സിക്സറടിച്ച് മിന്നും സെഞ്ചുറി; വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടിയുമായി കെ എല്‍ രാഹുല്‍; ഗില്ലിന്റെ അര്‍ധ സെഞ്ചുറിയും; രാജ്‌കോട്ടില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം
രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം. രാജ്കോട്ട്, നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി.
കെയ്ല്‍ ജമൈസണെ സിക്‌സര്‍ പറത്തി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്‌സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്തു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. അതേസമയം ഇന്ത്യയെ കീഴടക്കി പരമ്പരയില്‍ ഒപ്പമെത്താനാകും കിവീസിന്റെ ശ്രമം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മുന്നിലാണ്.
നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യത്ത് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.2 ഓവറില്‍ 70 റണ്‍സടിച്ചു. 24 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെടുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ ഗില്ലിനൊപ്പം 70 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ശുഭ്മാന്‍ ഗില്‍ (56) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്സും ഒമ്പത് ഫോറും നേടി.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (8) നിരാശപ്പെടുത്തി. 22-ാം ഓവറില്‍ ക്ലാര്‍ക്കിന്റെ പന്തില്‍ മിഡ് ഓഫില്‍ മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പവലിയനില്‍ തിരിച്ചെത്തുന്നത്. പിന്നീട് 24-ാം ഓവര്‍ എറിയാനെത്തിയ ക്ലാാര്‍ക്ക് മൂന്നാം പന്തില്‍ കോലിയെ ബൗള്‍ഡാക്കി. ഇതോടെ നാലിന് 118 റണ്‍സെന്ന നിലയിലായി ഇന്ത്യ. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 27 റണ്‍സെടുത്ത ജഡേജയെ ബ്രേസ്വെല്‍ മടക്കി. ഒരറ്റത്ത് രാഹുല്‍ ഉറച്ചു നിന്നെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയും(20) ഹര്‍ഷിത് റാണയും(2) അവസാന ഓവറുകളിലെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ വീണു.
ജാമിസണ്‍ എറിഞ്ഞ 49-ാം ഓവറിലെ അവസാനപന്ത് അതിര്‍ത്തികടത്തി രാഹുല്‍ സെഞ്ചുറി തികച്ചു. താരത്തിന്റെ എട്ടാം ഏകദിനസെഞ്ചുറിയാണിത്. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 284 റണ്‍സിലെത്തിച്ചത്. രാഹുല്‍ 92 പന്തില്‍ നിന്ന് 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 11 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പുതുമുഖം ആയുഷ് ബദോനി, ധ്രുവ് ജുറല്‍ എന്നിവരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫൗള്‍ക്സ്, ജെയ്ഡന്‍ ലെനോക്സ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്.
ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ശുഭ്മാന്‍ ഗില്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
