്സ്വാളിനെ റൂട്ടിന്റെ കൈകളിലേക്കും സുദര്‍ശനെ ഹാരി ബ്രൂക്കിന്റെ കൈകളിലേക്കും നല്‍കിയാണ് വോക്സ് രണ്ടാം ഇന്നിങ്സിലെ വേട്ടയ്ക്ക് തുടക്കമിട്ടത്.അക്കൗണ്ട് തുറക്കും മുന്‍പ് രണ്ടു വിക്കറ്റ് നഷ്ടമാക്കിയെങ്കിലും, അര്‍ധസെഞ്ചറികളുമായി ഗില്ലും രാഹുലും കളംനിറഞ്ഞതോടെ ഇന്ത്യ നാലാം ദിനത്തെ അതിജീവിക്കുകയായിരുന്നു.

എട്ടാം അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയ ഗില്‍ 78 റണ്‍സോടെയും കെ.എല്‍. രാഹുല്‍ 87 റണ്‍സോടെയും ക്രീസിലുണ്ട്.ഇവരുടെ അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനും ആകെ 174 റണ്‍സായി.ഇതുവരെ 210 പന്തുകള്‍ നേരിട്ട രാഹുല്‍ എട്ടു ഫോറുകള്‍ സഹിതമാണ് 87 റണ്‍സെടുത്തത്.167 പന്തുകള്‍ നേരിട്ട ശുഭ്മന്‍ ഗില്ലാകട്ടെ, 10 ഫോറുകളോടെ 78 റണ്‍സുമെടുത്തു.ഇതിനിടെ, ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍ താരമെന്ന റെക്കോര്‍ഡ് ഗില്‍ സ്വന്തമാക്കി.ഇംഗ്ലണ്ട് പര്യടനത്തില്‍ ഇത്തവണ ഗില്ലിന്റെ റണ്‍നേട്ടം 650 പിന്നിട്ടു.ഏഷ്യന്‍ ബാറ്റര്‍മാരില്‍ ഇത് റെക്കോര്‍ഡാണ്.




373 പന്തുകളാണ് ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ പ്രതിരോധിച്ചത്.മത്സരത്തിന്റെ അവസാന ദിനമായ ഞായറാഴ്ച ഇവരുടെ ചെറുത്തുനില്‍പ്പാകും ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക.ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (നാലു പന്തില്‍ പൂജ്യം), സായ് സുദര്‍ശന്‍ (ഗോള്‍ഡന്‍ ഡക്ക്) എന്നിവരാണ് പുറത്താത്.നേരത്തേ ജോ റൂട്ടിന്റെയും(150) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെയും (141) സെഞ്ചുറികളും ഓപ്പണര്‍മാരായ സാക്ക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒലീ പോപ്പ് (71) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്. സ്റ്റോക്സ് നേരത്തേ അഞ്ച് വിക്കറ്റുകളും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു.

തലേന്നാള്‍ ക്രീസില്‍ തുടര്‍ന്നിരുന്ന ലിയാം ഡോസനെ (26) ആണ് നാലാംദിനം ആദ്യം മടക്കിയയച്ചത്.ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെ ബ്രൈഡന്‍ കാര്‍സിനെ മുഹമ്മദ് സിറാജും ബെന്‍ സ്റ്റോക്സിനെ രവീന്ദ്ര ജഡേജയും മടക്കി.ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടണ്‍ സുന്ദര്‍,ബുംറ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.അരങ്ങേറ്റതാരം അന്‍ഷുല്‍ കംബോജിനും സിറാജിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.നേരത്തെ, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചറിയും നേടുന്ന ക്യാപ്റ്റനെന്ന തിളക്കമാര്‍ന്ന റെക്കോര്‍ഡുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

മറുവശത്ത് കരിയറിലാദ്യമായി ഒരു ഇന്നിങ്സില്‍ 100 റണ്‍സിലധികം വിട്ടുകൊടുത്തതിന്റെ തിളക്കമറ്റ റെക്കോര്‍ഡുമായി ഇന്ത്യന്‍ സൂപ്പര്‍താരം ജസ്പ്രീത് ബുമ്ര നിരാശപ്പെടുത്തുകയും ചെയ്തു.സ്റ്റോക്സിനു പുറമേ ജോ റൂട്ടിന്റയും സെഞ്ചറി കരുത്തുപകര്‍ന്ന ഇന്നിങ്സില്‍, 157.1 ഓവറില്‍ ഇംഗ്ലണ്ട് 669 റണ്‍സാണെടുത്തത്. 2014നു ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഇന്ത്യ 600 റണ്‍സിനു മുകളില്‍ വഴങ്ങുന്നത്.ആദ്യ ഇന്നിങ്‌സില്‍ 114.1 ഓവറില്‍ ഇന്ത്യ 358 റണ്‍സിന് പുറത്തായിരുന്നു.യശസ്വി ജയ്‌സ്വാളിന്റെയും സായ് സുദര്‍ശന്റെയും പരിക്ക് വലച്ച ഋഷഭ് പന്തിന്റെയും അര്‍ധ സെഞ്ചുറി മികവാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്.ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചുവിക്കറ്റ് വീഴ്ത്തി

Tags:    

Similar News