അഞ്ച് നായകന്മാര്‍ പടിക്ക് പുറത്ത്; മെഗാ താരലേലത്തിന് ശ്രേയസും രാഹുലും പന്തും ഇഷാനുമടക്കം സൂപ്പര്‍ താരനിര; പുതിയ ടീമിനെ ഒരുക്കാന്‍ പഞ്ചാബ് കിംഗ്സും ആര്‍സിബിയും; നിലനിര്‍ത്തിയവരില്‍ ഒന്നാമനായി ഹെന്റിച്ച് ക്ലാസന്‍
ഇത്തവണ ഏറ്റവും വലിയ താരനിബിഡമായ മെഗാലേലം
മുംബൈ: ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ അഞ്ച് നായകന്മാര്‍ 'പടിക്ക് പുറത്ത്'. കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിനെ കിരീടത്തിലെത്തിച്ച ശ്രേയസ് അയ്യര്‍ അടക്കം അഞ്ച് ക്യാപ്റ്റന്മാരാണ് സ്വന്തം ടീമിലെ സ്ഥാനം നഷ്ടമായി മെഗാ താരലേലത്തിനായി മാറ്റി നിര്‍ത്തപ്പെട്ടത്. ശ്രേയസിന് പുറമെ ഋഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്) കെ.എല്‍. രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്) ഫാഫ് ഡുപ്ലെസിസ് (ആര്‍.സിബി) സാം കരണ്‍ (പഞ്ചാബ് കിങ്‌സ്) എന്നിവരാണ് ഒഴിവാക്കപ്പെട്ട ക്യാപ്റ്റന്മാര്‍.
ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരനിബിഡമായ മെഗാലേലമായിരിക്കും ഇത്തവണത്തേതെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകള്‍ ലേല ടേബിളിലുണ്ടാവും. കഴിഞ്ഞ സീസണിലെ മൂന്ന് ക്യാപ്റ്റന്മാരാണ് ഇത്തവണ ലേലം കളറാക്കുക. ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റ് സൂപ്പര്‍ താരങ്ങളും വിദേശ താരങ്ങളും ലേലത്തിലുണ്ടാവും. രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മാത്രമാണ് ആറ് താരങ്ങളേയും നിലനിര്‍ത്തിയത്.
ലേലത്തിനെത്തുന്നതില്‍ പ്രധാനികളായ ഇന്ത്യക്കാന്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരാണ്. ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായ ഋഷഭ് പന്തിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരുന്നില്ല. പന്ത് മുന്നോട്ടുവച്ച ഡിമാന്റുകള്‍ ഡല്‍ഹിക്ക് അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് താരത്തെ കൈവിടേണ്ടിവന്നത്. പന്തിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പന്തിന് വേണ്ടി രംഗത്ത് വരും. ക്യാപ്റ്റന്‍ മെറ്റീരിയില്‍ ആണെന്നിരക്കെ കിംഗ്സ് പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരും പന്തിന് വേണ്ടി ശ്രമിച്ചാല്‍ അത്ഭുതപ്പെടാനില്ല.
കെ എല്‍ രാഹുലിനെ ആര്‍സിബി പൊക്കാന്‍ സാധ്യതയേറെയാണ്. ലഖ്നൗവിന്റെ ക്യാപ്റ്റനായ രാഹുല്‍ കരാര്‍ പുതുക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ടീം വിടുന്നത്. കഴിഞ്ഞ സീസണിനിടെ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരും രാഹുലില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് രാഹുല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം സമ്മാനിച്ച ശേഷമാണ് ശ്രേയസ് ടീം വിടുന്നത്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രേയസിനെ കൊല്‍ക്കത്ത ഒഴിവാക്കിയത്. താരം പ്രതിഫലം കൂട്ടി ചോദിച്ചിരുന്നു. എന്നാല്‍ സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്. 2022 ലെ ലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത, ശ്രേയസിനെ ടീമിലെത്തിച്ചത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലവവും. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 30.85 ശരാശരിയില്‍ 401 റണ്‍സ് നേടി. 2023 സീസണ്‍ പരിക്കിനെ തുടര്‍ന്ന് ശ്രേയസിന് നഷ്ടമായി. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത താരത്തിന്റെ പ്രതിഫലം ഉയര്‍ത്താന്‍ തയ്യാറാകാതിരുന്നതും.
മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്‍ കിഷനാണ ലേല ടേബിളിലെ മറ്റൊരു പ്രധാനി. മുംബൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ കിഷനില്ലെങ്കിലും താരത്തെ തിരിച്ചെത്തിക്കാന്‍ മുംബൈ ശ്രമം നടത്തിയേക്കും. പഞ്ചാബ് കിംഗ്സും താരത്തിന് പിന്നാലെയുണ്ടാവും. മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെല്ലാം മെഗാ ലേലത്തിന് ചൂടുപിടിപ്പിക്കും. വിദേശ താരങ്ങളായ ജോസ് ബട്ലര്‍, ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ലിയാം ലിവിംഗ്സ്റ്റണ്‍, മിച്ചല്‍ സാന്റ്നര്‍, ഫില്‍ സാള്‍ട്ട്, ജോണി ബെയര്‍സ്റ്റോ എന്നിവരെല്ലാം ഉള്‍പ്പെടുന്നത് കൂടിയായിരിക്കും മെഗലേലം.
ഒ്ന്നാമനായി ക്ലാസന്‍
ഐപിഎല്‍ താരലേലത്തിനു മുന്‍പ് നിലനിര്‍ത്തിയവരില്‍ വിലയേറിയ താരമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച് ക്ലാസന്‍ മാറിയിരുന്നു. 23 കോടി രൂപയാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ നിലനിര്‍ത്താന്‍ ഹൈദരാബാദ് മുടക്കിയ തുക. വിരാട് കോലിക്ക് ആര്‍സിബി 21 കോടി രൂപ നല്‍കും. വിവിധ ടീമുകള്‍ താരങ്ങള്‍ക്കായി മുടക്കിയതില്‍ രണ്ടാമത്തെ വലിയ തുകയാണിത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാനെ 21 കോടി രൂപ നല്‍കി നിലനിര്‍ത്തി. ലക്‌നൗ നിലനിര്‍ത്തിയ ഏക വിദേശ താരമാണ് പുരാന്‍.
അടുത്ത സീസണിലേക്ക് അഞ്ചു താരങ്ങളെ നിലനിര്‍ത്തിയ ഹൈദരാബാദ്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് 18 കോടി രൂപയാണു നല്‍കുക. ക്ലാസനെ നിലനിര്‍ത്തി ടീം ശക്തിപ്പെടുത്താനായി കമിന്‍സ് സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതു ശരി വയ്ക്കുന്നതാണ് ഹൈദരാബാദിന്റെ റിട്ടന്‍ഷന്‍ ലിസ്റ്റ്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് 14 കോടി രൂപ ലഭിക്കും. ഇന്ത്യയുടെ യുവ ബാറ്റര്‍ അഭിഷേക് ശര്‍മയെ 14 കോടിക്ക് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി. ഇന്ത്യന്‍ താരം നിതീഷ് റെഡ്ഡിക്ക് ആറു കോടിയും ലഭിക്കും.
