സഞ്ജു അടുത്ത ധോണി! 'ഞാന്‍ നിങ്ങളോട് അന്നേ പറഞ്ഞതല്ലേ'; കേരളത്തിന്റെ രഞ്ജി താരമായിരിക്കെ സഞ്ജുവിനെക്കുറിച്ച് അന്ന് നടത്തിയ പ്രവചനം; 2009 നവംബറിലെ തന്റെ പഴയ ട്വീറ്റ് 'പൊടി തട്ടിയെടുത്ത്' ശശി തരൂര്‍
സഞ്ജു 'അടുത്ത ധോണി'യെന്ന് അന്ന് പറഞ്ഞു, തെളിവായി പഴയ ട്വീറ്റ്
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ബൗണ്ടറി കടത്തി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ രണ്ടാം സെഞ്ചുറി കുറിച്ച് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ശശി തരൂര്‍ എംപി. മലയാളി താരം മിന്നും പ്രകടനം തുടരുന്നതിനിടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടത്തിയ പ്രതികരണം 'പൊടിതട്ടിയെടുത്ത്' ശശി തരൂര്‍ എംപി രംഗത്ത് വന്നത്.
സഞ്ജുവിനെ എം.എസ്. ധോണിയുമായി താരതമ്യം ചെയ്ത് എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പാണ് തരൂര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. 2009 നവംബറില്‍ കേരളത്തിന്റെ രഞ്ജി താരങ്ങളായിരുന്ന രോഹന്‍ പ്രേം, 15 വയസ്സുകാരന്‍ സഞ്ജു സാംസണ്‍ എന്നിവരെ പരാമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രതികരണമാണ് തരൂര്‍ വീണ്ടും ഓര്‍മപ്പെടുത്തിയത്.
സഞ്ജു അടുത്ത ധോണിയാണെന്നും തരൂരിന്റെ കുറിപ്പിലുണ്ടായിരുന്നു.''15 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ നിങ്ങളോട് അന്നേ പറഞ്ഞതല്ലേ എന്നു പറയാന്‍ സാധിക്കുന്നത് എപ്പോഴും അദ്ഭുതകരമായ കാര്യമാണ്'' തരൂര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴെല്ലാം ശക്തമായ പിന്തുണയാണ് ശശി തരൂര്‍ താരത്തിനു നല്‍കിയിരുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ സഞ്ജു സെഞ്ചറി നേടി പുറത്താകാതെനിന്നു. 56 പന്തുകള്‍ നേരിട്ട താരം 109 റണ്‍സാണ് അടിച്ചെടുത്തത്. അവസാന അഞ്ചു ട്വന്റി20 മത്സരങ്ങള്‍ എടുത്താല്‍ മൂന്നു സെഞ്ചറികളാണ് സഞ്ജു നേടിയിട്ടുള്ളത്. നാലാം മത്സരത്തില്‍ ഇന്ത്യ 135 റണ്‍സ് വിജയവുമായി പരമ്പര 3 - 1ന് വിജയിച്ചിരുന്നു. അതിനു പിന്നാലെയാണു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക് നടത്തിയ പരാമര്‍ശവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20യില്‍ തന്റെ രണ്ടാം സെഞ്ചുറി നേടിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ച ഋഷഭ് പന്തുമായാണ് താരതമ്യം ചെയ്തത്.
കരിയറില്‍ 76 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ഋഷഭ് പന്തിന് ഒരു സെഞ്ചുറി പോലും ഇതുവരെ നേടാനായിട്ടില്ല. എന്നാല്‍ ഋഷഭ് പന്തിന്റെ പകുതി മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ മൂന്ന് സെഞ്ചുറികള്‍ നേടി. അതും അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍. ഋഷഭ് പന്തില്‍ ഇരട്ടിപ്രഹരശേഷിയുള്ള കളിക്കാരനാണ് സഞ്ജുവെന്നത് രണ്ട് കണ്ണും തുറന്നു കാണുന്ന ആര്‍ക്കും മനസിലാവും. എന്നിട്ടും സെലക്ടര്‍മാര്‍ എങ്ങനെ ഋഷഭ് പന്തിനെ പിന്തുണച്ചുവെന്നായിരുന്നു പൊള്ളോക്ക് കമന്ററിയില്‍ പറഞ്ഞത്.
ട്വന്റി 20 ക്രിക്കറ്റില്‍ 76 മത്സരങ്ങള്‍ കളിച്ച ഋഷഭ് പന്ത് 23.25 ശരാശരിയില്‍ 1209 റണ്‍സടിച്ചപ്പോള്‍ 127.4 മാത്രമാണ് പ്രഹരശേഷി. മൂന്ന് അര്‍ധസെഞ്ചുറികളാണ് ഇതുവരെ പന്ത് നേടിയത്. എന്നാല്‍ 37 ടി20 മത്സരങ്ങള്‍ കളിച്ച സഞജുവാകട്ടെ 155.2 പ്രഹരശേഷിയില്‍ മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 810 റണ്‍സടിച്ചു. ടി20 ക്രിക്കറ്റില്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ സൂര്യകുമാര്‍ യാദവ് നാലു സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും 78 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായിരുന്നിട്ടും അഞ്ച് സെഞ്ചുറികള്‍ തികയ്ക്കാന്‍ 159 മത്സരങ്ങള്‍ കളിച്ചിരുന്നു. സൂര്യ കളിച്ചതിന്റെ പകുതിയും രോഹിത് കളിച്ചതിന്റെ അഞ്ചിലൊന്ന് മത്സരവും കളിച്ചാണ് സഞ്ജു റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതെന്നും എന്നിട്ടും സഞ്ജുവിന്റെ സ്ഥിരതയാണ് ചിലര്‍ക്ക് പ്രശ്‌നമെന്നും ആരാധകര്‍ പറയുന്നു.