'ഷോയ്ബ് അക്തറിന്റെ പന്ത് വാരിയെല്ലില്‍ കൊണ്ടു; ഞാന്‍ ആ ശബ്ദം കേട്ടിരുന്നു; പ്രശ്‌നമുണ്ടോയെന്ന് ഞാന്‍ സച്ചിനോട് ചോദിച്ചു; ഒന്നുമില്ലെന്നായിരുന്നു മറുപടി; പിറ്റേന്ന് വാരിയെല്ലില്‍ രണ്ട് പൊട്ടലുകള്‍ കണ്ടെത്തി'; ഏറ്റവും ആരാധിക്കുന്ന വ്യക്തി സച്ചിനെന്ന് സൗരവ് ഗാംഗുലി

ഏറ്റവും ആരാധിക്കുന്ന വ്യക്തി സച്ചിനെന്ന് സൗരവ് ഗാംഗുലി

Update: 2024-11-18 18:21 GMT

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു സൗരവ് ഗാംഗുലി-സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സഖ്യം . ദീര്‍ഘകാലമാണ് ഇരുവരും ഇന്ത്യന്‍ കുപ്പായത്തില്‍ ഒരുമിച്ച് കളിച്ചത്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അധികമാരും കേട്ടിട്ടില്ലാത്ത ഒരു അനുഭവ കഥ വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ജീവിച്ചിരിക്കുന്നതില്‍ താന്‍ ഏറ്റവും ആരാധിക്കുന്ന ഒരു വ്യക്തിയുടെ പേര് പറയാന്‍ ഗാംഗുലിയോട് ആവശ്യപ്പെട്ടിരുന്നു. സച്ചിനെന്നാണ് ഗാംഗുലി മറുപടി നല്‍കിയത്. സച്ചിനോടുള്ള ബഹുമാനം വര്‍ദ്ധിക്കാന്‍ ഇടയാക്കിയ സംഭവവും ഗാംഗുലി ഇതോടൊപ്പം വിവരിച്ചു.

''സച്ചിന്‍. അവന്‍ സ്‌പെഷ്യല്‍ ആയിരുന്നു. ഞാന്‍ അവനെ അടുത്ത് അറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍ പേസര്‍ ഷോയ്ബ് അക്തറിന്റെ പന്ത് അവന്റെ വാരിയെല്ലില്‍ കൊണ്ടിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ നിലവിളിക്കുകയോ അസ്വസ്ഥനാവുകയോ ചെയ്തില്ല. ഇന്ത്യക്കായി ബാറ്റിംഗ് തുടര്‍ന്നു. ഞാന്‍ പന്ത് ശരീരത്തില്‍ ഇടിച്ച ശബ്ദം കേട്ടിരുന്നു. പ്രശ്നമുണ്ടോ എന്നുചോദിച്ചപ്പോള്‍ അവന്‍ ഒന്നുമില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ പിറ്റേന്ന് വാരിയെല്ലില്‍ രണ്ട് പൊട്ടലുകളുണ്ടായിരുന്നു,''ഗാംഗുലി പറഞ്ഞു. അധികമാര്‍ക്കും അറിയാത്ത ഈ സംഭവം സച്ചിന്റെ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

1996ല്‍ ലോഡ്‌സിലെ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്‍ സഹായിച്ച കാര്യവും ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ലോഡ്‌സില്‍ ഗാംഗുലി തകര്‍പ്പന്‍ സെഞ്ചുറിയടിച്ച് നില്‍ക്കവെ മത്സരം ചായയ്ക്ക് പിരിഞ്ഞു. എന്നാല്‍ ചായ കുടിക്കുന്നതിനിടെയാണ് തന്റെ ബാറ്റിന്റെ പിടി പൊട്ടിയ കാര്യം ഗാംഗുലി ശ്രദ്ധിക്കുന്നത്. 15 മിനുറ്റ് മാത്രമുള്ള ഇടവേളയില്‍ വിശ്രമിക്കാന്‍ പോലും സമയമില്ലാത്തപ്പോള്‍ ദാദ ആകെ അങ്കലാപ്പിലായി. എന്നാല്‍ ഗാംഗുലിയോട് ചായ കുടിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെട്ട സച്ചിന്‍ ബാറ്റ് ടേപ്പ് ഒട്ടിച്ച് ശരിയാക്കി നല്‍കുകയായിരുന്നു.

തങ്ങളുടെ ശക്തമായ ബാറ്റിംഗ് പ്രകടനങ്ങളിലൂട ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തയ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് സച്ചിനും ഗാംഗുലിയും. ഗാംഗുലി നായകനായിരിക്കെ തന്നെ സച്ചിന്‍ ഇന്ത്യക്ക് വേണ്ടി നിരവധി മാച്ച്-വിന്നിംഗ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഗാംഗുലിയുടെ കീഴില്‍ 2003 ലോകകപ്പ് ഫൈനല്‍ വരെയെത്തിയ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. അതേ ടൂര്‍ണമെന്റില്‍ 673 റണ്‍സെടുത്ത സച്ചിന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമായിരുന്നു.

Tags:    

Similar News