അതേസമയം പഞ്ചാബ് കിങ്‌സ് രണ്ടു താരങ്ങളെ മാത്രമാണു ടീമില്‍ നിലനിര്‍ത്തി ഞെട്ടിച്ചു. കഴിഞ്ഞ ലേലത്തില്‍ അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ് 5.50 കോടിക്ക് പഞ്ചാബില്‍ കളിക്കും. നാലു കോടി നല്‍കി പ്രബ്‌സിമ്രന്‍ സിങ്ങിനെയും ടീം നിലനിര്‍ത്തി. ഇതോടെ പഞ്ചാബിന് പഴ്‌സില്‍ 110.5 കോടി രൂപ ബാക്കിയാണ്. കുറവു തുകയുള്ള ടീം രാജസ്ഥാന്‍ റോയല്‍സാണ്. ആറു താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന് 41 കോടി രൂപ മാത്രമാണു ബാക്കിയുള്ളത്. വിരാട് കോലിയടക്കം മൂന്ന് താരങ്ങളെ മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളായ രജത് പാട്ടീദാര്‍ (11 കോടി), പേസര്‍ യാഷ് ദയാല്‍ (അഞ്ചു കോടി) എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് പഞ്ചാബ് കിംഗ്സിനാണ്. 110.5 കോടി പഞ്ചാബിന്റെ കൈവശമുണ്ട്. ആര്‍സിബി 83 കോടിയും ഡല്‍ഹി ക്യാപിറ്റല്‍സ് 73 കോടിയും മെഗാ താരലേലത്തിനായി ബാക്കിവച്ചിട്ടുണ്ട്.
നിലനിര്‍ത്തിയ താരങ്ങളും പേഴ്‌സില്‍ ശേഷിക്കുന്നതും
രാജസ്ഥാന്‍ റോയല്‍സ്
6 താരങ്ങളെ നിലനിര്‍ത്തി: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറെല്‍ (14 കോടി), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 41 കോടി രൂപയുടെ
ആര്‍ടിഎം ഓപ്ഷനുകള്‍: 0
കൈവിട്ട പ്രമുഖര്‍: യൂസ്വേന്ദ്ര ചാഹല്‍, ജോസ് ബട്ട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍.
മുംബൈ ഇന്ത്യന്‍സ്
5 താരങ്ങളെ നിലനിര്‍ത്തി: ജസ്പ്രീത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ്മ (8 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 45 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
5 താരങ്ങളെ നിലനിര്‍ത്തി: ഹെന്റിച്ച് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 45 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
6 താരങ്ങളെ നിലനിര്‍ത്തി: റിങ്കു സിംഗ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിങ് (4 കോടി).
പേഴ്‌സില്‍ ബാക്കിയുള്ളത്: 51 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 0
കൈവിട്ട പ്രമുഖര്‍: ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട്, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
5 താരങ്ങളെ നിലനിര്‍ത്തി: റുതുരാജ് ഗെയ്ക്വാദ് (18 കോടി), മതീഷ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എംഎസ് ധോണി (4 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 55 കോടി
ആര്‍ടിഎം ഓപ്ഷന്‍: 1
കൈവിട്ട പ്രമുഖര്‍: ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ.
ഗുജറാത്ത് ടൈറ്റന്‍സ്
5 താരങ്ങളെ നിലനിര്‍ത്തി: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 69 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
5 താരങ്ങളെ നിലനിര്‍ത്തി: നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്‌സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബഡോണി (4 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 69 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 1
കൈവിട്ട പ്രമുഖര്‍: കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പാണ്ഡ്യ.
ഡല്‍ഹി കാപിറ്റല്‍സ്
4 താരങ്ങളെ നിലനിര്‍ത്തി : അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റന്‍ സ്റ്റബ്സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 73 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 2
കൈവിട്ട പ്രമുഖര്‍: റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
3 താരങ്ങളെ നിലനിര്‍ത്തി : വിരാട് കോലി (21 കോടി), രജത് പട്ടീദാര്‍ (11 കോടി), യഷ് ദയാല്‍ (5 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 83 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 3
കൈവിട്ട പ്രമുഖര്‍: ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍.
പഞ്ചാബ് കിംഗ്സ്
2 താരങ്ങളെ നിലനിര്‍ത്തി : ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്‌സിമ്രാന്‍ സിംഗ് (4 കോടി)
പേഴ്‌സില്‍ ബാക്കിയുള്ളത്: 110.5 കോടി
ആര്‍ടിഎം ഓപ്ഷനുകള്‍: 4
കൈവിട്ട പ്രമുഖര്‍: ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, സാം കറന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍.