മിഡ്വിക്കറ്റില്‍ മുന്നോട്ടു ഡൈവ് ചെയ്‌തെങ്കിലും പന്ത് നിലത്തുതട്ടി; ക്യാച്ചല്ലെന്ന് അംപയറിനോടു തുറന്നു സമ്മതിച്ച് ശുഭ്മാന്‍ ഗില്‍; യുവതാരത്തെ അഭിനന്ദിച്ച് കമന്ററി ബോക്‌സില്‍ വസിം അക്രം
അംപയറിനെ 'സഹായിച്ച്' ഗില്‍, അഭിനന്ദിച്ച് അക്രം
ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിനിടെ, ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ സത്യസന്ധതയെ അഭിനനന്ദിച്ച് പാക്കിസ്ഥാന്റെ ഇതിഹാസ താരം വസിം അക്രം. മത്സരത്തിനിടെ താന്‍ കയ്യിലൊതുക്കിയ പന്ത് ശരിക്കും ക്യാച്ചല്ലെന്ന് അംപയറിനോടു തുറന്നു സമ്മതിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ്, കമന്ററി ബോക്‌സിലുണ്ടായിരുന്ന വസിം അക്രം അഭിനന്ദിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ 28ാം ഓവര്‍ ബോള്‍ ചെയ്തത് ഇന്ത്യയുടെ വെറ്ററന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി. ഈ ഓവറിലെ ആദ്യ പന്തു നേരിട്ടത് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ മുഹമ്മദ് റിസ്വാനും.
ഓഫ്‌സൈഡിനു പുറത്തുവന്ന ലെങ്ത് പന്ത് പുള്‍ഷോട്ടിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച റിസ്വാന് ഉദ്ദേശിച്ച രീതിയില്‍ പന്ത് കണക്ട് ചെയ്യാനായില്ല. ഫലം, മിഡ്വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശുഭ്മന്‍ ഗില്ലിനു തൊട്ടുമുന്നിലേക്കാണ് പന്തു വീണത്. മുന്നോട്ടു ഡൈവ് ചെയ്ത ഗില്‍ പന്ത് കയ്യിലൊതുക്കിയെങ്കിലും, അതിനു മുന്‍പേ നിലത്ത് സ്പര്‍ശിച്ചതായി അംപയറിനെ അറിയിക്കുകയായിരുന്നു.
ഗില്ലിന്റെ ഈ പ്രവര്‍ത്തിയാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന അക്രത്തെ ആകര്‍ഷിച്ചത്. 'ഗുഡ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്' എന്ന് അദ്ദേഹം കമന്ററിക്കിടെ തന്നെ ഗില്ലിനെ അനുമോദിക്കുകയും ചെയ്തു.
ഏകദിനത്തില്‍ സമീപകാലത്ത് മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്‍, ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ കൂടിയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടയ്ക്ക് കളത്തില്‍നിന്ന് കയറിയപ്പോള്‍, പകരം ടീമിനെ നയിച്ചതും ശുഭ്മന്‍ ഗില്‍ തന്നെ. ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു.