രോഹിത്തിന് 'ഫോമിലെത്താന്‍' പുറത്തിരുത്തിയത് സെഞ്ച്വറിയടിച്ച 17 കാരനെ; ടീമില്‍ ഇടം നഷ്ടമായതില്‍ വിഷമമില്ല; ഹിറ്റ്മാനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടതിന്റെ ആഹ്ലാദത്തില്‍ ആയുഷ് മാത്രേ; ഹൃദയഹാരിയായ കുറിപ്പും

ഹിറ്റ്മാനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടതിന്റെ ആഹ്ലാദത്തില്‍ ആയുഷ് മാത്രേ

Update: 2025-01-25 14:18 GMT

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ കൂടിയായ നായകന്‍ രോഹിത് ശര്‍മ ഫോമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രഞ്ജി ട്രോഫി കളിയ്ക്കാന്‍ തയ്യാറായത്. രോഹിത് മുംബൈ ടീമിലേക്കെത്തിയപ്പോള്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായത് കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച ആയുഷ് മാത്രേക്കായിരുന്നു.

17കാരനായ ആയുഷ് സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 40.09 ശരാശരിയില്‍ 441 റണ്‍സ് നേടി മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവച്ചത്. എന്നാല്‍ ബിസിസിഐ നിര്‍ദ്ദേശപ്രകാരം രഞ്ജി കളിക്കാന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ടീമിലെത്തിയതോടെ എത്തിയതോടെ ആയുഷിന് റിസര്‍വ് ബെഞ്ചിലേക്ക് മടങ്ങേണ്ടി വന്നു.

ടീമില്‍ ഇടം നഷ്ടമായതിലുള്ള വിഷമത്തെക്കാളുപരി കുട്ടിക്കാലം മുതല്‍ താന്‍ ആരാധിക്കുന്ന ഹിറ്റ്മാനുമൊത്ത് ഡ്രസ്സിംഗ് റൂം പങ്കിടാനായ സന്തോഷത്തിലാണ് ആയുഷ്. ഇന്‍സ്റ്റഗ്രാമില്‍ രോഹിതിനൊപ്പമുള്ള ചിത്രം പങ്കിട്ട ആയുഷ് ഹൃദയഹാരിയായ കുറിപ്പും അതിനൊപ്പം ചേര്‍ത്തു.

''രോഹിത്ത് ബാറ്റ് ചെയ്യുന്നത് ടെലിവിഷനില്‍ കണ്ടാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. എന്താ ആരാധനാപാത്രത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായത് അവിശ്വസനീയമായ നിമിഷമായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കര്യങ്ങള്‍ പഠിക്കാനുണ്ട്,'' ആയുഷ് കുറിച്ചു.

മുംബൈയുടെ അവസാന രഞ്ജി ട്രോഫി മത്സരത്തില്‍ സര്‍വീസസിനെതിരെ 116 റണ്‍സാണ് മഹാരെ നേടിയത്. ലിസ്റ്റ് എയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 65.42 ശരാശരിയില്‍ 458 റണ്‍സ് നേടിയ അദ്ദേഹം വൈറ്റ്-ബോള്‍ ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

അതേ സമയം മുംബൈക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങിയ രോഹിത്തിന് ആദ്യ ഇന്നിംഗ്‌സില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ജമ്മു കാശ്മീരിനെതിരായ മത്സരത്തില്‍ മുംബൈ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

10 വര്‍ഷത്തിനുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ഓപ്പണറായ യശസ്വി ജയ്‌സ്വാളും ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യാ രഹാനെയും ശ്രേയസ് അയ്യരും ശിവം ദുബെയും എല്ലാം അടങ്ങിയ മിനി ഇന്ത്യന്‍ ടീമായ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ അഞ്ച് വിക്കറ്റിനാണ് ജമ്മു കശ്മീര്‍ തകര്‍ത്തെറിഞ്ഞത്. സ്‌കോര്‍ മുംബൈ 120, 290, ജമ്മു കശ്മീര്‍ 206, 207-5.

രണ്ടാം ഇന്നിംഗ്‌സില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ പൊരുതി നേടിയ സെഞ്ചുറിയുടെയും തനുഷ് കൊടിയാന്‍ നേടിയ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മുംബൈ മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യം ജമ്മു കശ്മീര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 45 റണ്‍സെടുത്ത ശുഭം ഖജൂരിയായാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍. യാവര്‍ ഹസന്‍(24), വിവ്രാന്ത് ശര്‍മ(38), അബ്ദുള്‍ സമദ്(24), ആബിജ് മുഷ്താഖ്(32*), കനയ്യ വധ്വാന്‍(19*) എന്നിവരുടെ മികച്ച പ്രകടനമാണ് ജമ്മു കശ്‌നമിരിന്റെ വിജയം സാധ്യമാക്കിയത്.

Tags:    

Similar News