'കായികക്ഷമത വീണ്ടെടുക്കാനും പഴയ മികവോടെ ബോള്‍ ചെയ്യാനുമാണ് ശ്രമം; എല്ലാ ക്രിക്കറ്റ് ആരാധകരോടും ബിസിസിഐയോടും ക്ഷമ ചോദിക്കുന്നു'; തിരിച്ചുവരവ് വൈകുന്നതില്‍ ക്ഷമ ചോദിച്ച് ഷമിയുടെ കുറിപ്പ്

ജിമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയ്ക്കൊപ്പം ക്ഷമാപണസന്ദേശം

Update: 2024-10-27 16:39 GMT

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാത്തത് ചര്‍ച്ചയായിരിക്കെ ടീം ആരാധകരോടും ബി.സി.സി.ഐയോടും ക്ഷമചോദിച്ച് പേസ് ബോളര്‍ മുഹമ്മദ് ഷമി. കായികക്ഷമത പൂര്‍ണമായും വീണ്ടെടുക്കാനും പഴയ മികവോടെ ബോള്‍ ചെയ്യാനുമാണ് ശ്രമമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ജിമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയ്ക്കൊപ്പമാണ് ഷമിയുടെ ക്ഷമാപണസന്ദേശം.

പരുക്കേറ്റ് ഒരു വര്‍ഷത്തോളമായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഷമി, ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക പരമ്പരയ്ക്കു മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യത്തിലാണ് ബിസിസിഐയോടും ആരാധകരോടും ഖേദം പ്രകടിപ്പിച്ചത്. എത്രയും പെട്ടെന്ന് റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയും ഷമി പങ്കുവച്ചു.

'കഠിനാധ്വാനത്തിലൂടെ കായികക്ഷമത പ്രതിദിനം പൂര്‍ണമായും വീണ്ടെടുക്കാനും പഴയ മികവോടെ ബോള്‍ ചെയ്യാനുമാണ് ശ്രമം. സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനും ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റിന് സജ്ജമാകാനുമുള്ള ശ്രമം ഇനിയും തുടരും. എല്ലാ ക്രിക്കറ്റ് ആരാധകരോടും ബി.സി.സി.ഐയോടും ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റിന് തയ്യാറായി തിരിച്ചെത്തും. എല്ലാവരോടും സ്നേഹം', ഷമി കുറിച്ചു.

2023-ലെ ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ചത്. ഏഴ് മാച്ചുകളില്‍നിന്ന് 10.7 ശരാശരയില്‍ 5.26 ഇക്കോണമിയില്‍ 24 വിക്കറ്റുകളായിരുന്നു ഷമി നേടിയത്. ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമനായിരുന്നു ഷമി. ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഷമി ടീമില്‍ തിരിച്ചെത്തിയിരുന്നില്ല.

2023ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്നാണ് ഷമി ഒരു വര്‍ഷത്തോളമായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ലോകകപ്പ് ഫൈനലിലാണ് ഷമി ഏറ്റവും ഒടുവില്‍ കളിച്ചത്. പിന്നീട് പരുക്കുമൂലം പുറത്തായ താരം, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അന്നു മുതല്‍ െബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പരിശീലനത്തിലാണ് താരം.

കഴിഞ്ഞ ദിവസം അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിക്ക് ഇടം ലഭിച്ചിരുന്നില്ല. പരുക്കിന്റെ പിടിയില്‍നിന്ന് മുക്തനായിവരുന്ന ഷമിയെ, ടീമില്‍ തിരിച്ചെടുക്കാന്‍ അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കാതിരുന്നത് എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം ഷമി തിരിച്ചുവരവ് വൈകിയതില്‍ ക്ഷമാപണം രേഖപ്പെടുത്തിയത്.

അതേസമയം, ഷമി നവംബര്‍ ആദ്യത്തെ ആഴ്ച തന്നെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന സൂചനകളും ശക്തമാണ്. നവംബര്‍ ആറിന് ആരംഭിക്കുന്ന ബംഗാള്‍ കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തില്‍ ഷമി കളത്തിലിറങ്ങിയേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു ശേഷം മധ്യപ്രദേശിനെതിരായ ബംഗാളിന്റെ മത്സരത്തിലും ഷമി കളിക്കുമെന്നാണ് വിവരം. രഞ്ജി ട്രോഫിയിലെ പ്രകടനം തൃപ്തി നല്‍കുന്നതെങ്കില്‍ ഷമിയെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സിലക്ടര്‍മാര്‍ തയാറായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News